12 ലക്ഷത്തില്‍ ഒതുങ്ങുന്നതല്ല കന്യാസ്ത്രീകളുടെ ദുരിതപര്‍വ്വം.
വൈദികന്റെ പീഡനശ്രമം ചെറുത്തതിന് സഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് സമരം പ്രഖ്യാപിച്ച കന്യാസ്ത്രീക്ക് പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി പ്രശ്‌നത്തിന് താല്‍ക്കാലിക വിരാമമിടാന്‍ സഭക്കു കഴിഞ്ഞു. പണം വാങ്ങിയ കന്യാസ്ത്രീ സഭാവസ്ത്രം തിരിച്ചു കൊടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും തയ്യാറായി. എന്നാല്‍ 12 ലക്ഷത്തില്‍ ഒതുങ്ങുന്നതല്ല കന്യാസ്ത്രീകളുടെ ദുരിതപര്‍വ്വം. സഭയില്‍ നേരിടുന്ന പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തുവരുമെന്നാണ് സൂചന. അങ്ങനെ വരുന്നവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഫാ. പോള്‍ തേലേക്കാട്ടിന്റെ സാന്നിദ്ധ്യത്തില്‍ ഏതാനും ദിവസം […]
വൈദികന്റെ പീഡനശ്രമം ചെറുത്തതിന് സഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് സമരം പ്രഖ്യാപിച്ച കന്യാസ്ത്രീക്ക് പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി പ്രശ്‌നത്തിന് താല്‍ക്കാലിക വിരാമമിടാന്‍ സഭക്കു കഴിഞ്ഞു. പണം വാങ്ങിയ കന്യാസ്ത്രീ സഭാവസ്ത്രം തിരിച്ചു കൊടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും തയ്യാറായി. എന്നാല്‍ 12 ലക്ഷത്തില്‍ ഒതുങ്ങുന്നതല്ല കന്യാസ്ത്രീകളുടെ ദുരിതപര്‍വ്വം. സഭയില്‍ നേരിടുന്ന പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തുവരുമെന്നാണ് സൂചന. അങ്ങനെ വരുന്നവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഫാ. പോള്‍ തേലേക്കാട്ടിന്റെ സാന്നിദ്ധ്യത്തില്‍ ഏതാനും ദിവസം മുമ്പ് തോട്ടയ്ക്കാട്ടുകര സ്‌നേഹപുരം പള്ളിയില്‍ നടത്തിയ ചര്‍ച്ചയിലാണ് കണ്ണൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ അനിറ്റ നഷ്ടപരിഹാരം വാങ്ങി സംഭവമവസാനിപ്പിക്കാന്‍ തയ്യാറായത്. കന്യാസ്ത്രീയെ പുറത്താക്കിയ ആലുവ തോട്ടയ്ക്കാട്ടുകരയിലെ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ആഗാത്ത കോണ്‍വെന്റിന് കീഴിലുള്ള പ്രൊവിഡന്‍സ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ അനിതാമ്മ നഷ്ടപരിഹാരം നല്‍കി. ധാരണയുടെ വിവരങ്ങള്‍ മാദ്ധ്യമങ്ങളുമായി പങ്കിടരുതെന്നാണ് വ്യവസ്ഥ.
ഇറ്റലി ജനോവ ആസ്ഥാനമായുള്ള സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ആഗാത്ത കോണ്‍വെന്റില്‍ 13 വര്‍ഷമായി കന്യാസ്ത്രീയായിരുന്ന സിസ്റ്റര്‍ അനിറ്റയെ ഒന്നര മാസം മുമ്പാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. ഫെബ്രുരി 14ന് ആലുവയിലെ കോണ്‍വെന്റിലും പ്രവേശിപ്പിക്കാതെ പത്ത് മണിക്കൂറോളം പുറത്തുനിറുത്തുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ആലുവ ജനസേവയില്‍ സംരക്ഷണം നല്‍കിയത്.
മദ്ധ്യപ്രദേശിലെ പഞ്ചാറിലെ കോണ്‍വെന്റില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെ ഇടുക്കി സ്വദേശിയായ വൈദികനാണ് ഇവര്‍ക്കെതിരെ പീഡനശ്രമം നടത്തിയത്. കോണ്‍വെന്റിനോട് ചേര്‍ന്നുള്ള പള്ളിയിലെ ധ്യാനഗുരുവുമാണ് വൈദികന്‍. സംഭവം പുറത്തുപറഞ്ഞില്ലെങ്കിലും വികാരി മദര്‍ സൂപ്പീരിയറെ സ്വാധീനിച്ച് കന്യാസ്ത്രീയെ ഇറ്റലിയിലേക്ക് വിടുകയായിരുന്നു. രണ്ട് വര്‍ഷത്തോളം അവിടെ അദ്ധ്യാപികയായി ജോലി ചെയ്തു. കഴിഞ്ഞ ജനുവരി ഒന്നിനാണ് തിരുവസ്ത്രം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങണമെന്ന നിര്‍ദ്ദേശം ജനറല്‍ സൂപ്പീരിയര്‍ അറിയിച്ചത്. കാരണം വ്യക്തമാക്കണമെന്ന് പറഞ്ഞപ്പോള്‍ ശകാരിക്കുകയായിരുന്നു.
തുടര്‍ന്ന് സിസ്റ്റര്‍ പത്രസമ്മേളനം നടത്തി നിരാഹാര സമരം പ്രഖ്യാപിക്കുകയായിരുന്നു. ഈസ്റ്ററിനു ശേഷം നിരാഹാസമരമാരംഭിക്കാനിരിക്കെയാണ് സംഭവം 12 ലക്ഷത്തിന് ഒത്തുതീര്‍ത്തത്. ഇറ്റലിയില്‍ തന്നെകൊണ്ട് അടുക്കളജോലിയും ബാത്ത്‌റൂം ക്‌ളീനിങ്ങും അടക്കം ചെയ്യിക്കുകയും സന്യസ്ത ജീവിതം ഉപേക്ഷിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും സിസ്റ്റര്‍ പറഞ്ഞു. ഭീഷണിക്ക് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് ഭക്ഷണം തരാതെയും മറ്റും പീഡിപ്പിച്ചു. പിന്നീട് കൊച്ചിയിലേക്ക് കയറ്റിവിട്ടു. ആലുവയിലെ മഠത്തിലത്തെിയെങ്കിലും അകത്ത് കയറ്റിയില്ല. രാത്രി എട്ടോടെ നാട്ടുകാര്‍ ഇടപെട്ടായിരുന്നു ജനസേവ ശിശുഭവനില്‍ ആക്കിയത്.
സത്യത്തില്‍ ലോകത്ത് ഏറ്റവും പീഡിപ്പിക്കപ്പെടുന്ന വിഭാഗമാണ് കന്യാസ്ത്രീകള്‍. സ്വന്തം ഇഷ്ടത്തിനല്ല ഭൂരിഭാഗവും കന്യാസ്ത്രീയാകുന്നത്. ദാരിദ്ര്യം മൂലവും സ്ത്രീധനത്തെ ഭയന്നും മാതാപിതാക്കളാണ് മക്കളെ കര്‍ത്താവിന് വി്ടടുകൊടുക്കുന്നത്. അതും തിരിച്ചറിവുപോലുമില്ലാത്ത പ്രായത്തില്‍. പിന്നെ ആരാരും ചോദിക്കാനില്ലാത്ത അനാഥാലയങ്ങലില്‍ നിന്നുമാണ് കുട്ടികള്‍ കന്യാസ്ത്രീമാരാകുന്നത്. മക്കളില്‍ ഒരാളെ കര്‍ത്താവിന് വിട്ടുകൊടുക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും വേണമെന്നാണ് സഭ പറയുന്നത്. അത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നത് മറച്ചുവെച്ചാണ് മാതാപിതാക്കളോട് ഇത്തരത്തില്‍ ആഹ്വാനം ചെയ്യുന്നത്. കന്യാസ്ത്രീയാകാന്‍ തീരുമാനിച്ചവരുടെ പിന്നീടുള്ള ജീവിതമെന്തെന്നറിയാന്‍ അവരോട് രഹസ്യമായി ചോദിച്ചാല്‍ മതി. ഒരുപക്ഷെ ഏറ്റവും വലിയ അടിമത്തം അതല്ലാതെ മറ്റൊന്നുമല്ല. സാമ്പത്തികചൂഷണം മുതല്‍ ലൈംഗിക ചൂഷണം വരെ അതിലുള്‍പ്പെടുന്നു. അപൂര്‍വ്വമായെങ്കിലും ആ ചങ്ങലകള്‍ തകര്‍ത്ത് പുറത്തുവന്നവര്‍ അതിന്റെ വിശദാംശങ്ങള്‍ സമൂഹത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ടല്ലോ. സിസ്റ്റര്‍ ജസ്മി അത് പുസ്തകമാക്കുകയും ചെയ്തു. കോളേജ് പ്രിന്‍സിപ്പാളായി തൊഴിലെടുക്കുന്നവരുടെ പോലും മുഴുവന്‍ വേതനവും സഭക്കു നല്‍കണം.10 രൂപപോലും വേണമെങ്കില്‍ ഔദാര്യത്തിനായി കാത്തുനില്‍ക്കണം. തൊഴിലില്ലാത്തവരുടെ കാര്യം പറയാനുമില്ലല്ലോ. അപ്പോഴും ഉരുക്കുമതില്‍ എല്ലാറ്റിനേയും മറച്ചുവെക്കുന്നു. ആ മതിലിനു കാവല്‍ രാഷ്ട്രീയനേതാക്കള്‍ മുതല്‍ ആത്മീയ ഗുരുക്കള്‍ വരെയാണല്ലോ. അല്ലെങ്കില്‍ അഭയ കേസ് ഇത്രയും നീളുമായിരുന്നില്ലല്ലോ. ഫെമിനിസ്റ്റുകളുടെ അജണ്ടയില്‍ പോലുമില്ലാത്തവരായി കന്യാസ്ത്രീ വിഭാഗം മാറിയിരിക്കുന്നു.
ഇതോടൊപ്പം ഉയര്‍ന്നു വരുന്ന പ്രശ്‌നമാണ് പുരോഹിതരുടെ ബ്രഹ്മചര്യം. ളോഹയണിഞ്ഞ്, കുഞ്ഞാടുകള്‍ക്കായി ബ്രഹ്മചാരികളായി ജീവിക്കുന്നു എന്നവകാശപ്പെടുന്ന എത്രയോ പുരോഹിതര്‍ ലോകമെങ്ങും സ്ത്രീപീഡന കേസുകളില്‍ പ്രതികളായിരിക്കുന്നു. സഭ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഇതെന്ന് വത്തിക്കാന്‍ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. കേരളത്തില്‍തന്നെ ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ വൈദികന്‍ ഒമ്പതുവയസുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവം നടന്ന് അധികം ദിവസമായില്ലല്ലോ. ലോകത്തെല്ലായിടത്തുനിന്നും പുരോഹിതരുടെ നിര്‍ബന്ധിത സ്വവര്‍ഗ്ഗരതിയടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. പോപ്പടക്കമുള്ള മതമേലധ്യക്ഷന്മാര്‍ നിരന്തരമായി ഇത്തരം സംഭവങ്ങളില്‍ മാപ്പപേക്ഷിക്കാറുണ്ട്. എന്നാല്‍ മാപ്പുകൊണ്ട് തീരുന്ന സംഭവമല്ലിത്. സഭക്കുള്ളില്‍ എന്തെങ്കിലും നടപടിയെടുത്ത് പ്രശ്‌നമവസാനിപ്പിക്കുന്നതും ശരിയല്ല. സ്ത്രീപീഡനം നടത്തുന്ന പുരോഹിതരെ അതാതു രാജ്യങ്ങളിലെ നിയമപ്രകാരം ശിക്ഷിക്കുകയാണ് വേണ്ടത്. അതില്‍ നിന്ന് സഭ പലപ്പോഴും ഒളിച്ചോടുന്നു. അവരെ സംരക്ഷിക്കുന്നു.
സഭയോടുള്ള പ്രതിബദ്ധത നിലനിര്‍ത്താനാണ് അച്ചന്മാര്‍ വിവാഹിതരാകരുതെന്ന് സഭ നിഷ്‌കര്‍ഷിക്കുന്നത്. ആ നിലപാടുതന്നെ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പല സഭകളും അതു തിരുത്തിയിട്ടുണ്ട്. വിവാഹം കഴിച്ചാല്‍ പീഡനമില്ലാതാകുമെന്നല്ല പറയുന്നത്. പക്ഷെ ആദ്യപടിയായി അതെങ്കിലും അനിവാര്യമാണ്.
അതിനിടെ സഭയില്‍ നിന്ന് പുറത്തുവരുന്നവര്‍ക്ക് അഭയം നല്‍കാനും അവരുടെ അവകാശങ്ങള്‍ക്കായി പോരാടാനും കേരള കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് ശ്രമം തുടങ്ങിയിട്ടുണ്ട്. സിസ്റ്റര്‍ അനിറ്റ സംഭവമാണ് അതിന് നിമിത്തമായത്. അതിന്റെ ഭാഗമായി പലപ്പോഴായി തിരുവസ്ത്രമുപേക്ഷച്ചവര്‍ കൊച്ചിയില്‍ യോഗം ചേരുകയുണ്ടായി. തങ്ങളുടെ ദുരിതാനുഭവങ്ങള്‍ അവര്‍ വിവരിച്ചു. പലരും ഇപ്പോള്‍ വിവാഹിതരാണ്. പലരും ഇപ്പോഴും സമൂഹത്തില്‍ ബഹിഷ്‌കൃതരായി ജീവിക്കുന്നു. ഇവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും സഭക്കുള്ളില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി. അതിനിടയിലാണ് സിസ്റ്റര്‍ അനിറ്റ ഒത്തുതീര്‍പ്പിനൊരുങ്ങിയത്. എങ്കിലും തങ്ങളുടെ പ്രവര്‍ത്തന പദ്ധതിയുമായി മുന്നോട്ടുപോകാനാണ് മൂവ്‌മെന്റിന്റെ തീരുമാനം. അതുമായി സഹകരിക്കുകയാണ് മനുഷ്യസ്‌നേഹികള്‍ ചെയ്യേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in