സവര്‍ണ കുഞ്ഞാടുകളേ, ഇനിയും നിങ്ങള്‍ കള്ളം പറയരുത്
ജോഫിന്‍ മണിമല നമ്പൂതിരി മാമോദീസ മുങ്ങി രക്ഷിക്കപ്പെട്ട പാരമ്പര്യം അവകാശപ്പെടുന്ന, സീറോ മലബാര്‍ കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചതും വളര്‍ന്നതും.. നായര്‍, ഈഴവ വിഭാഗത്തിലുള്ള ഹിന്ദുക്കളും ഒന്നോ രണ്ടോ മുസ്‌ളീം കുടുംബങ്ങളും ദളിതരും അടങ്ങിയ ഭൂപ്രദേശത്തില്‍ മജോറിറ്റിയും പ്രബലത്വവും കത്തോലിക്കര്‍ക്കുതന്നെ.. ക്രിസ്ത്യന്‍ മതത്തിലെ വരേണ്യര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇക്കൂട്ടരുടെ ജാതിവിദ്വേഷം അങ്ങനെയൊന്നും പുറമേ കാണില്ല. എന്നാല്‍ ഞാന്‍ മനസിലാക്കിയത് നല്ലൊന്നാംതരം വര്‍ണവെറിയും ജാതിവെറിയും ദളിത് വിരുദ്ധതയും കൊണ്ടുനടക്കുന്നവരാണ് ഇവര്‍ എന്നുതന്നെയാണ്. ജനനം മുതല്‍ പരിശീലിപ്പിക്കപ്പെടുന്ന പാട്രിയര്‍ക്കിയുടെ ഹയരാര്‍ക്കിയല്‍ […]
നമ്പൂതിരി മാമോദീസ മുങ്ങി രക്ഷിക്കപ്പെട്ട പാരമ്പര്യം അവകാശപ്പെടുന്ന, സീറോ മലബാര്‍ കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചതും വളര്‍ന്നതും.. നായര്‍, ഈഴവ വിഭാഗത്തിലുള്ള ഹിന്ദുക്കളും ഒന്നോ രണ്ടോ മുസ്‌ളീം കുടുംബങ്ങളും ദളിതരും അടങ്ങിയ ഭൂപ്രദേശത്തില്‍ മജോറിറ്റിയും പ്രബലത്വവും കത്തോലിക്കര്‍ക്കുതന്നെ.. ക്രിസ്ത്യന്‍ മതത്തിലെ വരേണ്യര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇക്കൂട്ടരുടെ ജാതിവിദ്വേഷം അങ്ങനെയൊന്നും പുറമേ കാണില്ല. എന്നാല്‍ ഞാന്‍ മനസിലാക്കിയത് നല്ലൊന്നാംതരം വര്‍ണവെറിയും ജാതിവെറിയും ദളിത് വിരുദ്ധതയും കൊണ്ടുനടക്കുന്നവരാണ് ഇവര്‍ എന്നുതന്നെയാണ്. ജനനം മുതല്‍ പരിശീലിപ്പിക്കപ്പെടുന്ന പാട്രിയര്‍ക്കിയുടെ ഹയരാര്‍ക്കിയല്‍ ബോധമാണ് ഇതിങ്ങനെ തുടര്‍ന്നുപോകുന്നതിന്റെ കാരണം.
വീടിനടുത്ത് നന്നായി പഠിക്കുന്ന, നല്ല പൊതുവിജ്ഞാനമുള്ള, നല്ല വായനയുള്ള ഒരു ചേട്ടനുണ്ടായിരുന്നു. ചേട്ടന്റെ അത്രയും പൊതുവിജ്ഞാനവും അറിവുമുള്ള മറ്റൊരാളും എന്റെ കുടുംബത്തിലോ അയല്‍വീടുകളിലുമോ ഉണ്ടായിരുന്നില്ല. (ടഹെരക്കും പ്രീ ഡിഗ്രിക്കും ഫസ്റ്റ്ക്ലാസ്സോ ഡിസ്റ്ററിംഗ്ഷനോ മേടിച്ചവര്‍ ഒക്കെയുണ്ട്) ചേട്ടന്റെ അമ്മയും അച്ഛനും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരാണ്. അടുത്തുള്ള കോളനിയിലെ ഒരു കുഞ്ഞുകുടിലില്‍ ജീവിച്ചിരുന്ന ചേട്ടന്‍, പാഠപുസ്തകത്തിനപ്പുറം പുസ്തകങ്ങളുടെ യഥാര്‍ത്ഥ ലോകമുണ്ടെന്ന് എനിക്ക് പറഞ്ഞുതന്ന ആളാണ്. നാട്ടിലൊരു ലൈബ്രറി ഉണ്ടെന്നും പുസ്തകങ്ങള്‍ വായിക്കണമെന്നും പറഞ്ഞുതന്ന ആളാണ്. എന്റെയൊപ്പമോ അതിനടുത്തോ പ്രായമുള്ള സവര്‍ണത്വം പേറുന്ന ഏറെ ആളുകള്‍ക്കും ലൈബ്രറി ഇന്നും കാരംസ് കളിക്കാനുള്ള സ്ഥലം മാത്രമാണ് എന്ന വസ്തുത നിലനില്‍ക്കുന്നു. എന്റെ ജീവിതം അനാഥാലയത്തിലേക്ക് പറിച്ചുനടപ്പെട്ട്, അതിനുള്ളില്‍ ദുരിതവും ദുഃഖവും പീഡനവും മാത്രം തളംകെട്ടിയിരുന്ന കാലത്തും എനിക്ക് തളരാതെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത് പുസ്തകങ്ങള്‍ ആയിരുന്നു. അത്തരത്തില്‍ വായനയുടെ ലോകത്തേക്ക് എനിക്ക് വഴികാട്ടി ആയ ശ്രീനാഥ് എന്ന ആ ചേട്ടനെ ‘ശ്രീനാഥേട്ടന്‍’ എന്ന് വിളിച്ചപ്പോഴാണ് ജാതീയതയുടെ മുഖം ആദ്യമായി ഞാന്‍ കാണുന്നത്. എന്നേക്കാള്‍ എട്ടുപത്ത് വയസെങ്കിലും കൂടുതലുള്ള ആ ചേട്ടനെ ‘ചേട്ടന്‍’ എന്നുവിളിച്ചത് എന്റെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവരെന്നെ ചോദ്യം ചെയ്തു, ചീത്ത പറഞ്ഞു.. എന്താണ് കാരണമെന്ന് ചോദിച്ചതിന് കിട്ടിയ ഉത്തരം അവന്‍ ‘പൂച്ച’യാണ് (പുലയ ജാതിയിലുള്ളവരെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന പേര്) എന്നായിരുന്നു.
പോകെപ്പോകെ ഈ പറഞ്ഞ ‘പൂച്ചകള്‍’ ഞാനെന്ന സവര്‍ണത്വം പേറുന്ന ‘കത്തോലിക്കന്’ അധിക്ഷേപത്തോടെയും മുന്‍വിധിയോടെയും കാണേണ്ടുന്ന, കുടുംബപാരമ്പര്യം ഇല്ലാത്ത, മഹിമയില്ലാത്ത, നന്ദിയില്ലാത്ത, വൃത്തിയില്ലാത്ത, ഗുണ്ടകളും തെമ്മാടികളുമായ, ലൈംഗിക അരാജകത്വത്തില്‍ ജീവിക്കുന്ന, സംവരണം എന്ന ‘കാശുണ്ടാക്കുന്ന’ പരിപാടിയിലൂടെ മറ്റുള്ളവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്ന, ഒരു കൈയകലത്തില്‍ നിര്‍ത്തേണ്ട ചില നികൃഷ്ടജീവികള്‍ മാത്രമായി. പുലയവീട്ടില്‍ നിന്ന് വെള്ളം കുടിച്ചതിനും ഭക്ഷണം കഴിച്ചതിനും കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍ കിട്ടിയിട്ടുണ്ട്. വീട്ടില്‍ വിശന്നുകിടന്നാലും അഭിമാനം കളയരുത് പോലും. ദളിതരുടെ കല്യാണം വിളിച്ചാല്‍ ‘പൂച്ചക്കല്യാണം ഊമ്പാന്‍ പോകേണ്ട, തലേദിവസം അവിടെപോയി എന്തേലും കാശ് കൊടുത്തേരെ’ എന്നാണ് പറയുക. കാശിന്റെ ബുദ്ധിമുട്ട് കൊണ്ടും പോക്കറ്റുമണിക്കായുള്ള കാശിനുവേണ്ടിയും ടൈംപാസിനും ഒക്കെയായി കേറ്ററിംങ് പണിക്ക് പോകുന്നവര്‍ക്കും പൂച്ചക്കല്യാണം വല്ലാത്ത അരോചകവും വൃത്തികെട്ടതുമാണ്.
ഇത്തരം വിരുദ്ധചിന്തകള്‍ എന്നിലേക്ക് പകര്‍ത്തിയതും എന്നിലത് വളര്‍ത്തിയതും വളര്‍ത്തിയതും സവര്‍ണമേധാവിപ്പട്ടം അലങ്കരിക്കുന്ന കത്തോലിക്കര്‍ മാത്രമാണ്. അതില്‍ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമൊക്കെ ഉള്‍പ്പെടും. ചോകോന്മാരെ നമ്പരുത് എന്ന് പഠിപ്പിച്ചതും സ്‌നേഹത്തെക്കുറിച്ച് മാത്രം സംസാരിച്ച ക്രിസ്തുവിനെ പിന്‍പറ്റുന്നവര്‍ എന്നവകാശപ്പെടുന്ന ഈ വരേണ്യകത്തോലിക്കര്‍ തന്നെയാണ്. സ്വാഭാവികമായി കുറെയേറെ വര്‍ഷങ്ങളോളം ദളിത് വിരുദ്ധനും സംവരണ വിരുദ്ധനും ഒക്കെയായി ഞാനും ഈ ഉന്നതകുലബോധത്തിന്റെ തടവില്‍ കിടന്ന് ആത്മരതിയില്‍ ആറാടിയവന്‍ തന്നെയാണ്.
ദളിതരെക്കുറിച്ച് മോശമായി മാത്രം സംസാരിക്കുന്ന ഇക്കൂട്ടരാരും എന്തുകൊണ്ട് ഇവര്‍ കോളനികളില്‍ ഒതുങ്ങിപ്പോയി, എന്തുകൊണ്ട് ഇവര്‍ കൂലിപ്പണികള്‍ ചെയ്യുന്നു, എന്തുകൊണ്ട് വിദ്യാഭ്യാസത്തിലും സാമൂഹ്യഘടനയിലും പിന്നിലായിപ്പോയി, എന്തുകൊണ്ട് സംവരണം – തുടങ്ങി അനേകായിരം കാര്യങ്ങള്‍ സംസാരിക്കുകയോ പറഞ്ഞുതരുകയോ ചെയ്തിട്ടില്ല. ഏറ്റവും നന്നായി പഠിക്കുന്ന, വെളുത്തനിറമുള്ള, ശാസ്ത്രീയകലകള്‍ അവതരിപ്പിക്കുന്ന ദളിതുകളുടെ അമ്മയുടെ ചാരിത്ര്യശുദ്ധി ഈ സവര്‍ണബോധ കത്തോലിക്കാ പടുവിഡ്ഡികളുടെ അശ്ലീലഹാസ്യമായി കേട്ട അനുഭവം എനിക്കുണ്ട്.. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ദളിതര്‍ക്കൊന്നും യോഗ്യതയില്ലെന്ന് എന്നോട് ഉറപ്പിച്ച് പറഞ്ഞതും തോണ്ടിയും നെരങ്ങിയും പണിയെടുക്കുന്ന വിവരമില്ലാത്തവരാണ് ഇവറ്റകളെന്നും എന്നോട് പറഞ്ഞത് പു.ക്രൈ.കു. (പുരാതന ക്രൈസ്തവ കുടുംബം) ആളുകളാണ്. എന്നിട്ട് ഇവറ്റകള്‍ ഇപ്പോഴും ‘സ്‌നേഹിക്കാന്‍ മാത്രം പഠിപ്പിച്ച യേശുനാഥാ, ദൈവപുത്രാ കാത്തോളണേ..’ എന്ന് കരഞ്ഞുപ്രാര്‍ത്ഥിക്കുന്നത് കാണുമ്പോള്‍ ചിരി വരും.
പുറമേയ്ക്ക് ജാതി പറയാതെ, ദളിത് സുഹൃത്തുക്കളെയും കൂട്ടത്തില്‍ കൊണ്ടുനടക്കുന്ന ആളുകള്‍ എന്നെ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്, ‘എന്റെ കൂടെ നടത്താറുണ്ടല്ലോ, ഞങ്ങള്‍ അങ്ങനെ ഒന്നും അവരോട് കാണിക്കാറില്ലല്ലോ..’ എന്നൊക്കെ.. എന്നിട്ടോ ഈ സവര്‍ണജന്തുക്കള്‍ മാത്രമുള്ളിടത്ത് ഏറ്റവും കൂടുതല്‍ സംസാരം സംവരണവിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്. ‘മെമ്പര്‍ പൊലയനാണെങ്കിലും കുഴപ്പമില്ല’, ‘ഇവന്മാര്‍ കാരണം എത്രപേര്‍ക്കാ ജോലി ഇല്ലാതെയായത്’ തുടങ്ങി ദളിത് വിരുദ്ധ പരാമര്‍ശങ്ങളാണ് അറിഞ്ഞോ അറിയാതെയോ ഒക്കെയായി വന്നുവീഴുന്നത്.
ഇനി ഇവന്മാരുടെ കൂടെയിരുന്ന് കുറച്ചുകാര്യങ്ങള്‍ സംസാരിക്കണമെന്ന് വച്ചാലോ, അടുത്തചോദ്യം ‘നിന്നെ പഠിപ്പിക്കാന്‍ സഭയല്ലേ സഹായിച്ചത്, വീട്ടിലെ ദാരിദ്ര്യത്തില്‍ പള്ളിയല്ലേ സഹായിച്ചത്’ എന്ന തരത്തിലായിരിക്കും. അതിനുള്ള ഉത്തരം കൃത്യമായി പറഞ്ഞുകൊടുത്താല്‍ (ഇനിയും ദീര്‍ഘിക്കുമെന്നതിനാല്‍ ഇവിടെ അത് പറയുന്നില്ല) അവസാന നമ്പര്‍ ഇറക്കും; ‘ബുദ്ധിജീവി, കള്ളുകുടിയന്‍, കഞ്ചാവ്’ എന്നുള്ള വിളികളില്‍ നമ്മളെ പ്രകോപിതരാക്കി വായടിപ്പിക്കുക എന്ന തന്ത്രമാണത്.
കെവിന്റെ ദുരഭിമാനക്കൊലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ മാടമ്പി ക്രൈസ്തവര്‍ പറയാന്‍ പോകുന്ന ഡയലോഗ് നീനുവും കുടുംബവും ഞങ്ങളുടെ സഭയിലെ ആളല്ല, പെന്തക്കോസ്താണ് എന്ന ന്യായീകരണ വാദമായിരിക്കും. വേണമെങ്കില്‍ ക്രിസ്തുനാമത്തില്‍ ഇടയലേഖനമിറക്കി ‘കുഞ്ഞാടുകളേ, നമ്മെ അപമാനിക്കുവാനും ക്രിസ്തുവിനെ അവഹേളിക്കുവാനും വെളിയില്‍ പൈശാചികശക്തികള്‍ തര്‍ക്കം പാര്‍ത്തിരിക്കുന്നു. ഉണര്‍ന്നിരുന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുവിന്‍’ എന്ന് ബോധവത്ക്കരിക്കാനും ഇവറ്റകള്‍ മടിക്കില്ല. കുറച്ചുനാള്‍ മുമ്പ്, അത്ഭുതപ്രവൃത്തികളുടെ ഈറ്റില്ലമായ ഡിവൈന്‍ സെന്ററിന്റെ മാട്രിമോണി വെബ്സൈറ്റില്‍ മതപരിവര്‍ത്തനം നടത്തി വന്നവരെ ‘മറ്റുള്ളവര്‍’ എന്ന കോളത്തിലാക്കിയത് ആരും മറക്കാനിടയില്ല. മാമ്മോദീസ മുങ്ങി, കത്തോലിക്കാ വിശ്വാസിയായി ജീവിക്കുന്ന ദളിതരോട് ഇവറ്റകള്‍ കാണിക്കുന്ന വേര്‍തിരിവ് തന്നെയാണ് നീനുവിന്റെ കുടുംബവും കെവിനോട് കാണിച്ചത് എന്ന് ആര്‍ക്കാണറിയാത്തത്.. കത്തോലിക്കര്‍ എങ്കിലും ദളിത് പാരമ്പര്യമുള്ള ഭവനത്തിലേക്ക് ഇവരില്‍ എത്രപേര്‍ തങ്ങളുടെ പെണ്മക്കളെ സന്തോഷത്തോടെ അയക്കും..? അവശക്രൈസ്തവരായി ആളുകളെ തരംതിരിച്ച് ജാതീയതയില്‍ നിലനില്‍ക്കുന്നവര്‍ പൊയ്കയില്‍ കുമാരഗുരുവിന്റെ വാക്കുകള്‍ ഒന്ന് കേള്‍ക്കണം,
‘പുലയനൊരു പള്ളി
പറയനൊരു പള്ളി
മീന്‍ പിടുത്തക്കാരന്‍
മരയ്ക്കാനൊരു പള്ളി
പള്ളിയോടു പള്ളി നിരന്നിങ്ങുവന്നിട്ടും
വ്യത്യാസം മാറി ഞാന്‍ കാണുന്നില്ല..’
‘പള്ളികൊണ്ടും യോജിപ്പില്ല,
പട്ടംകൊണ്ടും യോജിപ്പില്ല,
കര്‍മ്മാദികള്‍ക്കൊണ്ടശേഷം യോജിപ്പില്ല.
പിന്നെ വിശ്വാസം കൊണ്ടെങ്ങനെ
യോജിക്കും ഞാന്‍..’
നമ്പൂതിരി മാര്‍ഗം കൂടിയതാണ് ഞങ്ങളുടെ പാരമ്പര്യം എന്ന മൂഢതയെ ആഭരണമാക്കി നടക്കുന്നവരോട് എത്ര പറഞ്ഞാലാണ് മനസ്സിലാവുക, അഥവാ മനസിലായാലും ഉള്‍ക്കൊള്ളുക? ക്രിസ്തുമതത്തിന്റെ വളര്‍ച്ച, ചൂഷണം ആയുധമാക്കി തന്നെയായിരുന്നു എന്ന വസ്തുതയിലേക്ക് കടന്നാല്‍ അത് ദീര്‍ഘമാകും. പറയരും പുലയരും ഈഴവരും ഒക്കെത്തന്നെയാണ് ഇപ്പറയുന്ന എല്ലാ സവര്‍ണ ക്രിസ്ത്യാനികളുടെയും ആദ്യ തന്തതള്ളമാര്‍ എന്ന സത്യത്തെ അംഗീകരിക്കാതെ ഇവര്‍ സ്വയം എടുത്തണിയുന്ന പട്ടമൊക്കെ കീറിത്തുടങ്ങിയത് ഇവരറിയുന്നതേയില്ല. എന്നിട്ട് യേശുവിനെ പിന്തുടരുന്നുവെന്ന നാട്യത്തില്‍ ആത്മരതിയടഞ്ഞ് നിര്‍വൃതികൊള്ളുകയാണ്.. എനിക്ക് തോന്നുന്നില്ല സഭയിലോ സഭാമൂല്യങ്ങളിലോ പള്ളികളിലോ ക്രൈസ്തവഭവനങ്ങളിലോ യഥാര്‍ത്ഥ ക്രിസ്തുവിനെ കണ്ടെത്താനാവുമെന്ന്. എന്തിന് സ്ഥാപിത താത്പര്യക്കാര്‍ എഴുതിയ ബൈബിളില്‍ പോലും കൃത്യമായി യേശുവിനെ മനസിലാക്കാനാവാതെ പോയേക്കാം, തെറ്റായി മനസിലാക്കാനും… ‘യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്…’ (ബൈബിള്‍/ഗലാത്തിയാ 3:28) എന്ന വചനം പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ എങ്ങനെയാണ് ക്രിസ്തുവിനെ മനസിലാക്കിയിരിക്കുക എന്ന് ഊഹിക്കാമല്ലോ.? ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹികളില്‍ ഒരാളായ, സ്‌നേഹത്തിന്റെ സന്ദേശം പകര്‍ത്തിയ ആ മഹാമനുഷ്യന്‍ ഇന്നീ സവര്‍ണമാടമ്പികള്‍ക്ക് ഏറ്റവും വലിയ ചരക്കുവസ്തു അല്ലാതെ മറ്റെന്താണ്..?? കെവിനെ കൊന്നത് ക്രിസ്തുമതത്തില്‍ നിലനില്‍ക്കുന്ന സവര്‍ണ-അവര്‍ണ ബോധമാണ്, ദളിത് എന്നാല്‍ നികൃഷ്ടം എന്നുള്ള ചിന്തയാണ്. സത്യം ഇങ്ങനെയൊക്കെ ആയിരിക്കെ സവര്‍ണ കുഞ്ഞാടുകളേ, ഇടയരേ നിങ്ങള്‍ ഇനിയും ക്രിസ്തുനാമത്തില്‍ കള്ളം പറയരുത്…
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in