സര്‍വ്വധര്‍മ്മഭാവന ആന്തരികമായ വെല്ലുവിളികള്‍ നേരിടും

പ്രൊഫ വി വിജയകുമാര്‍ ‘സര്‍വ്വധര്‍മ്മഭാവന’യെ കുറിച്ചുള്ള എന്റെ പ്രതികരണം ആരായുന്ന ചില സന്ദേശങ്ങള്‍ എനിക്കു ലഭിച്ചിരിക്കുന്നു. രാജീവന്‍ മാഷിന്റെ ഫേസ്ബുക്ക് കുറിപ്പിനെ ഞാന്‍ ഇഷ്ടപ്പെട്ടതിനെ ചിലര്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അതിനോടു വ്യത്യസ്തമായി പ്രതികരിക്കുന്ന വ്യക്തികളോടും സംഘടനകളോടും എനിക്കുണ്ടായിരുന്ന ബന്ധങ്ങള്‍ സൂചിതമാകുന്നു. മതയുക്തികളിലേക്കാണ് ‘സര്‍വ്വധര്‍മ്മഭാവന’ സഞ്ചരിക്കുന്നതെന്ന്, അത്ആധുനികമൂല്യങ്ങള്‍ക്കെതിരെ നില്‍ക്കുന്നതാണെന്നും ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. ഇതിന്നകം തന്നെ ഏറെ വ്യത്യസ്തമായ പ്രതികരണങ്ങള്‍ വരികയും ചെയ്തിരിക്കുന്നു. ഇത്തരുണത്തിലാണ് എന്റെ ഈ പ്രതികരണം ഇവിടെ രേഖപ്പെടുത്തുന്നത്. സാംസ്‌ക്കാരികാവസ്ഥയെ സംബോധന ചെയ്യുന്ന ചില മുന്‍കൈകള്‍ ഉണ്ടാകേണ്ടതിനെ കുറിച്ച് […]

DDDപ്രൊഫ വി വിജയകുമാര്‍

‘സര്‍വ്വധര്‍മ്മഭാവന’യെ കുറിച്ചുള്ള എന്റെ പ്രതികരണം ആരായുന്ന ചില സന്ദേശങ്ങള്‍ എനിക്കു ലഭിച്ചിരിക്കുന്നു. രാജീവന്‍ മാഷിന്റെ ഫേസ്ബുക്ക് കുറിപ്പിനെ ഞാന്‍ ഇഷ്ടപ്പെട്ടതിനെ ചിലര്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അതിനോടു വ്യത്യസ്തമായി പ്രതികരിക്കുന്ന വ്യക്തികളോടും സംഘടനകളോടും എനിക്കുണ്ടായിരുന്ന ബന്ധങ്ങള്‍ സൂചിതമാകുന്നു. മതയുക്തികളിലേക്കാണ് ‘സര്‍വ്വധര്‍മ്മഭാവന’ സഞ്ചരിക്കുന്നതെന്ന്, അത്ആധുനികമൂല്യങ്ങള്‍ക്കെതിരെ നില്‍ക്കുന്നതാണെന്നും ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. ഇതിന്നകം തന്നെ ഏറെ വ്യത്യസ്തമായ പ്രതികരണങ്ങള്‍ വരികയും ചെയ്തിരിക്കുന്നു. ഇത്തരുണത്തിലാണ് എന്റെ ഈ പ്രതികരണം ഇവിടെ രേഖപ്പെടുത്തുന്നത്.
സാംസ്‌ക്കാരികാവസ്ഥയെ സംബോധന ചെയ്യുന്ന ചില മുന്‍കൈകള്‍ ഉണ്ടാകേണ്ടതിനെ കുറിച്ച് സംഘമിത്ര രവി (രവി, തൊടുപുഴ) എന്നോടു സംസാരിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിക്കുന്നതിനു മുന്നേ അദ്ദേഹം എന്നോടു ബന്ധപ്പെടുകയോ ഇതിനെ കുറിച്ചുള്ള അഭിപ്രായം ചോദിക്കുകയോ ചെയ്തിരുന്നില്ല. സംഘപരിവാര്‍ കെട്ടഴിച്ചു വിട്ടിരിക്കുന്ന സാംസ്‌ക്കാരിക ആക്രമണത്തെ പ്രതിരോധിക്കുന്നതിനും ജനാധിപത്യവല്‍ക്കൃതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിനും ആഗ്രഹിക്കുന്നവര്‍ എല്ലാവരും ഒരുമിച്ചു വരുന്ന ഒരു വേദി ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സൈദ്ധാന്തികമായി വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തുന്നവര്‍, വ്യത്യസ്തമായ രാഷ്ട്രീയസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ …ഇവരെല്ലാം ഈ നിര്‍ണ്ണായകസന്ധിയില്‍ പൊതുവായ ലക്ഷ്യത്തിന് ഒന്നുചേരണം. പ്യൂരിറ്റന്‍ നിലപാടുകളും വിഭാഗീയതയും സൈദ്ധാന്തികമായ ശരി-തെറ്റുകളെ കുറിച്ചുള്ള വിവാദങ്ങളും മാറ്റിവച്ചുകൊണ്ട്, ഓരോരുത്തര്‍ക്കും അവരവരുടെ നിലപാടുകളെ കാത്തുസൂക്ഷിച്ചുകൊണ്ട് ഒരുമിച്ച് രംഗത്തു വരേണ്ടതുണ്ട്. തങ്ങള്‍ ഏറ്റവും കൃത്യവും ശരിയുമായിട്ടുള്ള സമീപനങ്ങളും സിദ്ധാന്തങ്ങളും സ്വീകരിക്കുന്നവരാണെന്ന അതിവാദങ്ങള്‍ ഉപേക്ഷിക്കപ്പെടണം. ഏതെങ്കിലും സവിശേഷമായ ഏകസിദ്ധാന്തം കൊണ്ട് പരിഹൃതമാകേണ്ടുന്ന പ്രശ്നങ്ങളെയല്ല ലോകം അഭിമുഖീകരിക്കുന്നതെന്നു പറയേണ്ടത് പ്രധാനമായിരിക്കുന്നു. എല്ലാവരേയും ഏകസത്യത്തിലേക്കു കൊണ്ടുവരുന്ന സിദ്ധാന്തസമുച്ചയം രൂപപ്പെടുത്തിക്കൊണ്ട് ഒരു പ്രതിരോധപ്രസ്ഥാനം ഇപ്പോള്‍ സംഭവിക്കുക അസാദ്ധ്യമാണ്. ഇതാണ് സത്യം എന്നു പറയുന്ന മതാത്മകവും നിര്‍ണ്ണയവാദപരവും സത്താവാദപരവുമായ സമീപനങ്ങള്‍ കയ്യൊഴിയുകയും രാഷ്ട്രീയവും സാംസ്‌ക്കാരികവുമായ സമരത്തിന്റേയും അതിന്നു വേണ്ടുന്ന ജനകീയമായ ഇച്ഛാശക്തിയുടേയും പ്രാധാന്യത്തെ ഉള്‍ക്കൊള്ളുകയും വേണം. പ്രതിരോധപ്രസ്ഥാനങ്ങളുടെ ചരിത്രം നല്‍കുന്ന തിരിച്ചറിവു കൂടിയാണിത്. അവ വിജയിച്ചിട്ടുള്ളത് essentialist സമീപനങ്ങള്‍ കയ്യൊഴിക്കപ്പെടുകയും രാഷ്ട്രീയ, സാംസ്‌ക്കാരികപ്രക്ഷോഭങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്ത സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. അതുകൊണ്ട്, നാം നേരിടുന്ന സാംസ്‌ക്കാരികാക്രമണത്തെ പ്രതിരോധിക്കുന്ന ഏതൊരു ഇടപെടലും ചെറിയ കൂട്ടായ്മയും സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ടെന്നതിനാല്‍, ‘സര്‍വ്വധര്‍മ്മഭാവന’യെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്.
എന്നാല്‍, ‘സര്‍വ്വധര്‍മ്മഭാവന’ യുടെ പ്രവര്‍ത്തനങ്ങള്‍ ആന്തരികമായ വെല്ലുവിളികള്‍ നേരിടുമെന്നാണ് ഞാന്‍ കരുതുന്നത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ശത്രുക്കളാണ് ഇവരെങ്കിലും, കൂടിച്ചേരാന്‍ വിസമ്മതിക്കുന്ന ഘടകങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണത്. വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ ഘടകങ്ങള്‍ എല്ലാറ്റിനേയും വ്യവസ്ഥാപിതമായ രീതികളിലേക്കു വളച്ചെടുക്കുന്നതിനു ശ്രമിക്കുന്നതാണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ അങ്കഗണിതങ്ങള്‍ക്കപ്പുറം സഞ്ചരിക്കാന്‍ അതിനു കഴിയാറില്ല. അതിന്റെ പതിവുരീതി തുടരുമെന്നു പ്രതീക്ഷിക്കേണ്ടതാണ്. ഒരു പോളിറ്റ് ബ്യൂറോ അംഗമായ നിര്‍ഗുണബ്രഹ്മവും സംസ്‌ക്കാരത്തെ കെട്ടുകാഴ്ചയാക്കുന്ന ഞാറ്റുവേലക്കൂട്ടവും നമ്മുടെ ഏറ്റവും നല്ല എഴുത്തുകാരെ തെരഞ്ഞെടുത്തു അവാര്‍ഡു നല്‍കി തന്റേതാക്കി വെടക്കാക്കുന്ന പുത്തന്‍മലയാളിമുതലാളിമാരും ഇതിനെയും അനുഗ്രഹിക്കാന്‍ സാദ്ധ്യതയുണ്ട്. നക്സലൈറ്റുകളും ദളിതുകളും മറ്റും അടങ്ങുന്ന പ്രതിരോധപക്ഷം പലപ്പോഴും പ്യൂറിറ്റന്‍ നിലപാടുകളിലും അതിന്റെ വിഭാഗീയതയിലും നില്‍ക്കുന്നതാണ്.(എന്നാല്‍, ഇവരിലാണ് ‘സര്‍വ്വധര്‍മ്മഭാവന’ക്കു യഥാര്‍ത്ഥ ചാലകശക്തിയെ കണ്ടെത്താനാകുക) ഇതിന്നു പുറത്തു നില്‍ക്കുന്ന സാംസ്‌ക്കാരികപ്രവര്‍ത്തകരും എഴുത്തുകാരും ഇവയ്ക്കിടയില്‍ ചാഞ്ചാടി നില്‍ക്കുന്നവരാണ്. മദ്ധ്യവര്‍ഗ്ഗത്തിന്റെ എല്ലാ ദൗര്‍ബ്ബല്യങ്ങളും അതു പ്രകടിപ്പിക്കും. ഈ സങ്കീര്‍ണ്ണമിശ്രിതാവസ്ഥയില്‍ ജനതയുടെ ഇച്ഛാശക്തിയെ ഉയര്‍ത്തിയെടുക്കുന്ന രീതിയില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതു തന്നെയാണ് പ്രധാനപ്രശ്നം.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply