മൂത്താശാരിയില്‍ നിന്നും എഞ്ചിനീയറിലേക്ക്‌ പോയപ്പോള്‍ സംഭവിച്ചത്‌

യാമിനി പരമേശ്വരന്‍ മൂത്താശാരിമാരുടെ പരിചയസമ്പന്നതയെ ആശ്രയിച്ച്‌ വീടുകെട്ടിയിരുന്ന മധ്യവര്‍ഗ്ഗ മലയാളികള്‍ എഞ്ചിനീയറിംഗിന്റെ കമ്പോളയുക്തിക്ക്‌ പണി കൈമാറിയതോടെ സംഭവിച്ചതെന്താണ്‌? ക്വാറികള്‍ കൂണുപോലെ മുളച്ചുപൊന്താന്‍ തുടങ്ങിയതില്‍ മൂത്താശാരിയില്‍ നിന്നും എഞ്ചിനീയറിലേക്ക്‌ പോയ ആഢംബര മനഃസ്ഥിതിയുടെ പങ്കെന്താണെന്ന്‌ പറയുന്ന ‘ഊര്‌ കവരും ഉയിരും” എന്ന ഡോക്യുമെന്ററിയെക്കുറിച്ച്‌ യാമിനി പരമേശ്വരന്‍ ക്വാറികള്‍ സൃഷ്‌ടിക്കുന്ന പ്രശ്‌നത്തെ വിഭവങ്ങളുടെ ഉപയോഗവും വിഭവങ്ങളുടെ മേല്‍ തദ്ദേശീയ ജനതയ്‌ക്കുള്ള അവകാശവുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കണം എന്ന ഉദ്ദേശത്തോടെയാണ്‌ ഞങ്ങള്‍ ഈ ഡോക്യുമെന്ററിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. വികസന ആര്‍ഭാടങ്ങള്‍ക്കായി പ്രകൃതിവിഭവങ്ങള്‍ […]

QQQയാമിനി പരമേശ്വരന്‍

മൂത്താശാരിമാരുടെ പരിചയസമ്പന്നതയെ ആശ്രയിച്ച്‌ വീടുകെട്ടിയിരുന്ന മധ്യവര്‍ഗ്ഗ മലയാളികള്‍ എഞ്ചിനീയറിംഗിന്റെ കമ്പോളയുക്തിക്ക്‌ പണി കൈമാറിയതോടെ സംഭവിച്ചതെന്താണ്‌? ക്വാറികള്‍ കൂണുപോലെ മുളച്ചുപൊന്താന്‍ തുടങ്ങിയതില്‍ മൂത്താശാരിയില്‍ നിന്നും എഞ്ചിനീയറിലേക്ക്‌ പോയ ആഢംബര മനഃസ്ഥിതിയുടെ പങ്കെന്താണെന്ന്‌ പറയുന്ന ‘ഊര്‌ കവരും ഉയിരും” എന്ന ഡോക്യുമെന്ററിയെക്കുറിച്ച്‌ യാമിനി പരമേശ്വരന്‍

ക്വാറികള്‍ സൃഷ്‌ടിക്കുന്ന പ്രശ്‌നത്തെ വിഭവങ്ങളുടെ ഉപയോഗവും വിഭവങ്ങളുടെ മേല്‍ തദ്ദേശീയ ജനതയ്‌ക്കുള്ള അവകാശവുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കണം എന്ന ഉദ്ദേശത്തോടെയാണ്‌ ഞങ്ങള്‍ ഈ ഡോക്യുമെന്ററിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. വികസന ആര്‍ഭാടങ്ങള്‍ക്കായി പ്രകൃതിവിഭവങ്ങള്‍ തടസ്സം കൂടാതെ മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ എത്രയോ ജീവിതങ്ങളാണ്‌ തീരാദുരിതങ്ങളിലേക്ക്‌ വീണുപോകുന്നതെന്ന്‌ പൊതുസമൂഹത്തിന്റെ കാഴ്‌ചയിലേക്ക്‌ എത്തിക്കണമെന്നുണ്ടായിരുന്നു. പാറമടകളില്‍ നിന്നുള്ള വിഭവങ്ങള്‍ ഉപയോഗിച്ച്‌ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളിലൊന്നും പങ്കാളിത്തം ലഭിക്കാതെ പോകുന്ന ഈ ജനങ്ങള്‍ക്ക്‌ മിക്കപ്പോഴും നമ്മുടെ മാധ്യമങ്ങളിലൊന്നും ഇടം കിട്ടാറില്ല. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ സംഭാവന നല്‍കുന്ന വന്‍കിടക്കാര്‍ക്ക്‌ വേണ്ടതിലധികം പരിഗണനകള്‍ കിട്ടുമ്പോള്‍ ഇവര്‍ കൂടുതല്‍ അരികുകളിലേക്ക്‌ മാറ്റപ്പെടുകയാണ്‌. പക്ഷെ സാമ്പത്തിക വളര്‍ച്ചയ്‌ക്കായി ഉപയോഗിക്കപ്പെടുന്നതെല്ലാം ഈ ദുര്‍ബല ജനവിഭാഗത്തിന്റെ തദ്ദേശീയ വിഭവങ്ങളാണ്‌ എന്നതാണ്‌ വിരോധാഭാസം. ആ വൈരുദ്ധ്യത്തെ കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കെട്ടിടനിര്‍മ്മാണ-ഭവനനിര്‍മ്മാണ സംസ്‌കാരവുമായി ബന്ധപ്പെടുത്തി വിശദീകരിക്കാനാണ്‌ ഞങ്ങള്‍ ഡോക്യുമെന്ററിയിലൂടെ ശ്രമിക്കുന്നത്‌. ഈ ഇരുകൂട്ടരുടെയും ജീവിതം പകര്‍ത്തിക്കൊണ്ടാണ്‌ അത്‌ ഡോക്യുമെന്ററിയില്‍ പറഞ്ഞിരിക്കുന്നത്‌. സമ്പന്നരുടെയും ദരിദ്രരുടെയും ജീവിത സങ്കല്‍പ്പങ്ങളിലും പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും എല്ലാക്കാലത്തും ഈ അന്തരം നിലനില്‍ക്കുന്നുണ്ടെങ്കിലും വിഭവങ്ങള്‍ ആരുടേത്‌ എന്ന ചോദ്യവുമായി ചേര്‍ത്തുവച്ച്‌ ആ യാഥാര്‍ത്ഥ്യത്തെ കാണാനാണ്‌ ശ്രമിച്ചത്‌.
വീട്‌ നിര്‍മ്മാണമെന്ന ഹിംസ
വന്‍കിട ക്വാറികള്‍ക്കും ക്രഷര്‍ യൂണിറ്റുകള്‍ക്കുമെതിരെ കേരളത്തിലെമ്പാടും ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരികയാണ്‌. അത്തരം സമരങ്ങളുമായി ബന്ധപ്പെടാന്‍ തുടങ്ങിയതോടെയാണ്‌ അവ ചിത്രീകരിക്കുന്നതിനെക്കുറിച്ചും ആലോചിച്ചത്‌. എന്നാല്‍ ക്വാറിവിരുദ്ധ സമരങ്ങള്‍ കേരളത്തില്‍ വ്യാപകമായിട്ടും നിര്‍മ്മാണ മേഖലയില്‍ കാര്യമായ ഇടപെടലുകളൊന്നും നടക്കാത്ത സ്ഥിതിയാണുള്ളത്‌. വിഭവങ്ങള്‍ പരിമിതമാണെന്ന ബോധ്യം പൂര്‍ണ്ണമായും നഷ്‌ടപ്പെട്ട വിധത്തിലാണ്‌ കേരളത്തില്‍ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്‌. വീടുകളുടെ എണ്ണത്തിനൊപ്പം ഒരു വീട്‌ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്ന വിഭവങ്ങളുടെ അളവും കൂടുന്നു. അതും അധികവും ആര്‍ഭാടങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. കുറച്ച്‌ കാലം മുമ്പ്‌ വരെ സമ്പാദ്യത്തില്‍ നിന്നൊരു പങ്ക്‌ കരുതിവച്ച്‌ വീടുണ്ടാക്കുന്നവരായിരുന്നു മലയാളികള്‍. പണം പരിമിതമായതിനാല്‍ ആവശ്യങ്ങള്‍ മാത്രം നിറവേറ്റപ്പെടുന്ന തരത്തിലായിരുന്നു വീടുകളും നിര്‍മ്മിക്കപ്പെട്ടിരുന്നത്‌. നാട്ടിലുള്ള കല്‍പ്പണി ചെയ്‌തിരുന്ന ആശാരിമാരെ വിളിച്ചാണ്‌ വീടുപണി നടത്തിയിരുന്നത്‌. ഇന്ന്‌ നിര്‍മ്മാണ മേഖല പൂര്‍ണ്ണമായും കോണ്‍ട്രാക്‌ടര്‍മാരുടെ നിയന്ത്രണത്തിലാണ്‌. നിര്‍മ്മാണത്തിന്‌ തടസ്സം വരാത്തതരത്തില്‍ എല്ലാ വിഭവങ്ങളും അവര്‍ എങ്ങനെയെങ്കിലും ലഭ്യമാക്കി ആര്‍ഭാടത്തിന്‌ വേണ്ട സൗകര്യങ്ങളെല്ലാമൊരുക്കും. ആര്‍ട്ടിസാന്‍ നിര്‍മ്മാണ രീതിയില്‍ നിന്നും കമ്മോഡിറ്റി രീതിയിലേക്ക്‌ കേരളം മാറ്റപ്പെട്ടിരിക്കുന്നു. തടസ്സം കൂടാതെ വീട്‌ പണിക്ക്‌ വേണ്ട സാധനങ്ങള്‍ വീട്ടിലെത്തണമെന്ന കേരളത്തിലെ മധ്യവര്‍ഗ്ഗത്തിന്റെ മനോഭവമാണ്‌ ക്വാറികള്‍ വര്‍ദ്ധിക്കാനുള്ള ഒരു കാരണമെന്ന്‌ ഉറക്കെപ്പറയേണ്ട സമയമാണിത്‌. പല തരത്തിലുള്ള വന്‍കിട വികസനാവശ്യങ്ങള്‍ക്കായി പാറ പൊട്ടിക്കപ്പെടുന്നുണ്ട്‌ എന്നത്‌ വസ്‌തുതയായിരിക്കെ വീട്‌ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ വളര്‍ന്നുവരുന്ന സംസ്‌കാരത്തെ വിമര്‍ശനാത്മകമായി കാണാതിരിക്കാന്‍ കഴിയില്ല. അതിവേഗപാതകളും ഷോപ്പിംഗ്‌ മാളുകളും ഒക്കെ ആവശ്യപ്പെടുന്ന മനോഭാവത്തിന്റെ തുടക്കം സ്വന്തം വീടിന്റെ നിര്‍മ്മാണത്തില്‍ നിന്നുമാണ്‌. സര്‍ക്കാര്‍ നടത്തുന്ന ഭവനിര്‍മ്മാണ പദ്ധതികളുടെ സ്വഭാവവും മാറിയിരിക്കുകയാണ്‌. നിര്‍മ്മാണ സാമഗ്രികള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല. ഓട്‌ വീട്‌ നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കില്ല. കോണ്‍ക്രീറ്റ്‌ തന്നെ വേണമെന്ന്‌ നിര്‍ബന്ധമാണ്‌. പ്രാദേശിക വിഭവങ്ങളുപയോഗിച്ച്‌ വീട്‌ നിര്‍മ്മിച്ചാല്‍ ധനസഹായം ലഭിക്കില്ല. പാലക്കാട്‌ ജില്ലയിലെ പല സ്ഥലങ്ങളിലും പനയോലകൊണ്ട്‌ വീടിന്‌ മേല്‍ക്കൂരയൊരുക്കാന്‍ ആഗ്രഹിക്കുന്നവരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്‌. നന്നായി ഈട്‌ നില്‍ക്കുന്ന ഒന്നാണ്‌ പനയോല. കോണ്‍ക്രീറ്റിന്റെ ചൂടും ഉണ്ടാകില്ല. പക്ഷെ അത്തരം തദ്ദേശീയ വസ്‌തുക്കള്‍ ഉപയോഗിക്കുന്ന നിര്‍മ്മാണ രീതികളെല്ലാം സര്‍ക്കാര്‍ കാഴ്‌ചപ്പാടില്‍ അശാസ്‌ത്രീയമാണ്‌.
ധനകാര്യ സ്ഥാപനങ്ങളെല്ലാം ഇന്ന്‌ പ്രധാനമായും നിലനില്‍ക്കുന്നത്‌ ഹൗസിംഗ്‌ ലോണ്‍ കൊടുത്തിട്ടാണ്‌. കേരളത്തില്‍ പുതിയതായി ആരംഭിച്ച നിരവധി സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ മുഖ്യപരിപാടി വീട്‌ വയ്‌ക്കാന്‍ കടം കൊടുക്കലാണ്‌. സ്ഥിരവരുമാനം ഉറപ്പാക്കാന്‍ കഴിയുന്ന ആര്‍ക്കും അത്യന്താധുനിക സൗകര്യങ്ങളുള്ള വീട്‌ സ്വന്തമാക്കാന്‍ സുഗമമായി കഴിയും. ഡോക്യുമെന്ററിയില്‍ അക്കാര്യം വ്യക്തമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്‌. സാമാന്യം ആഡംബരമുള്ള വീട്‌ പണിയുന്ന തങ്കച്ചന്‍ എന്ന വ്യക്തി ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്‌. അദ്ദേഹം പണിയുന്ന വീടിന്റെ ചിലവ്‌ രണ്ട്‌ കോടിയില്‍ അധികം വരും. അതില്‍ ഒരു കോടിയും ബാങ്ക്‌ ലോണാണ്‌. തങ്കച്ചന്റെ അനുഭവം കേരളത്തിന്റെ പൊതു അനുഭവമായി മാറിക്കൊണ്ടിരിക്കുകയാണ്‌.
നഗരങ്ങളിലേക്ക്‌ പോകുന്ന മലകള്‍
അനിയന്ത്രിതമായ നഗരവത്‌കരണത്തിന്റെ പ്രശ്‌നത്തെയും ഞങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്‌. നഗരങ്ങളിലെല്ലാം നടക്കുന്ന പ്രധാന കര്‍മ്മപരിപാടി കെട്ടിട നിര്‍മ്മാണമാണ്‌. സൃഷ്‌ടിപരമായതൊന്നും നഗരം സമൂഹത്തിന്‌ സംഭാവന ചെയ്യുന്നില്ലെങ്കിലും ധാരാളം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്‌. അതില്‍ ബഹുഭൂരിപക്ഷവും വന്‍ തോതിലുള്ള ഉത്‌പാദന പ്രവര്‍ത്തനങ്ങള്‍ക്കായി നഗരത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നവര്‍ക്കുള്ള ഫ്‌ളാറ്റുകളാണ്‌. വാഷിംഗ്‌ടണ്‍ കണ്‍സെന്‍സസ്‌ സാമ്പത്തിക മാതൃക പിന്തുടര്‍ന്നുകൊണ്ടാണ്‌ ഇവിടെ നഗരവികസനം നടക്കുന്നത്‌. പൊതുവിന്റെ സ്വകാര്യവത്‌കരണവും വിപണി മൗലികവാദവുമാണ്‌ അതിന്റെ അടിസ്ഥാനങ്ങള്‍. വികസനത്തെക്കുറിച്ചുള്ള ഈ സങ്കല്‍പ്പം കാര്‍ന്നുതിന്നുന്ന ഗ്രാമങ്ങളിലൂടെയാണ്‌ ഡോക്യുമെന്ററിയുടെ ഭാഗമായി ഞങ്ങള്‍ സഞ്ചരിച്ചത്‌. നഗരം നിര്‍മ്മിക്കുന്നതിനായി അവിടെ നിന്നും എടുത്തുപോകുന്ന വിഭവങ്ങളൊന്നും പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തവയാണ്‌. കഞ്ചിക്കോട്‌ ഇത്തരം നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്നതിനുള്ള ഒരു വലിയ വ്യവസായ പാര്‍ക്ക്‌ കിന്‍ഫ്ര നിര്‍മ്മിക്കാന്‍ പോകുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കേരളത്തിന്റെ വികസനാവശ്യങ്ങള്‍ക്ക്‌ മുടക്കമില്ലാതെ നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുകയാണ്‌ ലക്ഷ്യം. ക്വാറികള്‍ ഇനിയും ഏറെ വരാനിരിക്കുന്നതിന്റെ സൂചനയാണിത്‌. നിര്‍മ്മാണ മേഖലയ്‌ക്ക്‌ വേണ്ട അടിസ്ഥാന വസ്‌തുക്കളായ കല്ല്‌, മെറ്റല്‍, എം സാന്‍ഡ്‌ എന്നിവ ക്വാറികളെ മാത്രമാണല്ലോ ആശ്രയിക്കുന്നത്‌.
ദുരിതബാധിതരുടെ വീക്ഷണങ്ങളിലൂടെ ഇക്കാര്യം പറയാന്‍ ശ്രമിച്ചിരിക്കുന്നതിനാല്‍ അവരുടെ ദൈനംദിന ജീവിതത്തെയും ഞങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്‌. ക്വാറികള്‍ നീര്‍ച്ചാലുകളുടെ സഞ്ചാരപാതകളെ മുറിച്ചതോടെ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന ജലലഭ്യതയുടെ കുറവാണ്‌ അവരുടെ ജീവിതത്തെ പ്രധാനമായും ബാധിച്ചിരിക്കുന്ന ഒരു പ്രശ്‌നം. ഖനന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രത്യക്ഷദുരിതങ്ങള്‍ അതിലേറെ. മല തുരക്കപ്പെട്ട സ്ഥലങ്ങളില്‍ എന്നുവേണമെങ്കിലും സംഭവിക്കാനിടയുള്ള മലയിടിച്ചിലും ഭൂചനവും പോലെയുള്ള അപ്രതീക്ഷിത അത്യാഹിതങ്ങളുടെ ഭീതി വേറെയും. നെഞ്ചുപൊട്ടുന്നപേലെ തോന്നുന്ന സ്‌ഫോടനങ്ങളില്‍ മിക്ക വീടുകളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ആഢംബരങ്ങള്‍ക്കായി വീടുകള്‍ പണിതവരല്ല അവര്‍. കേറിക്കിടക്കാന്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ ആ വീടുകളിലെല്ലാം സ്‌ഫോടനങ്ങള്‍ വിള്ളലുകള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്‌. മാളികകള്‍ കെട്ടിപ്പൊക്കാനുള്ള കല്ലിനായി കാശെത്രവേണെങ്കിലും മുടക്കാന്‍ ശ്രമിക്കുമ്പോള്‍ വിണ്ടുകീറുന്ന ഈ വീടുകളെക്കുറിച്ച്‌ ഓര്‍ക്കുന്നത്‌ നല്ലതാണ്‌. ഓര്‍മ്മയിലേക്ക്‌ അത്തരം ചിത്രങ്ങളെ എത്തിക്കാന്‍ ഡോക്യുമെന്ററി ശ്രമിക്കുന്നുണ്ട്‌.
എന്തുകൊണ്ട്‌ പാലക്കാട്‌?
പാലക്കാട്‌ ജില്ലയിലെ രണ്ട്‌ ക്വാറി വിരുദ്ധ സമരങ്ങളെ കേന്ദ്രീകരിച്ചാണ്‌ ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്‌. മുതലമടയിലും വടക്കഞ്ചേരിക്കടുത്ത്‌ അമ്പിട്ടന്‍തരിശ്ശിലും നടക്കുന്ന സമരങ്ങള്‍. പാലക്കാട്‌ ജില്ല തിരഞ്ഞെടുക്കാന്‍ ചില കാരണങ്ങളുണ്ട്‌. കേരളത്തില്‍ വളരെയധികം പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന ജില്ലയാണ്‌ പാലക്കാട്‌. കേരളത്തിലെ നഗരവത്‌കരണത്തിന്റെ തോത്‌ പരിശോധിക്കുമ്പോള്‍ പാലക്കാടിന്റേത്‌ 60 ശതമാനത്തില്‍ താഴെയാണ്‌. കൃഷി ഉപജീവന മാര്‍ഗ്ഗമായിരിക്കുന്നവര്‍ കൂടുതലുള്ള ജില്ലയാണ്‌ പാലക്കാട്‌. ഞങ്ങള്‍ തിരഞ്ഞെടുത്ത ഈ രണ്ട്‌ ക്വാറി വിരുദ്ധ സമരങ്ങളും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങളിലാണുള്ളത്‌. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത ആദിവാസി-ദളിത്‌ വിഭാഗങ്ങളും അവിടെ ഏറെയുണ്ട്‌. അവര്‍ക്ക്‌ ജീവനോപാധികള്‍ കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലാതാവുകയും അവരെ ഇടിച്ചുവീഴ്‌ത്തി ആ വഴികളിലൂടെ ടിപ്പറുകള്‍ നഗരങ്ങളെ ലക്ഷ്യമാക്കി കുതിക്കുകയും ചെയ്യുന്നത്‌ പതിവായിത്തീര്‍ന്നിരിക്കുന്നു. മുതലമടയിലെ മൂച്ചംകുണ്ട്‌ ഫൈവ്‌ സ്റ്റാര്‍ കമ്പനിയുടെ ക്വാറിയുടെ സമീപത്ത്‌ താമസിക്കുന്നവരില്‍ ഏറെയും ആദിവാസികളാണ്‌. എ-വണ്‍, ഫൈവ്‌ സ്റ്റാര്‍ തുടങ്ങിയ വന്‍കിട ക്വാറികള്‍ ഇപ്പോള്‍ പൊട്ടിച്ചുകൊണ്ടിരിക്കുന്ന മലനിരകള്‍ക്കും മേലെ പറമ്പിക്കുളം വനമേഖലയോട്‌ ചേര്‍ന്ന ജീവിച്ചിരുന്നവരാണ്‌ അവര്‍. വര്‍ഷങ്ങള്‍ക്ക്‌ മുമ്പുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന്‌ നിരവധി പേര്‍ ആ മേഖലയില്‍ മരണപ്പെട്ടിരുന്നു. ഉപജീവനമാര്‍ഗ്ഗങ്ങള്‍ നഷ്‌ടപ്പെട്ട്‌ അങ്ങനെയാണ്‌ അവര്‍ മലയിറങ്ങുന്നത്‌. 1960കളില്‍ ചുള്ളിയാര്‍ ഡാം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായുള്ള പണികള്‍ക്കായും പലരും മൂച്ചംകുണ്ട്‌ മേഖലയില്‍ വന്ന്‌ താമസമാക്കി. ഇരവാളര്‍ സമുദായത്തില്‍പ്പെട്ട ആദിവാസികളാണ്‌ അവര്‍. ജലലഭ്യത വളരെയധികം കുറവുള്ള മേഖലയാണ്‌ മുതലമട. ഇവര്‍ കൃഷിചെയ്യുന്നത്‌ പ്രധാനമായും ചുള്ളിയാര്‍ ഡാമില്‍ നിന്നുള്ള ജലസേചനത്തെ ആശ്രയിച്ചാണ്‌. പക്ഷെ ചുള്ളിയാര്‍ ഡാമിലേക്ക്‌ വെള്ളമെത്തുന്ന പ്രധാന നീരുറവകളുള്ള സ്ഥലത്താണ്‌ ഇപ്പോല്‍ വലിയ ക്വാറികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌. ഡാം പഴയ പോലെ ഇപ്പോള്‍ നിറയാറില്ല. ജലസേചന ആവശ്യങ്ങള്‍ക്ക്‌ വെള്ളം കിട്ടാതെയായതോടെ കൃഷി വരണ്ടുണങ്ങുന്നത്‌ മുതലമടയിലും സമീപ പഞ്ചായത്തുകളിലും പതിവായിരിക്കുന്നു. മലമുകളില്‍ താമസിച്ചിരുന്ന കാലത്ത്‌ കടലയും മുതിരയും ചെറുപയറും ഉള്‍പ്പെടെ വൈവിദ്ധ്യമുള്ള വിഭവങ്ങള്‍ കൃഷിചെയ്‌തിരുന്നവരാണ്‌ ഇവര്‍. ഇന്ന്‌ നെല്‍കൃഷി ചെയ്യാന്‍ പോലും സാധിക്കാത്തവിധം ആ പ്രദേശം മാറിയിരിക്കുന്നു. അതോടെ കുടിവെള്ളവും മുട്ടി. അടുത്തകാലം വരെ കാര്‍ഷിക മേഖലയ്‌ക്ക്‌ വലിയ സേവനങ്ങള്‍ ചെയ്‌തിരുന്ന പ്രദേശമാണ്‌ മുതലമട. നെല്ലും പച്ചക്കറിയും പോലെ തന്നെ മാങ്ങയും ഒരു പ്രധാന വിഭവമായിരുന്നു. കഴിഞ്ഞ ഒന്നുരണ്ട്‌ വര്‍ഷങ്ങളായി മുതലമടയില്‍ മാങ്ങയുടെയും വിളവ്‌ കുറഞ്ഞിരിക്കുകയാണ്‌. ക്വാറിക്ക്‌ സമീപമുള്ള മാന്തോപ്പുകളിലെ മാവിലകളെല്ലാം പാറപ്പൊടിയില്‍ കുളിച്ചുകിടക്കുകയാണ്‌. പ്രകാശസംശ്ലഷണ ശേഷി നഷ്‌ടപ്പെട്ട്‌ മാവ്‌ കരിഞ്ഞുണങ്ങുന്നതിന്‌ ഇത്‌ കാരണമാകുന്നുണ്ട്‌. ക്വാറികള്‍ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളില്‍ ഇനിയും വേണ്ടത്ര പരിഗണിക്കപ്പെടാത്ത ഒരു വിഷയമാണിത്‌.
വടക്കഞ്ചേരിയില്‍ മംഗലം ഡാമിനടുത്തുള്ള അമ്പിട്ടന്‍തരിശ്ശിലെ ക്വാറി വിരുദ്ധ സമരം തിരഞ്ഞെടുത്തതിന്‌ പിന്നിലെ കാരണങ്ങളും മുതലമടയിലേതിന്‌ സമാനമാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരുപാട്‌ നീര്‍ച്ചാലുകളുണ്ടായിരുന്ന മംഗലം ഡാമിന്റെ വൃഷ്‌ടിപ്രദേശമായിരുന്നു അമ്പിട്ടന്‍തരിശ്ശ്‌. ഇന്നവിടെ രണ്ട്‌ കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ വലിയ രണ്ട്‌ ക്വാറികള്‍ കാണാം. തുരന്നുതീരായ കുറേ കുന്നുകളും. വെള്ളത്തിന്റെ ഒരു കണികപോലും എവിടെയുമില്ല. ജലസാന്നിധ്യം നഷ്‌ടമായതോടെ നെല്‍ക്കൃഷിയില്‍ നിന്നും പലരും റബ്ബര്‍കൃഷിയിലേക്ക്‌ തിരിഞ്ഞു. അതോടെ വെള്ളമെന്നത്‌ അമ്പിട്ടന്‍തരിശ്ശില്‍ അപൂര്‍വ്വവിഭവമായിത്തീര്‍ന്നു. ലോറിയില്‍ വെള്ളമെത്തിക്കാന്‍ പ്രയാസമുള്ള സ്ഥലമാണത്‌. അവിടെയുമുണ്ട്‌ 28 ആദിവാസി വീടുകള്‍. സമീപത്തുള്ള കാടുകളില്‍ നിന്നും പലതരം പച്ചമരുന്നുകള്‍ ശേഖരിച്ച്‌ അങ്ങാടിയില്‍ വിറ്റ്‌ ജീവിച്ചിരുന്നവരാണവര്‍. നന്നാറി മാത്രമാണ്‌ ഇന്ന്‌ കിട്ടാനുള്ളതെന്ന്‌ അവര്‍ ഞങ്ങളോട്‌ സങ്കടം പറഞ്ഞു. പാരിസ്ഥിതിക ചൂഷണം പ്രകൃതിവിഭങ്ങളെ ആശ്രയിച്ച്‌ ജീവിച്ചിരുന്നവരുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്‌ അമ്പിട്ടന്‍തരിശ്ശ്‌. സ്‌ത്രീകള്‍ പരമ്പരാഗതമായി വെള്ളമെടുക്കാന്‍ പോയിരുന്ന വഴി ക്വാറിക്കാര്‍ അടച്ചതുപോലെയുള്ള പച്ചയായ നിയമലംഘനങ്ങള്‍ ഞങ്ങള്‍ ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്‌.
ഭീഷണിയുടെ പല രൂപങ്ങള്‍
കൂടംകുളം സമരത്തിനെതിരെ ഞങ്ങള്‍ മുമ്പ്‌ ഒരു ഡോക്യുമെന്ററി ചെയ്‌തിരുന്നു. അത്‌ നേരിട്ട്‌ ഭരണകൂടത്തിന്‌ എതിരെയുള്ള സമരമായിരുന്നു. ഭരണകൂടത്തിന്റെ ഭാഗത്ത്‌ നിന്നുള്ള അടിച്ചമര്‍ത്തലുകളെയായിരുന്നു അവര്‍ക്ക്‌ നേരിടേണ്ടി വന്നിട്ടുള്ളത്‌. എന്നാല്‍ മൂച്ചംകുണ്ട്‌-അമ്പിട്ടന്‍തരിശ്ശ്‌ സമരങ്ങള്‍ വിലയിരുത്തിയപ്പോള്‍, ക്വാറിവിരുദ്ധ സമരങ്ങള്‍ ഭരണത്തില്‍ നിന്നുമാത്രമല്ല മാഫിയയില്‍ നിന്നുകൂടി ഭീഷണികളെ നേരിടുന്നതായാണ്‌ കാണാന്‍ കഴിഞ്ഞത്‌. സമരത്തില്‍ നിന്നും പലരും പിന്‍വാങ്ങുന്നതിനും പല സമരങ്ങളുടെയും ഊര്‍ജ്ജം കുറഞ്ഞുപോകുന്നതിനും ഇത്‌ കാരണമായിട്ടുണ്ട്‌. പലപ്പോഴും ഭീഷണിയുടെ രൂപത്തിലും മറ്റ്‌ ചിലപ്പോള്‍ നേരിട്ടുള്ള അക്രമത്തിന്റെ രൂപത്തിലും മാഫിയകളെ മിക്ക ക്വാറിവിരുദ്ധ സമരങ്ങള്‍ക്കും നേരിടേണ്ടിവരുന്നുണ്ട്‌. മൂച്ചംകുണ്ടിലും അമ്പിട്ടന്‍തരശ്ശിലും അത്‌ സമാനമായ രീതിയില്‍ സംഭവിക്കുന്നുണ്ട്‌. കേരളത്തില്‍ പലയിടത്തുനിന്നും നമുക്ക്‌ അത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്‌. ഒരു വലിയ വീടുവയ്‌ക്കുമ്പോള്‍ സമാന്തരമായി നിങ്ങള്‍ ഒരു വലിയ മാഫിയയെക്കൂടിയാണ്‌ വളര്‍ത്തുന്നതെന്ന്‌ ഓര്‍ക്കണം.
ദിവ്യയ്‌ക്ക്‌ വീട്‌ കിട്ടുമോ?
എന്നിട്ടും പുരുഷന്മാരേക്കാളേറെ സ്‌ത്രീകള്‍ ഈ സമരങ്ങളുടെ മുന്‍നിരയില്‍ അണിനിരക്കുന്നു എന്നത്‌ സന്തോഷകരമായ കാര്യമാണ്‌. സ്‌ത്രീകള്‍ക്കാണ്‌ ക്വാറികളുണ്ടാക്കുന്ന ദുരിതങ്ങള്‍ മുഖ്യമായും നേരിടേണ്ടിവരുന്നത്‌. വെള്ളമില്ലാതാകുന്ന തിന്റെ ബുദ്ധിമുട്ട്‌ അവര്‍ക്കാണ്‌ കൂടുതല്‍ മനസ്സിലാകുന്നത്‌. പാറപ്പൊടി കാരണം കുട്ടികള്‍ക്കുണ്ടാകുന്ന വിട്ടുമാറാത്ത രോഗങ്ങള്‍ അവരെയാണ്‌ കൂടുതല്‍ അലട്ടുന്നത്‌. ആ സഹനങ്ങളാകാം അവരുടെ സമരവീര്യം കൂട്ടുന്നതും. അമ്പിട്ടന്‍തരിശ്ശിലെ ദിവ്യ എന്ന പെണ്‍കുട്ടിയുടെ കഥ ഞങ്ങളെ വല്ലാതെ അലട്ടിയ ഒന്നാണ്‌. അവിടെത്തന്നെ ജനിച്ചുവളര്‍ന്നയാളാണ്‌ ദിവ്യ. അച്ഛനും അമ്മയും മരിച്ചു. കല്യാണം കഴിച്ച ഒരു ചേച്ചിയും അപസ്‌മാര രോഗിയായ അനുജനും മാത്രമാണ്‌ ദിവ്യയോടൊപ്പമുള്ളത്‌. അവര്‍ക്ക്‌ സ്വന്തമായി വീടില്ല. വാടകയ്‌ക്ക്‌ താമസിക്കുന്ന ക്വാറിയോട്‌ ചേര്‍ന്നുള്ള മണ്ണുവീട്‌ ഉഗ്രസ്‌ഫോടനങ്ങള്‍ കാരണം തകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. വീട്‌ ലഭിക്കുന്നതിനായുള്ള പദ്ധതികളിലെല്ലാം (ഇ.എം.സ്‌-ഇന്ദിരാ ആവാസ്‌) ദിവ്യ അപേക്ഷിച്ചിരുന്നു. കുടുംബത്തിന്റെ രൂപമില്ലാത്തതിനാല്‍ അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ലെന്നും കുടുംബങ്ങള്‍ക്ക്‌ മാത്രമെ വീട്‌ നല്‍കാന്‍ കഴിയുകയുള്ളൂ എന്നും പറഞ്ഞ്‌ അധികൃതരെല്ലാം ദിവ്യയുടെ അപേക്ഷ തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി പാലക്കാട്‌ ജില്ലയില്‍ വന്നപ്പോള്‍ ദിവ്യ വീടിനായി അപേക്ഷിച്ചു. അദ്ദേഹം വീട്‌ അനുവദിക്കുകയും ചെയ്‌തു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പഴയ നിലപാട്‌ തന്നെ തുടര്‍ന്നു. വേണമെങ്കില്‍ ചേച്ചിയുടെയും ഭര്‍ത്താവിന്റെയും പേരില്‍ (അവര്‍ കുടുംബ ഘടനയിലുള്ളവരായതിനാല്‍) വീട്‌ തരാമെന്ന്‌ പറഞ്ഞു. പക്ഷെ ശരിക്കും ദിവ്യക്കും അനിയനുമാണ്‌ വീട്‌ അടിയന്തിരമായി വേണ്ടത്‌. എപ്പോള്‍ വേണമെങ്കിലും ഒരു വലിയ പാറക്കഷ്‌ണം പൊട്ടിച്ചിതറിയെത്താവുന്ന ദൂരത്ത്‌, ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍ അവര്‍ ജീവിതം തുടരുകയാണ്‌. വ്യവസ്ഥാപിതമായ കുടുംബഘടന പോലും വീട്‌ അനുവദിക്കുന്നതിന്‌ തടസ്സമായി നില്‍കുന്നുണ്ടെന്നത്‌ ലജ്ജിക്കേണ്ട കാര്യമാണ്‌.
എന്താണ്‌ പോലീസിന്റെ തൊഴില്‍?
ഭരണകൂടത്തിന്റെ പരിഗണനകളില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്ന ഈ ജനസമൂഹങ്ങളോട്‌ ഏറ്റവും നീതിരഹിതമായി പെരുമാറുന്ന സര്‍ക്കാര്‍ സംവിധാനം പോലീസാണ്‌. ക്വാറി സമരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സ്റ്റേറ്റിനും മാഫിയകള്‍ക്കും വേണ്ടി പോലീസ്‌ ഒരുപോലെ സേവനം ചെയ്യുന്നതായാണ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌. ക്വാറികളില്‍ നിന്നും പാറയും മണലും നീക്കം ചെയ്യുന്നത്‌ ജനങ്ങള്‍ തടയുമെന്ന്‌ പറയുമ്പോള്‍ എത്ര ആര്‍ജ്ജവത്തോടെയാണ്‌ പോലീസ്‌ ടിപ്പറുകള്‍ക്ക്‌ കാവല്‍ നില്‍ക്കുന്നത്‌. ആ ദൃശ്യം ഞങ്ങള്‍ ഡോക്യുമെന്ററിയില്‍ കാണിച്ചിട്ടുണ്ട്‌. മുതലമടയിലെ ഫൈവ്‌ സ്റ്റാര്‍ ഗ്രൂപ്പിന്റെ ക്രഷര്‍ യൂണിറ്റില്‍ നിന്നും എം സാന്റുമായി പോകുന്ന ലോറികള്‍ക്ക്‌ മുതലമട, കൊല്ലങ്കോട്‌, നെമ്മാറ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുവണ്ടികളാണ്‌ എസ്‌കോര്‍ട്ട്‌ പോകുന്നത്‌. അമ്പിട്ടന്‍തരിശ്ശില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ ഒരു പെണ്‍കുട്ടി മരിച്ചപ്പോള്‍ നടപടിയെടുക്കുന്ന കാര്യത്തില്‍ ഇതിന്റെ ഒരംശം പോലും ശുഷ്‌കാന്തി പോലീസിനുണ്ടായിരുന്നില്ല. ഡോക്യുമെന്ററി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ സ്ഥിരമായി അമ്പിട്ടന്‍തരിശ്ശിലെ കോളനികള്‍ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ മാവോയിസ്റ്റുകളാണെന്നും സൂക്ഷിക്കണമെന്നും പോലീസ്‌ നാട്ടുകാര്‍ക്കിടയില്‍ പറഞ്ഞുപരത്തി. മാവോയിസ്റ്റ്‌ സ്വാധീനമുള്ള മേഖലകളില്‍ ഒട്ടിക്കാറുള്ള ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ കോളനികളിലെ വീടുകളില്‍ പതിപ്പിച്ചു. സമരക്കാരോട്‌ ഭീഷണയുടെ സ്വരത്തില്‍ സംസാരിച്ചു. പുറത്തുനിന്നെത്തുന്നവരെയെല്ലാം സ്ഥിരമായി വീഡിയോയില്‍ പകര്‍ത്തി. അങ്ങനെ പലവിധത്തിലും പോലീസ്‌ അവിടെ ഭീതിവിതച്ചു. സമരത്തിന്‌ പുറത്ത്‌ നിന്നും ലഭിക്കുന്ന പിന്തുണകളെ ബോധപൂര്‍വ്വം തടയുക എന്ന ഉദ്ദേശത്തോടെയാണ്‌ പോലീസ്‌ ഇത്തരത്തില്‍ ഇടപെടുന്നത്‌. ഡോക്യുമെന്ററി നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കോളനികളില്‍ ചെന്നപ്പോള്‍ ജനങ്ങള്‍ ഞങ്ങളെ അവിശ്വസിക്കുന്നതിന്‌ ഇത്തരം ഇടപെടലുകള്‍ കാരണമായിട്ടുണ്ട്‌. നിരന്തരം അവിടെപ്പോവുകയും അവരുമായി സംസാരിക്കുകയും ചെയ്‌ത ശേഷമാണ്‌ ഞങ്ങളോട്‌ സഹരിക്കാന്‍ കോളനിക്കാര്‍ തയ്യാറായത്‌. ക്യാമറ ഉപയോഗിക്കുന്ന രണ്ടുകൂട്ടര്‍, മാധ്യമങ്ങളും പോലീസും അവര്‍ക്കെതിരാണ്‌ എന്നവര്‍ക്കറിയാമായിരുന്നു. അതും ക്യാമറയായെത്തിയ ഞങ്ങള്‍ക്ക്‌ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.
മുതലമടയില്‍ ഭാഷാപരമായ പീഡനവും പോലീസ്‌ നടത്തുന്നുണ്ട്‌. മലയാളം മനസ്സിലാകുമെങ്കിലും തമിഴ്‌ മാത്രം സംസാരിക്കാന്‍ അറിയുന്നവരാണ്‌ മൂച്ചംകുണ്ട്‌ കോളനിയിലുള്ളവര്‍. അവര്‍ പോലീസുകാരോട്‌ പരാതി പറയാറുള്ളത്‌ തമിഴിലാണ്‌. നിവേദനം എഴുതാറുള്ളതും തമിഴിലാണ്‌. ഒന്നും മനസ്സിലാകുന്നില്ലെന്ന്‌ ആക്ഷേപിച്ച്‌ ഇത്‌ പോലീസുകാര്‍ തള്ളിക്കളയാറുണ്ടെന്ന്‌ മൂച്ചംകുണ്ട്‌ കോളനിനിവാസികള്‍ ഞങ്ങളോട്‌ പരാതിപറഞ്ഞു. ആവശ്യമില്ലാതെ കേസെടുത്തും പോലീസ്‌ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്‌. സമരം കണ്ട്‌ വഴിയില്‍ നിന്നവര്‍ക്കെതിരെ പോലും മുതലമടയില്‍ കേസെടുത്തിട്ടുണ്ട്‌.
പഞ്ചായത്ത്‌ ഉള്‍പ്പെടെയുള്ള പ്രാദേശിക ഭരണസംവിധാനങ്ങളും ജനവിരുദ്ധമായാണ്‌ ഈ സ്ഥലങ്ങളില്‍ പെരുമാറുന്നത്‌. മുതലമടയില്‍ നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന ഒരു വാര്‍ഡിലെ മെമ്പര്‍ തമിഴ്‌നാട്ടില്‍ വിവാഹം കഴിച്ചു പോയതിനാല്‍ അവിടെ ഗ്രാമസഭ ഏറെ നാളായി ചേരാറില്ല. അതുകൊണ്ട്‌ തന്നെ നാട്ടുകാര്‍ക്ക്‌ ക്വാറിക്കെതിരെ ഗ്രാമസഭയില്‍ ഒരു പ്രമേയം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. മെമ്പര്‍ വരാത്തതിനെതിരെ പഞ്ചായത്ത്‌ ഡയറക്‌ട്രേറ്റില്‍ പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ല. ജനങ്ങള്‍ക്ക്‌ അത്തരം സംവിധാനങ്ങളിലൊന്നും വിശ്വാസമില്ലാത്ത അവസ്ഥ ഈ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്‌. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്‌തതയെ മുതലെടുക്കാന്‍ ക്വാറി മാഫിയ ശ്രമിക്കുന്നുണ്ട്‌. മൂച്ചംകുണ്ട്‌ കോളനിയിലുള്ളവര്‍ക്ക്‌ വീട്‌ നിര്‍മ്മിച്ചു നല്‍കുന്നതുമുതല്‍ ആഘോഷദിവസങ്ങളില്‍ സദ്യക്കിറ്റ്‌ വിതരണം ചെയ്യുന്നതടക്കമുള്ള പരിപാടികള്‍ ക്വാറി മുതലാളിമാര്‍ അവിടെ പരീക്ഷിക്കുന്നുണ്ട്‌.
പ്രദര്‍ശനങ്ങള്‍
കേരളത്തിന്റെ പല ഭാഗങ്ങളില്‍ ഡോക്യുമെന്റി പ്രദര്‍ശിപ്പിക്കുന്നതിനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. പശ്ചിമഘട്ട സംവാദ യാത്രയുടെ ഭാഗമായി പല ജില്ലകളിലും പ്രദര്‍ശനം നടത്തിയിരുന്നു. പ്രത്യേകിച്ച്‌ ക്വാറി വിരുദ്ധ സമരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍. അവിടങ്ങളിലെല്ലാം നല്ല പ്രതികരണമാണ്‌ ലഭിച്ചത്‌. ഒരു വീട്‌ പണിയുമ്പോള്‍ ഇത്രയധികം കുഴപ്പമുണ്ടാകാറുണ്ടല്ലേ എന്ന്‌ ചോദിച്ചവരുണ്ട്‌. മുതലമടക്കാരോടും അമ്പിട്ടന്‍തരിശ്ശുകാരോടും എങ്ങനെയാണ്‌ ഐക്യപ്പെടാന്‍ കഴിയുന്നത്‌ എന്നന്വേഷിച്ചവരുണ്ട്‌.
ക്വാറി സമരങ്ങളുടെ ഏകോപനം
ക്വാറി വിരുദ്ധ സമരങ്ങളുമായി നിരന്തരം ബന്ധപ്പെട്ടപ്പോഴാണ്‌ സംസ്ഥാനതലത്തില്‍ സമരങ്ങളുടെ ഒരു ഏകോപനം വേണ്ടതുണ്ടെന്ന ആവശ്യം എല്ലാവരും പങ്കുവയ്‌ക്കുന്നതായി മനസ്സിലായത്‌. കാരണം, സമരം ചെയ്യുന്നവരെല്ലാം ഇന്ന്‌ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്‌. സമരാവശ്യങ്ങള്‍ അപൂര്‍വ്വമായി മാത്രമാണ്‌ പരിഗണിക്കപ്പെടാറുള്ളത്‌. ക്വാറി മുതലാളിമാര്‍ക്ക്‌ ഒരു ഏകോപന സമിതിയുണ്ട്‌. ക്വാറി ഓണേഴഴ്‌സ്‌ അസോസിയേഷന്‍. അവര്‍ സംഘടിതമായാണ്‌ ഈ സമരങ്ങളെ നേരിടുന്നത്‌. അതിനുള്ള വിഭവശേഷിയും അവര്‍ക്കുണ്ട്‌. ക്വാറി വിരുദ്ധ സമരം നടത്തുന്നവര്‍ക്ക്‌ ആ സമരങ്ങളെക്കുറിച്ച്‌ ഉന്നതതലത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പലപ്പോഴും പങ്കെടുക്കാന്‍ അവസരം ലഭിക്കാറില്ല. സര്‍വ്വകക്ഷിയോഗം വിളിക്കുമ്പോള്‍ സമരത്തെ പ്രതിനിധീകരിക്കുന്നവര്‍ അവഗണിക്കപ്പെടുകയും രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ സമരങ്ങളുടെ പേരില്‍ പങ്കെടുക്കുകയും ചെയ്യുകയാണ്‌ പതിവ്‌. സമരങ്ങളുടെ ശബ്‌ദം എത്തേണ്ട ഇടങ്ങളില്‍ എത്തിക്കുന്നതിനായി ശക്തമായ ഒരു സംസ്ഥാനതല സംവിധാനം വേണ്ടതുതന്നെയാണ്‌. നിര്‍മ്മാണ മേഖലയെ ഒന്നാകെ സ്‌തംഭിപ്പിക്കാന്‍ ക്വാറി ഓണേഴ്‌സിന്‌ മാത്രമല്ല, ക്വാറി വിരുദ്ധ സമരപ്രവര്‍ത്തകര്‍ക്കും കഴിയും. ആ ഉദ്യമം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്‌. 2014 ജൂണ്‍ 29ന്‌ തൃശൂരില്‍ വച്ച്‌ കേരളത്തിലെ വിവിധ ക്വാറിവിരുദ്ധ സമരവേദികള്‍ സംഗമിക്കുകയും ഒരു പൊതുപ്ലാറ്റ്‌ഫോം നിര്‍മ്മിച്ചിരിക്കുകയുമാണ്‌. പരിസ്ഥിതി ആഘാത പഠനം നടത്താത്ത എല്ലാ ക്വാറികളും അടച്ചുപൂട്ടുക, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഖനനം അനുവദിക്കാതിരിക്കുക, കെട്ടിട നിര്‍മ്മാണ നിയന്ത്രണ നിയമം കൊണ്ടുവരുക, സമഗ്ര ഖനന നിയമമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സംയുക്ത സമരം നടത്തുന്നതിനും തീരുമാനമുണ്ടായിട്ടുണ്ട്‌. പ്രാദേശികമായ പ്രശ്‌ന പരിഹാരത്തില്‍ ഊന്നിനിന്ന സമരങ്ങള്‍ കുറച്ചുകൂടി വിശാലമായ സമരലക്ഷ്യങ്ങളിലേക്ക്‌ എത്തിയിരിക്കുകയാണ്‌. ക്വാറികള്‍ പൊതുമേഖലയില്‍ നിലനിര്‍ത്തി, പ്രാദേശികമായ മോണിറ്ററിംഗിലൂടെ ഖനനം ചെയ്യേണ്ടിവരുന്ന കാലം അതിവിദൂരമല്ലെന്ന്‌ നിലവിലെ സ്ഥിതി ബോധ്യപ്പെടുത്തുന്നുണ്ട്‌. ക്വാറികളെ മാത്രമല്ല, കേരളത്തില്‍ ക്വാറികള്‍ കൂടുന്നതിന്‌ കാരണമായിത്തീരുന്ന വികസന പ്രവര്‍ത്തനങ്ങളെക്കൂടി പ്രശ്‌നവത്‌കരിക്കാന്‍ സമിതി ശ്രമിക്കുന്നുണ്ട്‌. വിമാനത്താവളങ്ങള്‍ മുതല്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന്റെ ഭാഗമായി കടലില്‍ കല്ലിടുന്ന പ്രവര്‍ത്തനം വരെ അതില്‍ ഉള്‍പ്പെടും.

കേരളീയം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply