മുഖ്യമന്ത്രി പ്രതിഛായ കളഞ്ഞു കുളിക്കുമ്പോള്‍

മുന്‍ യു ഡി എഫ് ഭരണകാലം അഴിമതി ആരോപണങ്ങളുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പോലും ഈ ആരോപണങ്ങള്‍ക്കു മുന്നില്‍ നിഷ്പ്രഭമായി. ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്ന് പതിവിനേക്കാളേറെ ലഭിച്ച വോട്ടുകള്‍ക്കൊപ്പം ഈ അഴിമതി ആരോപണങ്ങളും എല്‍ ഡി എഫിനെ അധികാരത്തിലെത്താന്‍ ഏറെ സഹായിച്ചു എന്നത് വ്യക്തം. മാത്രമല്ല, പലരുടേയും പ്രതീക്ഷകളെ അസ്ഥാനത്താക്കി വി എസ് അച്യുതാനന്ദനെ ഒതുക്കി എളുപ്പത്തില്‍ മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയനു കഴിഞ്ഞു. ബംഗാള്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ദുര്‍ബ്ബലനായ യെച്ചൂരിക്കുപോലും വി എസിനുവേണ്ടി വാദിക്കാനായില്ല. വന്‍ഭൂരിപക്ഷത്തോടെ […]

pp

മുന്‍ യു ഡി എഫ് ഭരണകാലം അഴിമതി ആരോപണങ്ങളുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പോലും ഈ ആരോപണങ്ങള്‍ക്കു മുന്നില്‍ നിഷ്പ്രഭമായി. ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്ന് പതിവിനേക്കാളേറെ ലഭിച്ച വോട്ടുകള്‍ക്കൊപ്പം ഈ അഴിമതി ആരോപണങ്ങളും എല്‍ ഡി എഫിനെ അധികാരത്തിലെത്താന്‍ ഏറെ സഹായിച്ചു എന്നത് വ്യക്തം. മാത്രമല്ല, പലരുടേയും പ്രതീക്ഷകളെ അസ്ഥാനത്താക്കി വി എസ് അച്യുതാനന്ദനെ ഒതുക്കി എളുപ്പത്തില്‍ മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയനു കഴിഞ്ഞു. ബംഗാള്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ദുര്‍ബ്ബലനായ യെച്ചൂരിക്കുപോലും വി എസിനുവേണ്ടി വാദിക്കാനായില്ല. വന്‍ഭൂരിപക്ഷത്തോടെ സര്‍വ്വശക്തനായി അധികാരത്തിലെത്തിയ പിണറായിയില്‍ നിന്ന് പലരും പലതും പ്രതീക്ഷിച്ചു. എല്ലാം ശരിയാകുമെന്ന എല്‍ ഡി എഫ് പ്രടരണം യാഥാര്‍ത്ഥ്യമാകുമെന്നും ആശിച്ചവര്‍ നിരവധി. മുമ്പ് വൈദ്യുതമന്ത്രിയായിരുന്നപ്പോള്‍ മികച്ച മന്ത്രിയായിരുന്നു പിണറായി എന്ന ഒരു ഇമേജും പലരും ഓര്‍മ്മിച്ചെടുത്തു. സര്‍ക്കാര്‍ ജീവനക്കാരോട് കടുത്ത ഭാഷയില്‍ പ്രസംഗിച്ച് അദ്ദേഹം കയ്യടിയും നേടി.
എന്നാല്‍ സംഭവിക്കുന്നതെന്താണ്? കടുത്ത പിണറായി ഭക്തര്‍ പോലും ഉള്ളിലെങ്കിലും നിരാശയിലാണ്. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ നിരവധി സംഭവങ്ങളാണ് അരങ്ങേറിയത്. അവയില്‍ പലതും പിണറായിക്കു വ്യക്തിപരമായി തന്നെ ദോഷം ചെയ്യുന്നവയാണ്. മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എം കെ ദാമോദരന്റെ നിലപാടുകള്‍ കടുത്ത സിപിഎംകാര്‍ക്കുപോലും ദഹിക്കാത്തവയാണ്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എംകെ ദാമോദരന്‍ ഹാജരായതിനെ ചൊല്ലിയുളള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പേ അദ്ദേഹം പാറമടകള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹാജരാകുകയാണ്. നേരത്തേ വിജിലന്‍സ് കേസ് പ്രതി ആര്‍. ചന്ദ്രശേഖരനു വേണ്ടിയും എം.കെ ദാമോദരന്‍ ഹാജരായിരുന്നു.
അഞ്ചു ഹെക്ടറില്‍ താഴെയുളള ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ക്വാറി ഉടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് ദാമോദരന്‍ ഹാജരാകുന്നത്. സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് ഹാജരാകുന്ന അസാധാരണ സ്തിതിവ്‌ശേഷമാണ് സംജാതമായിരിക്കുന്നത്. ഇനി ടി പി വധകേസിലും ഷുക്കൂര്‍ വധകേസിലും ലാവ്‌ലിന്‍ കേസിലുമെല്ലാം സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നല്ല. അദ്ദേഹം പ്രതിഫലം വാങ്ങുന്നില്ലായിരിക്കാം. എങ്കിലും ഇതാരു ഔദ്യോഗിക പദവിയാണ്. വന്‍തുക വേതനം വാങ്ങുന്ന അഡ്വക്കേറ്റ് ജനറലുള്ളപ്പോഴാണ് ഈ സംഭവങ്ങള്‍ അരങ്ങേറുന്നത് എന്നതാണ് കൗതുകകരം. മുമ്പ് കോണ്‍ഗ്രസിന്റെ വക്താവായിരുന്നു മനു അഭിഷേക് സിംഗ്‌വി ഒരു വക്കീലെന്ന നിലയില്‍ മാര്ട്ടിന് വേണ്ടി കോടതിയില്‍ ഹാജരായപ്പോള്‍ പിണറായി വിജയനും പാര്‍ട്ടിയുമെടുത്ത നിലപാടുകള്‍ നമുക്കോര്‍മ്മയുണ്ട്. വിമര്‍ശനം വന്നപ്പോള്‍ അദ്ദേഹം പക്ഷെ പിന്മാറി. എന്നാല്‍ ദാമോദരന്‍ മുന്നോട്ടുതന്നെയാണ്.
പ്രസക്തമായ ഒരുചോദ്യം ഇവിടെ ഉയരുന്നുണ്ട്. ഈ ഉപദേഷ്ടാവ് അഡ്വക്കറ്റ് ജനറലിനും മുകളിലാണോ? അഡ്വക്കറ്റ് ജനറല്‍ എന്നത് ഒരു ഭരണഘടനാ പദവിയാണ്. അദ്ദേഹത്തിന്റെ നിലപാടുകള്‍ ഔദ്യോഗികമായി സര്‍ക്കാരിന്റെ നിലപാടാണ്. അതിലെ ശരിതെറ്റുകളെ ചോദ്യം ചെയ്യാന്‍ ഏതു പൗരനും അവകാശമുണ്ട്. വിവരാവകാശ നിയമാത്തിന്റെ പരിധിയില്‍ അദ്ദേഹത്തിന്റെ ഓഫീസ് വരുന്നു. എന്നാല്‍ ഈ നിയമോപദേഷ്ടാവിന്റെ ഓഫീസ് പൊതു ഓഫീസാണോ? ആരോടാണ് ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തം? ഉപദേഷ്ടാവിന് എവിടെയാണ് നിയമപരമായ സ്ഥാനം? അഡ്വക്കറ്റ് ജനറല്‍ നല്‍കുന്ന ഉപദേശത്തിനെതിരെ ഇദ്ദേഹം ഉപദേശം നല്‍കിയാല്‍ സര്‍ക്കാര്‍ ഇത്തില്‍ ഏതു സ്വീകരിക്കും? ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണിവ.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും ഒരു വലിയ വിഭാഗം പാര്‍ട്ടി അണികള്‍ക്കു രസിച്ചിട്ടില്ല. കേസ് രാഷ്ട്രീയപ്രേരിതമാണെന്നു പറഞ്ഞ് വി എസിനെ തള്ളുകയും കുഞ്ഞാലിക്കുട്ടിയെ കൊള്ളുകയും ചെയ്തതിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല.
വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍തന്നെ മറ്റു പല വിഷയങ്ങളിലും പൊതു സമൂഹത്തില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ഇടതുസര്‍ക്കാര്‍ ഏറ്റുവാങ്ങുന്നത്. പയ്യന്നൂരിലെ രാഷ്ട്രീയകൊലപാതകങ്ങളെ പരോക്ഷമായി ന്യായീകരിച്ച്, പാര്‍ട്ടി സെക്രട്ടറി പറയുന്ന പോലെയുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയത്. ഒരു കുറ്റകൃത്യം നടന്നാല്‍ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന മുന്നില്‍ ഹാജരാക്കേണ്ട ഉത്തരവാദിത്തമുള്ള ആഭ്യന്തരവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് കൊലക്കു പകരം അതില്‍ പങ്കെടുക്കാത്ത മറ്റൊരാളെ കൊന്ന പാര്‍ട്ടിയുടെ നടപടിയെ സ്വാഭാവികമെന്ന മട്ടില്‍ ന്ായീകരിച്ചത്. കേരളത്തില്‍ സിപിഎം – ബിജെപി ഏറ്റുമുട്ടലുകള്‍ വ്യാപകമാകാനുള്ള സാധ്യതയിലേക്കാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിരല്‍ ചൂണ്ടുന്നത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ഇരുവിഭാഗങ്ങളുടേയും നേതൃത്വങ്ങള്‍ അതിനു പച്ചക്കൊടി കാണിക്കുന്ന ദുരന്തമാണ് മലയാളികള്‍ കാണുന്നത്.
കുറെ പേര്‍ കയ്യടിക്കുമ്പോഴും നാലര പതിറ്റാണ്ടായി തുടരുന്ന മന്ത്രിസഭായോഗങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനങ്ങള്‍ വേണ്ട എന്നു വെച്ചതും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ചില മാധ്യമപ്രവര്‍ത്തകരുടെ തെറ്റായ രീതികളുടെ പേരില്‍ ഈ നടപടിയെ ന്യായീകരിക്കുന്നത് ജനാധിപത്യസംവിധാനത്തിനു ഗുണം ചെയ്യില്ല. കൂടുതല്‍ കൂടുതല്‍ സുതാര്യമാകേണ്ട ഭരണകൂടം അതാര്യമാകുകയാണ് ഇതുവഴി സംഭവിക്കുന്നത്. ജനാധിപത്യത്തിന്റെ മഹത്തായ സംഭാവനയായ വിവരാവകാശത്തിനുനേരെ പോലും നിഷേധാത്മക നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്നതും ശക്തമായ വിമര്‍ശനം അര്‍ഹിക്കുന്നു.
കണ്ണൂരിലെ ദളിത് സഹോദരിമാരുമായി ബന്ധപ്പെട്ട വിഷയത്തിലും നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. ഒരു വശത്ത് രണ്ടു സ്ത്രീകള്‍ പാര്‍ട്ടി ഓഫീസില്‍ കയറി അക്രമിച്ചു എന്ന ആരും വിശ്വസിക്കാത്ത പ്രചരണം നടത്തി പിഞ്ചുകുഞ്ഞുമായി ഇരുവരേയും തുറുങ്കിലടക്കാന്‍ കൂട്ടുനില്‍ക്കുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്. അതിലൊരു കുട്ടി ആത്മഹത്യക്കും ശ്രമിച്ചതോടെ അഖിലേന്ത്യാതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തായായി അത് മാറുകയായിരുന്നു. മുല്ലപ്പെരിയാര്‍, അതിരപ്പിള്ളി വിഷയങ്ങളിലെ നിലപാടുകളുടെ പേരിലും സര്‍ക്കാര്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. ഇപ്പോഴിതാ മുന്‍സര്‍ക്കാരിന്റെ കാലത്ത് ഏറെ കോലാഹലമുണ്ടാക്കിയ മദ്യനയം തന്നെയാണ് തങ്ങളുടേതും എന്ന് പ്രഖ്യാപിക്കാനും സര്‍ക്കാരിന് ഒരു ചമ്മലുമുണ്ടായില്ല എന്നത് ആശ്ചര്യകരമായിിക്കുന്നു. ജിഷ വധകേസില്‍ പിടികൂടിയിരിക്കുന്ന പ്രതിയെ കുറിച്ചുള്ള സംശയങ്ങളാകട്ടെ ആഭ്യന്തരവകുപ്പിന് പരിഹരിക്കാനായിട്ടില്ല.
തീര്‍ച്ചയായും ഋഷിരാജ് സിംഗ്, ജേക്കബ് തോമസ് തുടങ്ങിയ വണ്‍മാന്‍ ഷോ നടത്തുന്ന ചില ഉദ്യോഗസ്ഥരിലൂടേയും ചിന്തയിലും പ്രവര്‍ത്തിയിലും സിപിഎം നേതാക്കളില്‍ നിന്നു തികച്ചും വ്യത്യസ്ഥരായ തോമസ് ഐസക്ക്, സി രവീന്ദ്രനാഥ് തുടങ്ങിയവരിലൂടേയും മികച്ച ഇമേജ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട.് എ്ന്നാല്‍ ഏറ്റവും പ്രധാനം മുഖ്യമന്ത്രിയുടെ ഇമേജാണ്. അതില്‍ കാര്യമായ പോറല്‍ ഇതിനകം വീണു കഴിഞ്ഞു എന്നാണ് അദ്ദേഹം മനസ്സിലാക്കേണ്ടത്. അതു തിരിച്ചെടുക്കുന്നതായിരിക്കും മധുവിധു കഴിയാത്ത സര്‍ക്കാരിന് ഉചിതമാകുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply