മല്‍ക്കാന്‍ഗിരിയും ഭോപ്പാലും കേരളത്തിലും?

നിലമ്പൂര്‍ വനത്തില്‍ രണ്ടു മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നത് ഏറ്റുമുട്ടലിലൂടെയെന്ന പോലീസ് വാദം പച്ചക്കള്ളമാണെന്ന് ഏറെക്കുറെ വ്യക്തമായികരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന വിശദീകരണങ്ങളെല്ലാം നല്‍കുന്ന സൂചന സംഭവിച്ചത് വ്യാജഏറ്റുമുട്ടല്‍ കൊല തന്നെ എന്നാണ്. ഒരുപക്ഷെ ഇന്ത്യയില്‍ തന്നെ നടന്ന ആദ്യകാല വ്യാജഏറ്റുമുട്ടല്‍ കൊല വര്‍ഗ്ഗീസിന്റേതായിരുന്നു. അന്നുതന്നെ അതേറെക്കുറെ വ്യക്തമായിരുന്നെങ്കിലും തെളിയിക്കപ്പെടാന്‍ ദശകങ്ങള്‍ വേണ്ടിവന്നു. വര്‍ഗ്ഗീസിനെ വെടിവെച്ച കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍തന്നെ ജീവിതത്തിന്റെ അവസാനകാലത്ത് സത്യം തുറന്നു പറയുകയും കൊലക്കു നിര്‍ദ്ദേശം നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ ലക്ഷ്മണ ശിക്ഷിക്കപ്പെടുകയും ചെയ്തു. […]

mmm

നിലമ്പൂര്‍ വനത്തില്‍ രണ്ടു മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നത് ഏറ്റുമുട്ടലിലൂടെയെന്ന പോലീസ് വാദം പച്ചക്കള്ളമാണെന്ന് ഏറെക്കുറെ വ്യക്തമായികരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന വിശദീകരണങ്ങളെല്ലാം നല്‍കുന്ന സൂചന സംഭവിച്ചത് വ്യാജഏറ്റുമുട്ടല്‍ കൊല തന്നെ എന്നാണ്. ഒരുപക്ഷെ ഇന്ത്യയില്‍ തന്നെ നടന്ന ആദ്യകാല വ്യാജഏറ്റുമുട്ടല്‍ കൊല വര്‍ഗ്ഗീസിന്റേതായിരുന്നു. അന്നുതന്നെ അതേറെക്കുറെ വ്യക്തമായിരുന്നെങ്കിലും തെളിയിക്കപ്പെടാന്‍ ദശകങ്ങള്‍ വേണ്ടിവന്നു. വര്‍ഗ്ഗീസിനെ വെടിവെച്ച കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍തന്നെ ജീവിതത്തിന്റെ അവസാനകാലത്ത് സത്യം തുറന്നു പറയുകയും കൊലക്കു നിര്‍ദ്ദേശം നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ ലക്ഷ്മണ ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയനേതൃത്വം ഭംഗിയായി രക്ഷപ്പെടുകയായിരുന്നു.
മാവോയിസ്റ്റുകളുടെ രഷ്ട്രീയം ശരിയോ തെറ്റോ എന്നത് ഈ അവസരത്തിലെങ്കിലും പ്രസക്തമല്ല. നിലവിലെ എല്ലാ നിയമസംവിധാനങ്ങളേയും അട്ടിമറിച്ച്, തികച്ചും നിയമവിരുദ്ധമായാണ് കുപ്പുദേവരാജിനേയും അജിതയേയും വധിച്ചതെന്നുതന്നെയാണ് എല്ലാ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. സംഭവത്തെ ന്യായീകരിക്കാന്‍ രംഗത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിക്കുന്ന കാഴ്ചയാണ് ദൃശ്യമാധ്യമങ്ങളില്‍ കണ്ടത്. അതേസമയം സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ സംഭവത്തിനെതിരെ അതിശക്തമായിതന്നെ രംഗത്തുവന്നതും ശ്രദ്ധേയമായി. കേരളത്തില്‍ മാവോയിസ്റ്റ് വേട്ട വേണ്ടെന്നും അഭിപ്രായം പറയുന്നവരെ നിശബ്ദരാക്കുന്നതു ശരിയായ രാഷ്ട്രീയമല്ലെന്നും കാനം പറഞ്ഞു. ആദിവാസികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളുണ്ട്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതു പരിഷ്‌കൃതസമൂഹത്തിനു യോജിച്ചതല്ല. നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കാനല്ല സംസ്ഥാനത്ത് ഒരു സര്‍ക്കാരുള്ളത്. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണു ജനാധിപത്യത്തിന്റെ പ്രത്യേകത. എന്നാല്‍, അഭിപ്രായങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണു ഭരണകൂടങ്ങള്‍ നടപ്പാക്കുന്നത്. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന സന്ദേശമാകണം ഇടതുസര്‍ക്കാര്‍ നല്‍കേണ്ടത്എന്നിങ്ങനെപോയി കാനത്തിന്റെ വാക്കുകള്‍. വര്‍ഗീസിനെ ബന്ധനസ്ഥനാക്കി വെടിവച്ചുകൊന്നതിനുശേഷവും രാജന്‍ സംഭവത്തിനുശേഷവും കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശപ്രശ്‌നമാണിതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടു ഗ്രോ വാസു ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംശയകരമായ സാഹചര്യമായതിനാല്‍ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ വേണമെന്ന ന്യായമായ ആവശ്യവും തള്ളിക്കളഞ്ഞിരിക്കുകയാണ്.
നിലമ്പൂര്‍ കരുളായി പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പൂളപ്പൊട്ടി കണ്ടംതരിശ് വനമേഖലയിലാണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിന്റേയും അജിതയുടേയും മൃതദേഹങ്ങള്‍ കണ്ടത്. പോലീസ് അവകാശപ്പെടുന്നതുപോലെ ഏറ്റുമുട്ടല്‍ നടന്നതിന്റെ ലക്ഷണമൊന്നും സംഭവസ്ഥലത്തില്ലെന്നാണ് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ കൊല്ലപ്പെട്ടവരുടെ ശരീരത്ത് ഒട്ടേറെ വെടിയുണ്ടകള്‍ ഏല്‍ക്കാറുമുണ്ട്. എന്നാല്‍ കാവേരിയുടെയും ദേവരാജിന്റെയും മൃതദേഹങ്ങളുടെ ചിത്രങ്ങളില്‍ ആ സൂചനയില്ല. മൃതദേഹങ്ങള്‍ കിടക്കുന്നിടത്ത് ചോരപ്പാടുകളും പ്രത്യക്ഷത്തില്‍ കാണാനില്ല. ഇരുപക്ഷവും തമ്മില്‍ ഇരുപതു മിനിറ്റ് നേര്‍ക്ക്‌നേര്‍ പരസ്പരം വെടിവെയ്പ്പ് നടന്നുവെന്ന് അവകാശപ്പെടുമ്പോഴും പൊലീസുകാര്‍ക്ക് ആര്‍ക്കും തന്നെ പരി്ക്കില്ല. മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു അജിതയുടെ മൃതദേഹം. ഇവരുടെ വയറിന്റെ ഇടതുഭാഗത്തും തോളിലുമാണു വെടിയേറ്റത്. ദേവരാജന്റെ മൃതദേഹം കമഴ്ന്നുകിടക്കുകയായിരുന്നു. മാവോയിസ്റ്റുകള്‍ വിശ്രമിക്കവേ താവളം വളഞ്ഞ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നെന്നാണു സൂചന. അല്ലെങ്കില്‍ പിടിച്ചുകെട്ടി വെടിവെച്ചതാകാം. ആദ്യം വെടിവച്ചതു മാവോയിസ്റ്റുകളാണെന്നു പോലീസ് പറയുന്നത് അവിശ്വസനീയമാണ്. മൃതദേഹങ്ങള്‍ കാണപ്പെട്ട സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കൊണ്ടുപോകാമെന്നാ ജില്ലാ പോലീസ് മേധാവിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. സംഭവത്തെ കുറിച്ച് ഡിജിപിയുടെ പത്രസമ്മേളനമുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. കരിമരുന്ന്, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, 32 പെന്‍െ്രെഡവുകള്‍, അഞ്ചുലക്ഷം രൂപ എന്നിവയ്ക്കു പുറമേ മാവോയിസ്റ്റ് ക്യാമ്പില്‍നിന്നു പമ്പ് ആക്ഷന്‍ റൈഫിള്‍ കണ്ടെടുത്തെന്നും അതുപയോഗിച്ചു വെടിയുതിര്‍ക്കുന്നതിനിടെ ദേവരാജനെ പ്രത്യാക്രമണത്തില്‍ വധിക്കുകയായിരുന്നെന്നുമാണു പോലീസ് ഏകപക്ഷിയമായി പറയുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ പട്ടാപ്പകല്‍ രക്തച്ചൊരിച്ചില്‍ നടത്തുമ്പോള്‍, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി മനുഷ്യരെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുമ്പോള്‍, മതഭ്രാന്തന്മാര്‍ മനുഷ്യരുടെ കൈപ്പത്തികള്‍ വെട്ടിമാറ്റുമ്പോള്‍, ഈ പൊലീസ് എവിടെയായിരുന്നുവെന്ന സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ ചോദ്യമാണ് ഇവിടെ പ്രസക്തം. മാവോയിസ്റ്റ് മുദ്ര ചാര്‍ത്തിയാല്‍ പിന്നെ ഒരാളെ എവിടെവെച്ചും എങ്ങിനെയും കൊന്നുകളയാമെന്ന കേന്ദ്രഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ സമീപനം തന്നെ ഇടതുപക്ഷസര്‍ക്കാരും പിന്തുടരുന്നതെന്ന് വ്യക്തം. മോദിയെ പിണറായി വിജയന്‍ മാതൃകയാക്കുകയണോ? അതുപോലെ തന്നെ ദേശാഭിമാനി, ജന്മഭൂമിയെ മാതൃകയാക്കുന്നതിനും ഈ സംഭവം സാക്ഷ്യം വഹിക്കുന്നു. മല്‍ക്കാന്‍ഗിരി, ഭോപ്പാല്‍ സംഭവങ്ങളെ കുറിച്ചുള്ള ജന്മഭൂമിയുടെ റിപ്പോര്‍്ട്ടുകള്‍ക്ക് സമാനമാണ് നിലമ്പൂര്‍ സംഭവത്തെ കുറിച്ചുള്ള ദേശാഭിമാനി റിപ്പോര്‍ട്ടും.
ത്സാര്‍ഖണ്ഡ്, ഛത്തിസ്ഗഡ്, ഒഡിഷ, തെലങ്കാന എന്നിവിടങ്ങളില്‍ മാവോവാദികള്‍ക്കെതിരായ വേട്ടയും വ്യാജ ഏറ്റുമുട്ടലും പതിവ് വാര്‍ത്തകളാണ്. മനുഷ്യാവകാശ പ്വ്രര്‍കരും നിരന്തരമായി അക്രമിക്കപ്പെടാറുണ്ട്. സര്‍ക്കാര്‍ ചെലവില്‍തന്നെ സാല്‍വ ജുദം പോലുള്ള കൊലപാതക സംഘങ്ങളെ കയറൂരിവിട്ടിരിക്കുകയുമാണ്. സുപ്രിംകോടതി ഇടപെട്ടാണ് ആ സംഘത്തെ പിരിച്ചുവിട്ടത്. കേരളത്തിലും ഇത്തരം നടപടികള്‍ കൊണ്ടുവരാനാണോ ഇടതുസര്‍ക്കാര്‍ തയ്യാറാകുന്നത് എന്നചോദ്യമാണ് ഇപ്പോള്‍ ഉയര്‍ത്തേണ്ടത്. സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ സുതാര്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാരാകമം. കാനം പറഞ്ഞപോലെ സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അഭിപ്രായപ്രകടനങ്ങള്‍ക്കുള്ള പൗരന്റെ സ്വാതന്ത്ര്യത്തിനും വിഘാതം സൃഷ്ടിക്കുന്ന, അതിന് മനുഷ്യജീവന്‍ തന്നെ വിലയായി നല്‍കുന്ന അവസ്ഥ കേരളത്തില്‍ ഒരു കാരണവശാലും സൃഷ്ടിക്കപ്പെടാന്‍ അവസരം നല്‍കിക്കൂട. മാവോവാദികള്‍ നിയമസംവിധാനത്തെ അംഗീകരിക്കുന്നില്ല എന്നു വെച്ച് അതംഗീകരിക്കാതിരിക്കാന്‍ ജനാധിപത്യ സംവിധാനത്തിന് അവകാശമുണ്ടോ? പോലീസിനവകാശമുണ്ടോ? തികച്ചും നിയമപരമായിതന്നെ വേണം മാവോയിസ്റ്റുകളേയും നേരിടാന്‍. കൂടാതെ രാഷ്ട്രീയമായും അവരുന്നയിക്കുന്ന ന്യായമായ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയുമാണ്. രാജ്യത്തെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ മോശപ്പെട്ട അവസ്ഥയാണ് തീവ്രവാദത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതെന്നത് പകല്‍ പോലെ വ്യക്തമാണ്. കേരളത്തിലടക്കം ആദിവാസികളുടേയും ദളിതരുടേയും അവസ്ഥതന്നെ ഏറ്റവും വലിയ ഉദാഹരണം. ഇവരുടെ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താതെ അക്കാര്യം ഉന്നയിക്കുന്നവരെ ദേശവിരുദ്ധരും തീവ്രവാദികളുമമാക്കി നിയമത്തെ കാറ്റില്‍ പറത്തി കൊല്ലാന്‍ എന്തവകാശമാണ് സര്‍ക്കാരിനുള്ളത്? അതുപോലെ അഫ്‌സ്ഫ, യുഎപിഎ പോലുള്ള കരിനിയമങ്ങളും പിന്‍വലിക്കാനാണ് ഭരണകൂടം തയ്യാറാകേണ്ടത്. നിലവിലുള്ളത് ജനാധിപത്യസംവിധാനമാണെന്നും അതിലൂടെയാണ് തങ്ങള്‍ അധികാരത്തിലെത്തിയതെന്നും മറക്കുന്നിടത്താണ് ഭരണകൂടം ഫാസിസ്റ്റായി മാറുന്നത്…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply