നീറ്റലായി വീണ്ടും സിറിയ

മാത്യു കുഴല്‍നാടന്‍ നൂറുകണക്കിന് സാധാരണക്കാരുടെയും കുട്ടികളുടെയും മരണത്തിനിടയാക്കിയ രാസായുധ പ്രയോഗവും അതിനു മറുപടിയായി അമേരിക്ക നടത്തിയ വ്യോമാക്രമണവും സിറിയയെ അശാന്തിയുടെ പുതിയ തലങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. കാലങ്ങളായി തുടരുന്ന സിറിയന്‍ ആഭ്യന്തരയുദ്ധം മാനവരാശിക്ക് താങ്ങാവുന്നതിനപ്പുറം വേദന സമ്മാനിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുതിയ സംഭവം. സിറിയന്‍ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയാത്തത് ലോകസമാധാനത്തിനുതന്നെ ഭീഷണിയാണ്. രാസായുധപ്രയോഗത്തിന്റെ അനന്തരഫലമായി പിഞ്ചുകുട്ടികളും സ്ത്രീകളും അടക്കമുള്ള നിരാലംബരുടെ മരണം ലോക മനഃസാക്ഷിയെ ഞെട്ടിച്ചു. പ്രമുഖ രാഷ്ട്രങ്ങളെല്ലാം ആക്രമണത്തെ അപലപിക്കുകയും ഇത്തരം ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. […]

sssമാത്യു കുഴല്‍നാടന്‍

നൂറുകണക്കിന് സാധാരണക്കാരുടെയും കുട്ടികളുടെയും മരണത്തിനിടയാക്കിയ രാസായുധ പ്രയോഗവും അതിനു മറുപടിയായി അമേരിക്ക നടത്തിയ വ്യോമാക്രമണവും സിറിയയെ അശാന്തിയുടെ പുതിയ തലങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. കാലങ്ങളായി തുടരുന്ന സിറിയന്‍ ആഭ്യന്തരയുദ്ധം മാനവരാശിക്ക് താങ്ങാവുന്നതിനപ്പുറം വേദന സമ്മാനിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുതിയ സംഭവം.
സിറിയന്‍ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയാത്തത് ലോകസമാധാനത്തിനുതന്നെ ഭീഷണിയാണ്. രാസായുധപ്രയോഗത്തിന്റെ അനന്തരഫലമായി പിഞ്ചുകുട്ടികളും സ്ത്രീകളും അടക്കമുള്ള നിരാലംബരുടെ മരണം ലോക മനഃസാക്ഷിയെ ഞെട്ടിച്ചു. പ്രമുഖ രാഷ്ട്രങ്ങളെല്ലാം ആക്രമണത്തെ അപലപിക്കുകയും ഇത്തരം ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഇതിനുമുമ്പ് 2013 ഓഗസ്റ്റില്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിനു സമീപം ഗൗട്ടയില്‍ രാസായുധ പ്രയോഗം നടത്തിയിരുന്നു. അന്നത്തെ സാരിന്‍ എന്ന മാരകവിഷമാണ് ഇത്തവണയും പ്രയോഗിച്ചിട്ടുള്ളത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിമതര്‍ കൈവശംവച്ചിരുന്ന പ്രദേശം മോചിപ്പിക്കാന്‍ ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് രാസായുധപ്രയോഗം നടത്തിയതെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ലോകരാഷ്ട്രങ്ങളെ ഇടപെടീക്കാന്‍ വിമതര്‍തന്നെയാണ് രാസായുധ പ്രയോഗത്തിനുപിന്നിലെന്നാണ് അസദ് ഭരണകൂടം വാദിച്ചത്.
ഗൗട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതേവര്‍ഷം സെപ്റ്റംബറില്‍ സൈനിക നടപടിക്ക് അനുമതി തേടുന്ന പ്രമേയം അമേരിക്ക ഐക്യരാഷ്ട്രസംഘടനാ രക്ഷാസമിതിയില്‍ അവതരിപ്പിച്ചു. റഷ്യഅമേരിക്ക ചര്‍ച്ചയുടെ ഫലമായി കൈവശമുള്ള രാസായുധശേഖരം പൂര്‍ണമായും നശിപ്പിക്കാമെന്ന സിറിയന്‍ ഭരണകൂടത്തിന്റെ ഉറപ്പിന്മേല്‍ സൈനികനടപടി ഉപേക്ഷിക്കുകയായിരുന്നു. 2012ല്‍ രാസായുധം ശേഖരിക്കുന്നെന്നു ചൂണ്ടിക്കാട്ടി സിറിയയെ അമേരിക്ക താക്കീതു ചെയ്തിരുന്നു. ഇതെല്ലാം അവഗണിച്ച് 2013ല്‍ സിറിയ ആക്രമണത്തിനു തയാറായപ്പോള്‍ അസദിനു സംരക്ഷണം തീര്‍ക്കാന്‍ റഷ്യ മുന്നോട്ടുവരികയായിരുന്നു. പുതിയ സാഹചര്യത്തിലും തങ്ങള്‍ രാസായുധ പ്രയോഗം നടത്തിയിട്ടില്ല എന്ന സിറിയന്‍ ഭരണകൂടത്തിന്റെ വാദത്തെ റഷ്യ പിന്തുണയ്ക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണു കഴിഞ്ഞ ദിവസം സിറിയയ്‌ക്കെതിരേ വ്യോമാക്രമണത്തിന് അമേരിക്ക മുതിര്‍ന്നത്. പ്രതീക്ഷിച്ചതുപോലെ യു.എസിന് ആദ്യം പിന്തുണയുമായെത്തിയതു ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനും ഓസ്‌ട്രേലിയയും ഇസ്രയേലും അടക്കമുള്ള രാജ്യങ്ങളാണ്. പിന്നാലെ സൗദി അറേബ്യയും തുര്‍ക്കിയും രംഗത്തെത്തിയപ്പോള്‍ റഷ്യയും ഇറാനും യു.എസ്. വ്യോമാക്രമണത്തെ തുറന്നെതിര്‍ത്തു. 2013 കാലയളവില്‍ യു.എസ്. പ്രസിഡന്റായിരുന്ന ബരാക് ഒബാമ സിറിയന്‍ വിഷയത്തില്‍ സ്വീകരിച്ച അയഞ്ഞ സമീപനമാണ് സ്ഥിതി വഷളാക്കാന്‍ കാരണമെന്ന് പുതിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ സൂചിപ്പിച്ചുകഴിഞ്ഞു.
തീവ്രവാദ സാന്നിധ്യവും രാസായുധ, അണ്വായുധ സാധ്യതകളുമൊക്കെച്ചേര്‍ന്ന് ലോകം മുമ്പെങ്ങുമില്ലാത്തവിധം അരക്ഷിതാവസ്ഥയിലാണ്. വിവിധ കോണുകളില്‍ നിലനില്‍ക്കുന്ന അശാന്തിക്കു പരിഹാരം കാണാന്‍ ലോകരാഷ്ട്രങ്ങള്‍ക്കു കഴിയുന്നില്ല. ലോക സമാധാനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് രൂപം കൊടുത്ത ഐക്യരാഷ്ട്ര സംഘടന പോലുള്ള സംവിധാനങ്ങള്‍ കടമ നിര്‍വഹിക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ രാജ്യാന്തര കാഴ്ചപ്പാടുകളില്‍നിന്നു പിന്നോട്ടുപോകുന്നു. സ്വരാജ്യത്തിന്റെ താല്‍പ്പര്യത്തിനു മുന്‍ഗണനയെന്ന പരസ്യനിലപാടിലൂടെ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോകത്തിനു നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല.
ലോകസമാധാനം ഉറപ്പാക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്, പ്രത്യേകിച്ച് വികസിത രാഷ്ട്രങ്ങള്‍ക്ക്. മാനവരാശിക്കു വെല്ലുവിളി ഉയര്‍ത്തുന്ന വിഷയങ്ങളില്‍പോലും ഒരേനിലപാട് സ്വീകരിക്കാന്‍ കഴിയാതെ പോയാല്‍ അതിനു വലിയ വില നല്‍കേണ്ടി വരും. തീവ്രവാദവും യുദ്ധക്കുറ്റങ്ങളും ഏതുവിധത്തിലും ഒഴിവാക്കപ്പെടണം. കാരണം അതിന് ഇരകളാകുന്നതു നിരാലംബരും നിസഹായരുമായ ജനതയാണ്. അതില്‍ തന്നെ മഹാഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്.
സിറിയയില്‍ കൊല്ലപ്പെട്ട നൂറുകണക്കിന് കുട്ടികളും സ്ത്രീകളും ഒരു തീവ്രവാദപ്രസ്ഥാനത്തിന്റെയും ഭാഗമായിരുന്നില്ല. അതിജീവനത്തിനായി പോരാടുന്ന ഒരു ജനതയ്ക്കുനേരേ തുടരുന്ന ഈ കാടത്തം ലോകത്തിന്റെ കണ്ണു തുറപ്പിക്കുമോ?

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply