ദളിത് രോഷത്തില്‍ കത്തിയെരിയും സവര്‍ണ്ണ ഹിന്ദുത്വരാഷ്ട്രീയം
ദളിത് പീഡനം ഇന്ത്യയില്‍ പുതിയ കാര്യമല്ല. എത്രയോ നൂറ്റാണ്ടുകളായി അതു തുടരുന്നു. അയ്യങ്കാളി മുതല്‍ അംബേദ്കര്‍ വരെ നിരവധി പോരാളികളുടെ പോരാട്ടങ്ങളുടെ ഫലമായി കുറെ മാറ്റങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ എല്ലാ മുന്നേറ്റങ്ങളേയും പ്രതിരോധിക്കുന്നത്ര ശക്തായാണ് നമ്മുടെ ജാതിവ്യവസ്ഥക്കുള്ളത് എന്നതിനാല്‍ അതിനൊരു അവസാനം അടുത്തകാലത്തൊന്നും ഉണ്ടാകില്ല എന്നുറപ്പ്. പോരാട്ടം തുടരുക എന്നതുതന്നെയാണ് ദളിതരുടെ മുന്നിലെ ഏകമാര്‍ഗ്ഗം. അതാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രോഹിത് വെമുലക്കും ഉനക്കുംശേഷം ഈ പോരാട്ടം ശക്തിയാര്‍ജ്ജിച്ചുകഴിഞ്ഞു. അവയുടെ അലയൊലികളാണ് ഇന്ത്യയെമ്പാടും മുഴങ്ങുന്നത്. ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയുടെ […]
ദളിത് പീഡനം ഇന്ത്യയില്‍ പുതിയ കാര്യമല്ല. എത്രയോ നൂറ്റാണ്ടുകളായി അതു തുടരുന്നു. അയ്യങ്കാളി മുതല്‍ അംബേദ്കര്‍ വരെ നിരവധി പോരാളികളുടെ പോരാട്ടങ്ങളുടെ ഫലമായി കുറെ മാറ്റങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ എല്ലാ മുന്നേറ്റങ്ങളേയും പ്രതിരോധിക്കുന്നത്ര ശക്തായാണ് നമ്മുടെ ജാതിവ്യവസ്ഥക്കുള്ളത് എന്നതിനാല്‍ അതിനൊരു അവസാനം അടുത്തകാലത്തൊന്നും ഉണ്ടാകില്ല എന്നുറപ്പ്. പോരാട്ടം തുടരുക എന്നതുതന്നെയാണ് ദളിതരുടെ മുന്നിലെ ഏകമാര്‍ഗ്ഗം. അതാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രോഹിത് വെമുലക്കും ഉനക്കുംശേഷം ഈ പോരാട്ടം ശക്തിയാര്‍ജ്ജിച്ചുകഴിഞ്ഞു. അവയുടെ അലയൊലികളാണ് ഇന്ത്യയെമ്പാടും മുഴങ്ങുന്നത്. ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയുടെ വിജയം അതിന്റെ ശക്തമായ പ്രഖ്യാപനം തന്നെ. യുപിയില്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ദളിത് ശക്തി ഉണരുകയാണ്. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ നിന്നുള്ള വാര്‍ത്തകളും പ്രത്യാശ നല്‍കുന്നു.
ഭീമ-കോറിഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികാചരണത്തിനു നേരേയുണ്ടായ ആക്രമണം സംഘപരിവാറിന്റെ ആസൂത്രിതനീക്കമാണെന്ന് ഉറപ്പിക്കാവുന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അവരെപോലും അമ്പരപ്പിച്ചുകൊണ്ടാണ് പ്രതിഷേധാഗ്നി കത്തുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ബന്ദ് സംഘര്‍ഷത്തിലെത്തുകയായിരുന്നു. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഭാരിപ ബഹുജന്‍ മഹാസംഘ് നേതാവും ഡോ. ബി.ആര്‍. അംബദ്കറുടെ ചെറുമകനുമായ പ്രകാശ് അംബേദ്കര്‍ ബന്ദ് പിന്‍വലിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മുംബൈയിലെ പ്രശസ്തമായ ഉച്ചഭക്ഷണ വിതരണ വിതരണക്കാരായ ഡബ്ബാവാലകള്‍ പോലും സേവനത്തില്‍നിന്നു വിട്ടുനിന്നു. ജിഗ്നേഷ് മേവാനിയും ജെ.എന്‍.യു. വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദും നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് ആക്രമണത്തിനു വഴിവച്ചതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഇനിയും പീഡനങ്ങളനുവദിക്കില്ലെന്ന ദളിതരുടെ പ്രഖ്യാപനം തന്നെയാണ് പ്രതിഷേധത്തിന്റെ പുറകില്‍.
സംഭവത്തെ തുടര്‍ന്ന് ഭീമാകോറിഗോണ്‍ യുദ്ധവും വിവാദത്തിലാണ്. സവര്‍ണ്ണചരിത്രകാരന്മാര്‍ ഏറെക്കുറെ അവഗണിച്ച ചരിത്രമുന്നേറ്റമാണിത്. 1818 ജനുവരി ഒന്നാം തീയ്യതി പൂനെയിലെ കൊറേഗാവില്‍ 500 ദലിത് സൈനികര്‍ 28,000 സവര്‍ണ്ണ പേശ്വാ സൈന്യത്തെ നേര്‍ക്കു നേരെയുള്ള യുദ്ധത്തില്‍ തോല്പിച്ച് ഉജ്ജ്വല വിജയം നേടുകയും മറാത്താ ഭരണകൂടത്തിന്റെ സവര്‍ണ്ണ ഭീകര വാഴ്ചക് അറുതി വരുത്തുകയും ചെയ്ത സംഭവമാണിത്.
ബോംബെ നേറ്റീവ് ലൈറ്റ് ഇന്‍ഫെന്ററിയുടെ ബ്രിട്ടീഷ് റെജിമെന്റില്‍ പെട്ടവരായിരുന്നു 500 മഹര്‍ സൈനികരും. മറുഭാഗത്ത് പേശ്വാ സൈന്യത്തില്‍ 20,000 ത്തോളം കുതിരപ്പടയും 8000 ഓളം കാലാള്‍ പടയുമുണ്ടായിരുന്നു. പൂനെ നഗരത്തിന്റെ തെക്ക്-കിഴക്ക് 30 കിലോമീറ്റര്‍ ദൂരെയുള്ള കൊറേഗാവ് പ്രദേശത്ത് ഭീമാ നദിയുടെ തീരത്താണ് യുദ്ധം നടന്നത്. ഷിരൂര്‍ മുതല്‍ ഭീമാ കൊറേഗാവ് വരെ 27 മൈലുകള്‍ മാര്‍ച്ച് ചെയ്ത് ഭക്ഷണവും കുടിവെള്ളവുമില്ലാതെ കഷ്ടപ്പെട്ടുകൊണ്ടാണ് ദലിത് യോദ്ധാക്കള്‍ 12 മണിക്കൂര്‍ തുടര്‍ചയായി യുദ്ധം ചെയ്ത് സവര്‍ണ്ണ പേശ്വാ സൈന്യത്തെ തീര്‍ത്തും പരാജയപ്പെടുത്തിയത്. പേശ്വാ സൈന്യത്തലന്മാരടക്കം 500 പേര്‍ മരിച്ചു വീണപ്പോള്‍ മറ്റുള്ളവര്‍ ദലിത് യുദ്ധവീര്യത്തിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു.
പേശ്വാ ഭരണത്തിന്‍ കീഴില്‍ കൊടിയ പീഢനങ്ങളും അടിച്ചമര്‍ത്തലുകളും അനുഭവിച്ച ദലിതരെ സംബന്ധിച്ചിടത്തോളം ഭീമാ കോറേഗാവ് യുദ്ധം ഒരു സ്വതന്ത്ര്യ സമരമായിരുന്നു. ഇതിലൂടെ സ്വാതന്ത്യവും മനുഷ്യാവകാശങ്ങളും അന്തസ്സും നേടിയെടുക്കാനും സവര്‍ണ്ണ ജാതി-സാമ്രാജ്യത്വത്തിനെ കടപുഴക്കിയെറിഞ്ഞ് ജനാധിപത്യ ഭരണത്തിലേക്ക് വഴിയൊരുക്കയും ചെയതു. ബാബാസാഹെബ് അംബേദ്കര്‍ കോറേഗാവ് സന്ദര്‍ശിച്ച് ദലിത് സൈനിക വിജയ സ്മരണ നില നിര്‍ത്തിയിരുന്നു. ബാബയുടെ പാത പിന്‍തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി ഒന്നിന് ആയിരകണക്കിന് ദലിതര്‍ ഇവിടേക്ക് ഒഴുകിയെത്തി കോഗോവ് വിജയ സ്തൂപത്തിനു മുന്നില്‍ പ്രണമിച്ചു മടങ്ങുന്നു. ഇത്തവണ 200-ാം വാര്‍ഷികമായിരുന്നതിനാല്‍ എത്തിചേര്‍ന്ന ദളിതരുടെ എണ്ണം വളരെ കൂടുതലായിരുന്നു. അതായിരുന്നു സംഘപരിവാറിനെ ചൊടിപ്പിച്ചത്.
രാഷ്ട്രീയവും യുദ്ധവും മേധാവിത്വവും ജന്മസിദ്ധമായി തങ്ങളുടെ മാത്രം കുത്തകയാണെന്ന് കരുതിയിരുന്ന സവര്‍ണ്ണ ഹിന്ദുവിന്റെ ജാത്യാഭിമാനത്തെ തച്ചു തകര്‍ക്കാനുള്ള ശക്തി ഭീമാകോറിഗോണ്‍ യുദ്ധത്തില്‍ പങ്കെടുത്ത ദലിതര്‍ക്ക് ഉണ്ടായിരുന്നുവെന്ന് അംബേദ്കര്‍ തിരിച്ചറിഞ്ഞിരുന്നു. ഭീമയിലെ വിജയം കേവലം നൂറ്റാണ്ടുകളായി സവര്‍ണ്ണരാല്‍ അടിച്ചമര്‍ത്തപെട്ടവരുടെ പ്രതിഷേധത്തിന്റെ കൂടി വിജയമായിരുന്നു എന്ന ചരിത്ര സത്യത്തെ കൃത്യമായി അംബേദ്കര്‍ തിരിച്ചറിഞ്ഞു എന്നതിനാലാണ് മരിക്കുംവരെ മുടങ്ങാതെ എല്ലാ പുതുവര്‍ഷദിനത്തിലും അദ്ദേഹം കോറിഗോണ്‍ സന്ദര്‍ശിച്ചത്. ജാതിക്കും മതത്തിനുമതീതമായി വടക്കേയിന്ത്യയിലെ ദലിതുകളും മുസ്ലീമുകളും ഇന്ന് ഭീമാകോറിഗോണ്‍ സന്ദര്‍ശിക്കുന്നുണ്ട്. അതിനാല്‍ തന്നെയാണ് അഖില ഭാരതീയ ബ്രാഹ്മണ സഭയും രാഷ്ട്രീയ ഏകത് മാതാ രാഷ്ട്രീയ അഭിയാനും ഹിന്ദു അഖാടിയുമടക്കം പെഷ്വായുടെ പിന്‍തലമുറകള്‍വരെ ദലിതുകള്‍ക്കെതിരേ തെരുവില്‍ ഇറങ്ങിയത്.
ദളിതര്‍ അഭിമാനത്തോടെ സ്മരിക്കുന്ന ഈ യുദ്ധത്തെ കുറിച്ചുള്ള മറ്റൊരു വിമര്‍ശനം ബ്രിട്ടീഷ് സഹായത്തോടെയാണ് യുദ്ധം ജയിച്ചതെന്നും അതിനാല്‍ തന്നെ അത് ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്കും സ്വാതന്ത്ര്യസമരത്തിനും തന്നെ എതിരായിരുന്നു എന്നുമാണ്. അതിനുള്ള മറുപടി ബ്രിട്ടീഷുകാരാണ് നമുക്ക് സന്യാസം തന്നതെന്ന നാരായണഗുരുവിന്റെ വാക്കുകളിലുണ്ട്. സാമൂഹ്യചൂഷണങ്ങളിലും ക്രൂരമായ ജാതിവ്യവസ്ഥയും നിലനിര്‍ത്തി ലഭിക്കുന്ന സ്വാതന്ത്ര്യം യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ല എന്ന് എല്ലാ ദളിത് പ്രവര്‍ത്തകരും അന്നേ തിരിച്ചറിഞ്ഞിരുന്നു. സാമൂഹ്യനവോത്ഥാന നായകര്‍ക്ക് സ്വാതന്ത്ര്യസമരത്തേക്കാള്‍ പ്രധാനം ഇന്ത്യയിലെ ക്രൂരമായ സാമൂഹ്യചൂഷണത്തിനെതിരായ പോരാട്ടങ്ങളായിരുന്നു എന്നത് ചെറിയ കാര്യമല്ല. അംബേദ്കര്‍ തന്നെ ഇക്കാര്യം എത്രയോ തവണ പരാമര്‍ശിച്ചിരുന്നു. ഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ സംവാദങ്ങളിലെല്ലാം ഈ വിഷയം കടന്നു വന്നിരുന്നു. പേഷ്വായുടെ ഭരണത്തെ ബ്രിട്ടീഷ് സഹായത്തോടെ തകര്‍ത്ത ദളിതര്‍ അന്നു ചെയ്തത് ചരിത്രത്തിനു കാവ്യാത്മകമായ ഒരു മറുപടി നല്‍കുകയായിരുന്നു. എന്നാല്‍ ചരിത്രത്തെ പുറകോട്ടുവലിക്കുന്നവരാണ് 200 വര്‍ഷം കഴിഞ്ഞിട്ടും ദളിത് വേട്ടക്കിറങ്ങിയിരിക്കുന്നത്. എന്നാല്‍ ദളിത് രോഷത്തില്‍ കത്തിയെരിയാന്‍ പോകുന്നത് മാത്രമാണ് ഇവരുടെ സവര്‍ണ്ണഹിന്ദുത്വ രാഷ്ട്രീയമെന്നത് കാലം തെളിയിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in