തൊണ്ടിമുതലും ദൃക്‌സാക്ഷിയും – ശ്രീജയുടെ ജാതി അദൃശ്യത പ്രശ്‌നവല്‍ക്കരിക്കണം
സന്തോഷ് കുമാര്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയില്‍ ‘ചോവനായ’ പ്രസാദിന്റെ ഐഡന്റിറ്റി വ്യക്തമാക്കിയിട്ടും മേല്‍ജാതിയായ ശ്രീജയുടെ ജാതി എന്തിനാണ് സംവിധായകനും തിരക്കഥാകൃത്തും മറച്ചുവെച്ചിരിക്കുന്നത് ? ഈ അടുത്തകാലത്ത് കണ്ട നല്ല മലയാള സിനിമകളില്‍ ഒന്നാണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’. ഓട്ടോ ഓടിക്കുന്ന ‘മംഗലത്ത്’ ശ്രീനിക്കും തുല്യപദവിയില്‍ തൊഴിലെടുക്കുന്ന പ്രസാദിനും ഒരിക്കലും ഒന്ന് ചേരാന്‍ കഴിയാത്ത ജാതീയ ഇടമാണ് നിലനില്‍ക്കുന്നത് എന്ന് സാമ്പത്തികമാത്ര സിദ്ധാന്തങ്ങള്‍ക്ക് പുറത്തേക്ക് പോകുന്ന വ്യകതിയുടെ സാമൂഹിക മൂലധനത്തിന്റെയും പദവിയുടെയും നേര്‍ക്കാഴ്ചകള്‍ നമ്മുക്ക് സിനിമയില്‍ കാണാം. പൗരന് എപ്പോള്‍ വേണമെങ്കിലും […]
തൊണ്ടിമുതലും ദൃക്‌സാക്ഷിയില്‍ ‘ചോവനായ’ പ്രസാദിന്റെ ഐഡന്റിറ്റി വ്യക്തമാക്കിയിട്ടും മേല്‍ജാതിയായ ശ്രീജയുടെ ജാതി എന്തിനാണ് സംവിധായകനും തിരക്കഥാകൃത്തും മറച്ചുവെച്ചിരിക്കുന്നത് ?
ഈ അടുത്തകാലത്ത് കണ്ട നല്ല മലയാള സിനിമകളില്‍ ഒന്നാണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’. ഓട്ടോ ഓടിക്കുന്ന ‘മംഗലത്ത്’ ശ്രീനിക്കും തുല്യപദവിയില്‍ തൊഴിലെടുക്കുന്ന പ്രസാദിനും ഒരിക്കലും ഒന്ന് ചേരാന്‍ കഴിയാത്ത ജാതീയ ഇടമാണ് നിലനില്‍ക്കുന്നത് എന്ന് സാമ്പത്തികമാത്ര സിദ്ധാന്തങ്ങള്‍ക്ക് പുറത്തേക്ക് പോകുന്ന വ്യകതിയുടെ സാമൂഹിക മൂലധനത്തിന്റെയും പദവിയുടെയും നേര്‍ക്കാഴ്ചകള്‍ നമ്മുക്ക് സിനിമയില്‍ കാണാം. പൗരന് എപ്പോള്‍ വേണമെങ്കിലും നീതി നിഷേധിക്കാനും ‘രക്ഷിക്കാനും’ കഴിയുന്ന, സ്റ്റേറ്റിന്റെ താല്പര്യത്തിനൊത്ത് നീതിയെ മാറ്റാനും മാറിയിക്കാനും കഴിയുമെന്ന് തെളിയിക്കുന്ന, നിരന്തരം നമ്മുടെ ബോധ്യങ്ങള്‍ക്ക് മുന്നിലൂടെയും നിസ്സഹായതയ്ക്ക് മുന്നിലൂടെയും ‘തങ്ങളുടെ താല്പര്യങ്ങള്‍’ യാഥാര്‍ത്ഥ്യമായി/ സത്യമായി/ ചരിത്രമായി മാറ്റുന്ന ‘സ്റ്റേറ്റ് പോലീസും’ അവിടുത്തെ ‘ചന്ദ്രന്‍ സാറും’ യാഥാര്‍ത്ഥ്യത്തിന് നേരെയുള്ള കണ്ണാടിയാണ്. ഇവിടെ ചന്ദ്രന്‍ സാര്‍ സ്വയം രക്ഷപെടാനാണെങ്കിലും അത് പലപ്പോഴും പൗരനെ, ജനതയെ വരുതിയില്‍ നിര്‍ത്താനും അടിച്ചോതുക്കാനും ആണെന്ന് മാത്രം. ‘ഐഡന്റിറ്റിറ്റി ഇല്ലായ്മയും’ അനാഥത്വവും ‘വിശപ്പും’ സൃഷ്ടിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ അരക്ഷിതാവസ്ഥകളും, ഒരേ പേരിലെ കള്ളനും നിഷ്‌ക്കളങ്കനും, സത്യ അസത്യങ്ങളുടെ ആപേക്ഷികതയും…. അങ്ങനെയെന്തെല്ലാം ചിത്രത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും. എന്തൊരു ഗംഭീരമായ അഭിനയമാണ് ഫഹദും സുരാജ് വെഞ്ഞാറമൂടും അലന്‍സിയര്‌റും അതിലെ ഓരോ നടന്മാരും കാഴ്ചവെച്ചിരിക്കുന്നത്.
ജാതീയതയുടെ പാര്‍ശ്വവല്‍ക്കരണം സിനിമയില്‍ അടയാളപ്പെടുത്തുമ്പോള്‍ തന്നെ അതേ ജാതീയതയുടെ അംശങ്ങള്‍ സിനിമക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നത് നമുക്ക് കാണാം. ‘ചോവനായ’ പ്രസാദിനെ സവര്‍ണ്ണ ജാതിയില്‍പ്പെട്ട ശ്രീജ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും തുടര്‍ന്ന് ആത്മാഭിമാന പ്രശ്!നം കൊണ്ടും ജാതീയ സമൂഹത്തിന്റെ സാമൂഹിക അരക്ഷിതത്വം കൊണ്ടും അവരുടെ നാടായ ആലപ്പുഴയില്‍ നിന്ന് കാസര്‍ഗോഡേക്ക് താമസം മാറ്റുന്നതും തുറന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ആരുടെ ആത്മാഭിമാന പ്രശനം ? ആരുടെ നാണക്കേട് ? ആത്മാഭിമാന പ്രശ്!നം ഉണ്ടാകുന്നതും, ‘ നാണവും മാനവും’ പോകുന്നതും ‘മംഗലത്ത്’ ശ്രീനിക്കാണ്. അല്ലെങ്കില്‍ ശ്രീനിമാര്‍ക്കാണ്. പ്രസാദിന്റെ വീട്ടിലേക്ക് മേല്‍ജാതിയില്‍പ്പെട്ട ശ്രീജ വരുമ്പോള്‍ പ്രസാദിന്റെ അമ്മയും ബന്ധുക്കളും അതിനെ സ്വീകരിക്കുന്നുണ്ട്, ചിരിച്ച്, കുശലം പറഞ്ഞു, ആള്‍ക്കൂട്ടമായി. ശ്രീനാരായണ ഗുരു അതിന് സാക്ഷിയാണ്, പിന്നെ കുറെ സ്ത്രീകളും. ‘മംഗലത്തുകാര്‍ എങ്ങനെ ജീവിച്ചിരുന്നവര്‍ ആണെന്ന് അറിയാമല്ലോ’ എന്നുള്ള ശ്രീജയുടെ അച്ഛന്‍ ശ്രീനിയുടെ പറച്ചിലും, ‘ആ ചോവചെക്കനെ നീ പ്രേമിക്കുന്നോ’ എന്ന് പറഞ്ഞു അവളുടെ ‘അമ്മ തല്ലുന്നതിലും നിന്ന് മാത്രമേ നമ്മുക്ക് ശ്രീജ ഒരു സവര്‍ണ്ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയാണെന്ന് മനസ്സിലാക്കാന്‍ കഴിയു. ചോവനായ പ്രസാദിന്റെ ജാതി,സാമ്പത്തികം, സാമൂഹികാവസ്ഥ സിനിമ വ്യക്തമാക്കുമ്പോഴും മേല്‍ജാതിയില്‍പ്പെട്ട ശ്രീജയുടെ ജാതി അദൃശ്യമാണ്. ജാതീയ അധികാരഘടന നിലനിക്കുന്ന നമ്മുടെ സമൂഹത്തിന്റെ ഇടങ്ങളില്‍ മുഴുവന്‍ ജാതിയുടെ ഈ അദൃശ്യത കാണാം. Oppressed Communtiy പാര്‍ശ്വവല്‍ക്കരിക്കപ്പെതുകയും ‘ഇരകളാക്കപ്പെടുകയും’ ചെയ്യപ്പെടുന്നിടങ്ങളിലെല്ലാം ജാതിയുടെ ഈ അദൃശ്യത കാണാം. പേരാബ്രയിലെ പറയ കുട്ടികളെ നമ്മള്‍ അറിയും, പക്ഷെ അവര്‍ക്കൊപ്പം കുട്ടികളെ പഠിക്കാന്‍ വിടാത്ത ഉയര്‍ന്ന ജാതിക്കാര്‍ അദൃശ്യരായിരിക്കും. ഗോവിന്ദാപുറത്തെ ചൊക്‌ളിയരെ നമ്മള്‍ അറിയും പക്ഷെ അവിടുത്തെ ഉയര്‍ന്ന ജാതിക്കാരെ നമ്മള്‍ അറിയില്ല. ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട മുസഌം അഖ്‌ലാഖ് ഖാനെ നമ്മള്‍ അറിയും. പക്ഷെ കൊന്ന ഹിന്ദു ആള്‍ക്കൂട്ടത്തെ മാത്രെ നമ്മള്‍ അറിയൂ. സാമൂഹിക രാഷ്ട്രീയ അധികാരങ്ങള്‍ ആര്‍ജ്ജിക്കുന്നതിന് സംവരണത്തിനായി പൊരുതുന്നവരുടെ ജാതി നമ്മള്‍ക്ക് അറിയാം. പക്ഷെ ജാതിയിലൂടെ മാത്രം അധികാരവും, ഭൂമിയുള്‍പ്പടെയുള്ള വിഭവങ്ങളും വിദ്യാഭ്യാസവും സാംസ്‌കാരിക മൂലധനവും ആര്‍ജ്ജിച്ചവരുടെ ജാതി നമ്മള്‍ വെളിവാക്കില്ല.ഈ ‘മുഖ്യധാര സമൂഹത്തിന്റെ’ ജാതി ഏതാണ് ? ശ്രീജയുടെ ജാതി ഏതാണ് ? ഈ അദൃശ്യത തന്നെയാണ് ജാതി. സൂക്ഷ്മ തലത്തില്‍ സംഭവിക്കുന്ന ഒന്നാകുന്നതാണെങ്കില്‍ കൂടി അത് അങ്ങനെ അല്ലാതാകുന്നില്ല. കാരണം ഇന്ത്യയില്‍ ജാതി പ്രവര്‍ത്തിക്കുന്നത് ഇത്രേം സൂക്ഷ്മ തലങ്ങളില്‍ കൂടിയാണ്.
അഴിമുഖത്തില്‍ രാകേഷ് സനല്‍ എഴുതിയ ‘നായരും ചോകനുമൊക്കെ തന്നെയാണ് നമ്മളിപ്പോഴും; ജാതിക്കളിയുടെ ദൃക്‌സാക്ഷിയായി ഒരു സിനിമ’ എന്ന ലേഖനത്തില്‍ നായര്‍ ഈഴവ ബന്ധമായിട്ടാണ് ഇത് വ്യാഖ്യാനിച്ചിരിക്കുന്നത്. ഒരു പക്ഷെ നായര്‍ എന്ന ഐഡന്റിറ്റി ശ്രീജയോ ശ്രീജയുടെ അച്ഛനോ ബന്ധുക്കളോ വെളിവാക്കിയെന്ന് കരുതുക. സ്വാഭാവികമായും പ്രേക്ഷകന് നായര്‍ ജാതിയുടെ ജാതീയ ബോധത്തിനെതിരെ മാനസികമായെങ്കിലും വിയോജിപ്പോ അമര്‍ഷമോ തോന്നാന്‍ സാധ്യതയുണ്ട്. നായര്‍ സമൂഹം പ്രബലരായ ( അല്ലെങ്കില്‍ ഉയര്‍ന്ന ജാതികള്‍ ) അധികാരം കയ്യാളുന്ന ഒരു സമൂഹത്തില്‍ അത്തരം വെളിപ്പെടുത്തല്‍ ഗുണപരമായിരിക്കില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തും കരുതുന്നുവെങ്കില്‍ അതുതന്നെയല്ലേ ജാതി. നായര്‍ ജാതിയുടെ സ്ഥാനത്ത് ഏത് ഉയര്‍ന്ന ജാതി പ്രതിഷ്ഠിച്ചാലും ഈ ‘പ്രതിസന്ധി’ കടന്ന് വരും. അങ്ങനെയാണ് ‘അദൃശ്യത’ രൂപം കൊള്ളുന്നത്. ജാതിയെ സവര്‍ണ്ണത/ മേല്‍ജാതി എന്ന് കൊണ്ട് അടയാളപ്പെടുത്താന്‍ കഴിയില്ല. കാരണം ‘സവര്‍ണ്ണത’ എന്നത് ജാതീയവും ശ്രീണീകൃതവുമായ അധികാര വ്യവസ്ഥിതിയെ സൂചിപ്പിക്കുന്ന് എന്നതൊഴിച്ചാല്‍ അത് ഒന്നിനെയും Specify ചെയ്യുന്നില്ല. സവര്‍ണ്ണര്‍ എന്ന് പറയുന്നത് ജാതിസമൂഹത്തിലെ ഒരു സുരക്ഷിത പ്രയോഗമാണ്. ജാതീയബോധം വെച്ചുപുലര്‍ത്തുന്ന ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഏതൊരാള്‍ക്കും പ്രയോഗിക്കാന്‍ കഴിയുന്ന ഒന്ന്. അതുകൊണ്ട് ഒരു രാഷ്ട്രീയസിനിമയായി ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ പരിഗണിക്കുമ്പോള്‍ ശ്രീജയുടെ ജാതിയുടെ അദൃശ്യതെയും നാം പ്രശ്‌നവല്‍ക്കരിക്കേണ്ടതുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in