ജാതി മത കക്ഷികളുമായുള്ള ബന്ധം;.ഒരു പഴയ പി ബി കത്ത് ഓര്‍മ്മിപ്പിക്കുന്നത്

ആസാദ് വര്‍ഗീയ കക്ഷികളുമായുള്ള ബന്ധം ഏതു തരത്തിലുള്ള ആഘാതമാണ് വരുത്തിയതെന്നും അതില്‍നിന്ന് എങ്ങനെ വിമുക്തമാവണമെന്നും സിപിഎം ആലോചിച്ചിരുന്നു. 1985ല്‍ പൊളിറ്റ് ബ്യൂറോ സംസ്ഥാനത്തെ പാര്‍ട്ടി ഘടകങ്ങള്‍ക്ക് അയച്ച കത്തില്‍ അക്കാര്യമാണ് വിശദീകരിക്കുന്നത്. 1965ലും 1967ലും മുസ്ലീംലീഗുമായും 1974ല്‍ അഖിലേന്ത്യാ ലീഗുമായും 1970കളുടെ തുടക്കത്തില്‍ കേരള കോണ്‍ഗ്രസ്സുമായും ഉണ്ടാക്കിയ ബന്ധങ്ങള്‍ അക്കാലഘട്ടങ്ങളില്‍ അനിവാര്യമായിരുന്നെങ്കിലും അതുണ്ടാക്കിയ ദോഷങ്ങള്‍ പരിശോധിക്കാണ്ടതുണ്ടെന്നാണ് പാര്‍ട്ടി കണ്ടത്. മതമൗലികതാ വാദങ്ങളെയും സങ്കുചിത പിന്തിരിപ്പന്‍ ആചാരങ്ങളെയും തള്ളിക്കളയാനാണോ അതോ അതിലേറെയും ഇടതുപക്ഷ ശക്തികളുടെ പിന്നില്‍ അണിനിരന്നവരിലേക്കു സംക്രമിക്കാന്‍ […]

k-m-mani

ആസാദ്

വര്‍ഗീയ കക്ഷികളുമായുള്ള ബന്ധം ഏതു തരത്തിലുള്ള ആഘാതമാണ് വരുത്തിയതെന്നും അതില്‍നിന്ന് എങ്ങനെ വിമുക്തമാവണമെന്നും സിപിഎം ആലോചിച്ചിരുന്നു. 1985ല്‍ പൊളിറ്റ് ബ്യൂറോ സംസ്ഥാനത്തെ പാര്‍ട്ടി ഘടകങ്ങള്‍ക്ക് അയച്ച കത്തില്‍ അക്കാര്യമാണ് വിശദീകരിക്കുന്നത്. 1965ലും 1967ലും മുസ്ലീംലീഗുമായും 1974ല്‍ അഖിലേന്ത്യാ ലീഗുമായും 1970കളുടെ തുടക്കത്തില്‍ കേരള കോണ്‍ഗ്രസ്സുമായും ഉണ്ടാക്കിയ ബന്ധങ്ങള്‍ അക്കാലഘട്ടങ്ങളില്‍ അനിവാര്യമായിരുന്നെങ്കിലും അതുണ്ടാക്കിയ ദോഷങ്ങള്‍ പരിശോധിക്കാണ്ടതുണ്ടെന്നാണ് പാര്‍ട്ടി കണ്ടത്.
മതമൗലികതാ വാദങ്ങളെയും സങ്കുചിത പിന്തിരിപ്പന്‍ ആചാരങ്ങളെയും തള്ളിക്കളയാനാണോ അതോ അതിലേറെയും ഇടതുപക്ഷ ശക്തികളുടെ പിന്നില്‍ അണിനിരന്നവരിലേക്കു സംക്രമിക്കാന്‍ ഇടയാക്കുകയാണോ ഉണ്ടായതെന്നും തുറന്ന പരിശോധനക്കാണ് സിപിഎം തയ്യാറായത്. എന്നിട്ട് പ്രാധാനപ്പെട്ട നിരീക്ഷണം എഴുതുന്നു: ഇസ്ലാമിക – കൃസ്തീയ മതമൗലികതാ വാദത്തെ ശക്തിപ്പെടുത്തുകയും രാഷ്ട്രീയ കൗശല തന്ത്രങ്ങളിലൂടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള മതമൗലികതാ വാദികളുടെ കഴിവ് വര്‍ദ്ധിക്കുകയും ചെയ്തു. തുടര്‍ന്നു ചില ചോദ്യങ്ങളുന്നയിക്കുന്നു. ജാതീയതയെ പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തെ രണ്ടു മുന്നണികളുമായി വിലപേശുന്ന ജാതി അടിസ്ഥാനമാക്കിയുള്ള സംഘടനകള്‍ പെരുകി വരാനും ഇതിടയാക്കിയിട്ടില്ലേ? ഇത്തരത്തില്‍ ജാതി മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന്റെ ആകത്തുക ജനാധിപത്യ ശക്തികളുടെയും അദ്ധ്വാനിക്കുന്ന ജനങ്ങളുടെയും ഐക്യത്തെ തകര്‍ക്കാന്‍ ഇടയാക്കുന്ന സ്ഥിതി ഉളവാക്കിയിട്ടില്ലേ?
മുസ്ലീംലീഗിനു പിന്നില്‍ നേട്ടംകൊയ്യാന്‍ ഇസ്ലാമിക മതമൗലികതാ വാദവും കേരള കോണ്‍ഗ്രസ്സിനു പിറകില്‍ കത്തോലിക്കാ പള്ളിയും കൃസ്തീയ മതമൗലികതാ വാദികളും ബദ്ധശ്രദ്ധരായിരുന്നുവെന്ന് കത്ത് നിരീക്ഷിക്കുന്നു. അതേസമയം ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെയാണെന്ന സമവാക്യ നിര്‍മാണത്തിലേക്കു ചില പെറ്റി ബൂര്‍ഷ്വാ ദേശീയവാദികളെപ്പോലെ നീങ്ങാനാവില്ലെന്നു വ്യക്തമാക്കുകയും ചെയ്യുന്നു. കത്തിന്റെ മര്‍മ്മമുള്ള ഒരു ഭാഗംകൂടി ഉദ്ധരിക്കാം: സ്വയംവിമര്‍ശനപരമായി പിറകോട്ടു നോക്കിയാല്‍ നമുക്കു കാണാന്‍ കഴിയുന്നത് 1964 – 65മുതല്‍ മുസ്ലീം ലീഗുമായോ അതിന്റെ ഒരു ഭാഗവുമായോ ബന്ധപ്പെട്ടു നാം പ്രവര്‍ത്തനം നടത്തിയതില്‍ ഉണ്ടായ മുഖ്യ ദൗര്‍ബല്യം അവരുടെ സങ്കുചിത മതമൗലികതാവാദത്തെയും പിന്തിരിപ്പന്‍ ആശയഗതികളെയും തുറന്നുകാട്ടുന്നതിന് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി പര്യാപ്തമായ രീതിയില്‍ നാം പ്രവര്‍ത്തനം നടത്തിയില്ല എന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇത്തരം പ്രവര്‍ത്തനം മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകളുടെ ഒഴിവാക്കാനാവാത്ത കടമയാണ്. തത്വാധിഷ്ഠിതമായ ഒരു മതനിരപേക്ഷ രാഷ്ട്രീയ നിലപാടിലേക്കു നീങ്ങാന്‍ സിപിഎം, പാര്‍ട്ടിശരീരത്തെയും മനസ്സിനെയും എങ്ങനെ സജ്ജമാക്കിയെന്നാണ് ഈ കത്തു നമ്മെ പഠിപ്പിക്കുന്നത്.
മതവിമര്‍ശനമോ വര്‍ഗീയതകള്‍ക്കെതിരായ പോരാട്ടമോ ഫാഷിസത്തിനെതിരായ മതനിരപേക്ഷതയില്‍ ഊന്നിയ പ്രതിരോധമോ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ അശക്തമായ നിലയിലേക്കാണ് സിപിഎം ചെന്നെത്തുന്നത്. പോളിറ്റ് ബ്യൂറോ സൂചിപ്പിച്ച മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകളുടെ കടമ അവരെ അസ്വസ്ഥമാക്കുന്നില്ല. മാര്‍ക്‌സിസം ലെനിനിസത്തിന്റെ സിദ്ധാന്തമോ പ്രയോഗമോ മുന്‍നിര്‍ത്തിയുള്ള വിശകലനങ്ങളും നിലപാടുകളും മനസ്സിലാക്കാന്‍പോലും അവര്‍ക്കാവുന്നില്ല. അതിനേറ്റവും നല്ല ഉദാഹരണമാണ് കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡണ്ടു തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എംനെ പിന്തുണച്ച ശേഷം നേതാക്കള്‍ നല്‍കിയ വിശദീകരണം.
പള്ളിയെയും പൗരോഹിത്യത്തെയും അകറ്റി നിര്‍ത്തുമെന്ന നിലപാടെടുത്ത കേരള കോണ്‍ഗ്രസ്സേ മുന്നണിയില്‍ വേണ്ടൂ എന്ന പഴയ നിലപാട് സിപിഎം മറന്നു കഴിഞ്ഞു. പതിറ്റാണ്ടുകളായി വലതുമുന്നണിയിലുണ്ടായിരുന്ന, അഴിമതിയില്‍ സര്‍വ്വകാല റിക്കാര്‍ഡു സ്ഥാപിച്ച മാണിവിഭാഗം കേരള കോണ്‍ഗ്രസ്സിനു പിന്തുണ നല്‍കുന്നതിന് നിരത്തിയ ന്യായീകരണം രസകരമായി. ബിജെപിയെയും കോണ്‍ഗ്രസ്സിനെയും അകറ്റിനിര്‍ത്തണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കുകയായിരുന്നു കോട്ടയത്തെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും കോട്ടയം ജില്ലാ സെക്രട്ടറി വാസവനും പറഞ്ഞത്. ഇതേ ന്യായവാദം മതി ഏതു വര്‍ഗീയ കക്ഷിയുമായും സഖ്യമുണ്ടാക്കാന്‍. പോപ്പുലര്‍ഫ്രണ്ടോ, എസ് ഡി പി ഐയോ ശിവസേനയോ ആവാമത്. ഈ വ്യാഖ്യാനം അത്രയും വളഞ്ഞുകിട്ടും. പക്ഷെ, ഒരു മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനം എന്തു ചെയ്യരുതെന്നു സിപിഎം നേതൃത്വം മുമ്പു ചൂണ്ടിക്കാട്ടിയോ അതുതന്നെ നടപ്പാക്കാനുള്ള ഉത്സാഹം കൗതുകകരമാണ്. പിന്നെ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനമാണെന്നു ആരു പറഞ്ഞു എന്ന ചോദ്യംകൂടി നിങ്ങള്‍ ചോദിക്കണം. അപ്പോഴേ പതനം പൂര്‍ത്തിയാവൂ.
മുസ്ലീംലീഗുമായും കേരള കോണ്‍ഗ്രസ്സുമായുമുള്ള ബന്ധം സ്വപ്നംകാണുന്ന നേതൃത്വത്തിന് തങ്ങളുടെ ഭൂതകാല ചിട്ടകളും ചട്ടങ്ങളും ഓര്‍ക്കാനിഷ്ടം കാണില്ല. വലതുപക്ഷ യുക്തികളുടെ തള്ളിയേറ്റം ഏതു വളവുകളെയും സാധൂകരിക്കുകയും ചെയ്യും. തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവോപകരണത്തെ നവമുതലാളിത്തത്തിന്റെ കുഴലൂത്തുപകരണമാക്കിയാണ് പരിവര്‍ത്തിപ്പിക്കുന്നത്. തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങള്‍ നീണ്ടകാലം വിളിച്ചവരില്‍ ജനപക്ഷ അനുഭാവത്തിന്റെയെങ്കിലും ഇത്തിരി വിവേകം ശേഷിപ്പുണ്ടെങ്കില്‍ അവരാലോചിക്കട്ടെ. ഈ പോക്ക് എങ്ങോട്ടെന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply