കേരളം ഇസ്ലാമോഫോബിയയ്ക്ക് വ്യവഹാരങ്ങളും നിര്‍മ്മിക്കുന്നു
അബ്ദുള്‍ കരിം മുസ്ലീങ്ങളെ കുറിച്ചുള്ള പ്രചാരണങ്ങളാല്‍ ഉണ്ടാക്കപ്പെടുന്ന ‘പേടി’ എന്ന അര്‍ത്ഥത്തിലുള്ള ഇസ്ലാമോഫോബിയയല്ല കേരളം അതിലെ മുസ്ലീങ്ങളോട് വച്ചുപുലര്‍ത്തിയിട്ടുള്ളത്. മതേതര കേരളം ആധുനികതയെ പുണരുന്നതുതന്നെ മുസ്ലീങ്ങള്‍ എന്ന അപരസ്വത്വത്തെ കുറിച്ചുള്ള വ്യവഹാരങ്ങളിലൂടെയാണ്. അങ്ങേയറ്റത്തെ ജാതീയ / ലിംഗ / കീഴാള വിവേചനങ്ങള്‍ക്ക് ദിനേന ഉദാഹരണങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോഴും ഒരു പുരോഗമന സമൂഹമെന്ന അവകാശവാദത്തിന് ഇന്നും കേരളം പ്രധാനമായും അവലംബിക്കുന്നത് മുസ്ലീം സമുദായത്തിനെ ‘പ്രാകൃത’മാക്കി ചിത്രീകരിക്കുക എന്ന ഉപായമാണ്. അതായത്, കേരളം ഇസ്ലാമോഫോബിയ ‘ബാധിച്ച’ ഒരു സംസ്ഥാനമല്ല. ഇസ്ലാമോഫോബിയയ്ക്ക് […]
അബ്ദുള്‍ കരിം
മുസ്ലീങ്ങളെ കുറിച്ചുള്ള പ്രചാരണങ്ങളാല്‍ ഉണ്ടാക്കപ്പെടുന്ന ‘പേടി’ എന്ന അര്‍ത്ഥത്തിലുള്ള ഇസ്ലാമോഫോബിയയല്ല കേരളം അതിലെ മുസ്ലീങ്ങളോട് വച്ചുപുലര്‍ത്തിയിട്ടുള്ളത്. മതേതര കേരളം ആധുനികതയെ പുണരുന്നതുതന്നെ മുസ്ലീങ്ങള്‍ എന്ന അപരസ്വത്വത്തെ കുറിച്ചുള്ള വ്യവഹാരങ്ങളിലൂടെയാണ്. അങ്ങേയറ്റത്തെ ജാതീയ / ലിംഗ / കീഴാള വിവേചനങ്ങള്‍ക്ക് ദിനേന ഉദാഹരണങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോഴും ഒരു പുരോഗമന സമൂഹമെന്ന അവകാശവാദത്തിന് ഇന്നും കേരളം പ്രധാനമായും അവലംബിക്കുന്നത് മുസ്ലീം സമുദായത്തിനെ ‘പ്രാകൃത’മാക്കി ചിത്രീകരിക്കുക എന്ന ഉപായമാണ്.
അതായത്, കേരളം ഇസ്ലാമോഫോബിയ ‘ബാധിച്ച’ ഒരു സംസ്ഥാനമല്ല. ഇസ്ലാമോഫോബിയയ്ക്ക് ആവശ്യമായ പ്രചാരണങ്ങളും വ്യവഹാരങ്ങളും നിര്‍മ്മിക്കുന്ന സംസ്ഥാനമാണ്.
ദേശീയതലത്തില്‍ മുസ്ലീം ജീവിതങ്ങളെക്കുറിച്ച് ഒരു അറിവുമില്ലാത്ത ഭൂരിപക്ഷത്തില്‍ ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നതിനും മുസ്ലീമിനെ ശത്രുവാക്കി ഇന്ത്യ ഉണ്ടാക്കിയെടുത്തിട്ടുള്ള ഹിന്ദുദേശീയത ശക്തമാക്കുന്നതിനും സംഘപരിവാരിനും ഭരണകൂടത്തിനും വലിയ സംഭാവന നല്‍കുന്നത് കേരളമാണ്. മുസ്ലീങ്ങളെക്കുറിച്ച് കേരളത്തിലെ മതേതര ഇടതു ലിബറല്‍ ചര്‍ച്ചകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന കഥകള്‍.
ലോകത്ത് പലയിടങ്ങളിലും സ്വന്തം ‘പേടി’ മാറ്റുന്നതിനു വേണ്ടിയാണെങ്കില്‍ പോലും മുസ്ലീങ്ങളെക്കുറിച്ച് അറിയാന്‍ ശ്രമിച്ചതിന്റെ ഫലമായി ഇസ്ലാമോഫോബിയയില്‍ നിന്നും മുക്തിനേടാന്‍ പല സമൂഹങ്ങള്‍ക്കും ഒരുപരിധിവരെ സാധിക്കുമ്പോഴും പ്രബുദ്ധമെന്നും സാക്ഷരമെന്നും പറയുന്ന കേരളം അനുദിനം കൂടുതല്‍ കൂടുതല്‍ മുസ്ലീം വിരുദ്ധമായിക്കൊണ്ടിരിക്കുന്നത് ആത്യന്തികമായി അതിന്റെ നിലനില്‍പ്പ് അതിന്റെ മുസ്ലീം വിരുദ്ധ മനോഭാവത്തിലാണ് എന്നുള്ളതുകൊണ്ടാണ്. അപ്പോള്‍ കേരളത്തിന്റെ മുസ്ലീം വിരുദ്ധത അതിന്റെ ബൗദ്ധികതയേയും ജ്ഞാനസമ്പാദ്യത്തേയും കുറിച്ചുള്ള പൊള്ളത്തരങ്ങളെ കൂടെ വെളിപ്പെടുത്തുന്നുണ്ട്.
മുസ്ലീം സ്ത്രീകളെക്കുറിച്ചുള്ള കേരളത്തിന്റെ വ്യവഹാരങ്ങള്‍ ഒരുപക്ഷേ അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരിക്കും. പര്‍ദ്ദയും മുത്തലാഖും ബഹുഭാര്യത്വവുമെല്ലാം ചര്‍ച്ച ചെയ്തുകൊണ്ട് മുസ്ലീം സ്ത്രീയെ സ്വാതന്ത്ര്യമില്ലാത്ത, അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായാണ് ഇടതു ലിബറല്‍ ചര്‍ച്ചകള്‍ എന്നും അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ പര്‍ദ്ദ ധരിച്ച മുസ്ലീം സ്ത്രീ സമൂഹത്തില്‍ തന്റെ ഇടവും സാന്നിദ്ധ്യവും അവകാശപ്പെടുന്ന നിമിഷം ഈ നരേറ്റീവ് മാറും. മദനിക്കുവേണ്ടി ഭാര്യ സൂഫിയ സംസാരിക്കുന്നതോടുകൂടി സൂഫിയ തീവ്രവാദിയായി. മതം മാറിയ ഹാദിയയ്ക്ക് സംരക്ഷണം നല്‍കുന്നതോടെ സൈനബ എന്‍ഐഎ യുടെ പ്രധാന നോട്ടപ്പുള്ളിയായി. ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടെന്നു പറയുന്നവരുടെ കൂട്ടത്തില്‍ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ കൂടെ അവരുടെ വിദ്യാസമ്പന്നകളായ (പലപ്പോഴും മതം മാറി എന്നും കാണാം) ഭാര്യമാരുടെ കഥകളും കാണാം.
ഏറ്റവും ഒടുവില്‍ കൊടിഞ്ഞി ഫൈസലിന്റെ ഘാതകരില്‍ ഒരാളായ ബിപിന്റെ കൊലപാതകത്തില്‍ സംശയിക്കപ്പെടുന്ന പ്രതിയായ എസ് ഡി പി ഐ പ്രവര്‍ത്തകനെ പിടിക്കാന്‍ സാധിക്കാത്തതു കൊണ്ട് ഭാര്യയെ അറസ്റ്റ് ചെയ്തതായി അറിയുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഷാഹിദ രണ്ട് തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ്. ചുമത്തിയിരിക്കുന്ന കുറ്റം പ്രതിക്ക് ഒളിച്ചു താമസിക്കാന്‍ സൗകര്യമൊരുക്കി, ഭക്ഷണം നല്‍കി എന്നൊക്കെയാണ്. പതിവുപോലെ മതേതര ചര്‍ച്ചകള്‍ അറസ്റ്റിനെ ന്യായീകരിക്കുന്നുമുണ്ട്.
മുസ്ലീം സ്ത്രീയുടെ പൊതുപ്രവര്‍ത്തനം മതേതരത്വത്തിന് ഉണ്ടാക്കുന്ന അലോസരമാണ് സൂഫിയയുടേയും സൈനബയുടേയും ഷാഹിദയുടേയുമൊക്കെ അനുഭവങ്ങളുടെ കാരണം. ഭര്‍ത്താവ് ഭാര്യയുടെ വീട്ടില്‍ താമസിക്കുന്നതും ഭാര്യ അയാള്‍ക്ക് ഭക്ഷണം നല്‍കുന്നതും പോലും ഒരു മുസ്ലീം സ്ത്രീയെ സംബന്ധിച്ച് ഒരു കുറ്റകൃത്യമാണെന്ന് അംഗീകരിക്കുന്നതിലും അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനെ ന്യായീകരിക്കുന്നതിലും എത്തുന്ന അലോസരം.
ഒരേസമയം മുസ്ലീം സ്ത്രീയെ സ്വാതന്ത്ര്യമില്ലാത്തവള്‍ എന്നുപറഞ്ഞുള്ള രക്ഷാകര്‍തൃത്വ ശ്രമവും അതേസമയം പര്‍ദ്ദയിട്ട, വിദ്യാസമ്പന്നയായ, പൊതുപ്രവര്‍ത്തകരായ മുസ്ലീം സ്ത്രീകള്‍ അപകടകാരികളെന്ന പ്രചാരണവും ഒരേ പോലെ അംഗീകരിക്കുന്ന, ഹിപ്പോക്രേറ്റായ, വിവരംകെട്ട ഈ മതേതര സമൂഹത്തിലാണ് മുസ്ലീങ്ങള്‍ അവരുടെ അതിജീവനം സാധ്യമാക്കേണ്ടത്.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in