കറുപ്പും വെളുപ്പുമല്ല രാഷ്ട്രീയം, അത് വിബ്ജിയോര്‍ ആണ്
ദശകങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്നത് കൂട്ടുകക്ഷി ഭരണമാണല്ലോ. ജനാധിപത്യസംവിധാനത്തില്‍ ഏറ്റവും ഗുണകരമായ ഒന്നാണ്, അഥവാ ആകേണ്ടതാണ് കൂട്ടുകക്ഷി ഭരണം. കാരണം അത് ഏകപാര്‍ട്ടി സേച്ഛാധിപത്യത്തിനുള്ള സാധ്യതയെ കുറക്കുന്നു. മാത്രമല്ല വ്യത്യസ്ഥ ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിപ്പിക്കാനും ആരോഗ്യകരമായ മത്സരത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാനും സാധ്യമായ അവസരം നല്‍കുന്നു. അപ്പോഴും ബംഗാളില്‍ ഒരേ കൂട്ടുകക്ഷി ഭരണം ദശകങ്ങള്‍ നീണ്ടുനിന്നത് വളരെ വിപരീതമായ ഫലങ്ങളുണ്ടാക്കി. അതിന്റെ ദുരന്തമാണ് ഇന്നവര്‍നേരിടുന്നത്. പക്ഷെ കൂട്ടുകക്ഷി ഭരണത്തിനു തുടക്കമിട്ട കേരളത്തില്‍ ഇരുമുന്നണികളും മാറി മാറി ഭരിക്കുകയാണുണ്ടായത്. ബലാബലത്തില്‍ നേരിയ […]
ദശകങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്നത് കൂട്ടുകക്ഷി ഭരണമാണല്ലോ. ജനാധിപത്യസംവിധാനത്തില്‍ ഏറ്റവും ഗുണകരമായ ഒന്നാണ്, അഥവാ ആകേണ്ടതാണ് കൂട്ടുകക്ഷി ഭരണം. കാരണം അത് ഏകപാര്‍ട്ടി സേച്ഛാധിപത്യത്തിനുള്ള സാധ്യതയെ കുറക്കുന്നു. മാത്രമല്ല വ്യത്യസ്ഥ ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിപ്പിക്കാനും ആരോഗ്യകരമായ മത്സരത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാനും സാധ്യമായ അവസരം നല്‍കുന്നു. അപ്പോഴും ബംഗാളില്‍ ഒരേ കൂട്ടുകക്ഷി ഭരണം ദശകങ്ങള്‍ നീണ്ടുനിന്നത് വളരെ വിപരീതമായ ഫലങ്ങളുണ്ടാക്കി. അതിന്റെ ദുരന്തമാണ് ഇന്നവര്‍നേരിടുന്നത്.
പക്ഷെ കൂട്ടുകക്ഷി ഭരണത്തിനു തുടക്കമിട്ട കേരളത്തില്‍ ഇരുമുന്നണികളും മാറി മാറി ഭരിക്കുകയാണുണ്ടായത്. ബലാബലത്തില്‍ നേരിയ വ്യത്യാസം മാത്രമേ അവ തമ്മിലുള്ളു. അതിനാല്‍ തന്നെ ബംഗാളിനെപോലാരു സാഹചര്യം ഇവിടെ സംവാദമായില്ല. നമ്മെ സംബന്ധിച്ചിടത്തോളം കൂട്ടുകക്ഷി ഭരണം ഗുണകരം തന്നെയാണ്. ചില വലിയ പാര്‍ട്ടികല്‍ ആധിപത്യം കാണിക്കുന്നു എന്നും ചില ചെറിയ പാര്‍ട്ടികള്‍ അനര്‍ഹമായവക്കു സമ്മര്‍ദ്ദം ചെലുന്നു എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട് എന്ന് മറക്കുന്നില്ല.
അതേസമയം കേരളത്തെ സംബന്ധിച്ചിടത്തോളം കൂട്ടുകക്ഷിഭരണം ചില നിഷേധാത്മഫലങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ട്. അന്ധമായ കക്ഷിരാഷ്ട്രീയ തിമിരമാണത്. സ്വന്തം ബുദ്ധി പണയം വെച്ച് പാര്‍ട്ടി നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ അപ്പാടെ വിഴുങ്ങുക എന്നതാണതില്‍ പ്രധാനം. തെറ്റാണെന്ന് ഉള്ളില്‍ ബോധ്യമുള്ള കാര്യംപോലും പാര്‍്ട്ടി നിലപാടിന്റെ പേരില്‍ തിരിച്ചു വാദിക്കുക. കറുപ്പും വെളുപ്പും നിറങ്ങള്‍ മാത്രമേയുള്ളു എന്ന അന്ധമായ വിശ്വാസം. എല്ലാ ചോദ്യങ്ങള്‍ക്കും ശരി അല്ലെങ്കില്‍ തെറ്റ് എന്ന ഉത്തരമുണ്ടെന്നും അതേയുള്ളു എന്നുമുള്ള ധാരണ. കൃത്യമായി പറഞ്ഞാല്‍ ഇരുപക്ഷത്തുമുള്ള നേതാക്കള്‍ പറയുന്നതൊഴി്ച്ചാല്‍ മറ്റൊന്നുമില്ല എന്ന മൂഢവിശ്വാസം. (ഇപ്പോള്‍ ബിജെപിക്കും അല്‍പ്പം സ്‌പേസ് അനുവദിച്ചിട്ടുണ്ട് എന്നു മറക്കുന്നില്ല.)
പൊതുസമൂഹത്തില്‍ നടക്കുന്ന ഒരു വിഷയത്തോട് സ്വന്തം അഭിപ്രായം പറയുന്ന ഒരാളെ അതിന്റെ പേരില്‍ ഒന്നുകില്‍ കോണ്‍ഗ്രസ്സോ അല്ലെങ്കില്‍ സിപിഎമ്മോ ആക്കുകയാണ് രാഷ്ട്രീയക്കാരുടെ സ്ഥിരം പരിപാടി. മാണി രാജിവെക്കണമെന്നു പറഞ്ഞാല്‍ പറയുന്നവന്‍ സിപിഎം ആകും. നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ പ്രകടനം തെറ്റാണെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ്സാകും. ഇതു രണ്ടും ഒരുപോലെ ശരിയാണെന്നു കരുതുന്ന ആയിരകണക്കിനു പേര്‍ കേരളത്തിലുണ്ട്. എന്നാല്‍ അവരുടെ രാഷ്ട്രീയമായ അസ്തിത്വം ഇവരംഗീകരിക്കില്ല. കോണ്‍ഗ്രസ്സാവാതേയും ബാര്‍ പൂട്ടാന്‍ പറയാം. സിപിഎം ആകാതേയും മദ്യനയം തെറ്റാണെന്നു പറയാം. സരിതക്ക് പരാതിയില്ലെങ്കില്‍ ജോസ് കെ മാണി കുറ്റക്കാരനല്ല എന്നതല്ലേ നിയമപരമായി ശരി. എന്നാല്‍ അതുപറഞ്ഞാല്‍ യുഡിഎഫായി. ഹര്‍ത്താല്‍ ദിവസം പൊതുജനങ്ങളുടെ യാത്ര തടഞ്ഞ് എം എല്‍ എ യാത്ര ചെയ്യുന്നത് തെറ്റാണെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ്സ് ചാരനായി. ടിപി ചന്ദ്രശേഖരനെ വധിച്ചത് തെറ്റാണെന്നു പറഞ്ഞാലും അതുതന്നെ അവസ്ഥ. ഏതൊരു വിഷയമെടുത്താലും കേരളത്തിലെ രാഷ്ട്രീയക്കാരുടെ വ്യാഖ്യാനമിതാണ്. സ്വാഭാവികമായും ഇത്തരത്തില്‍ ആക്ഷേപിക്കുന്നതില്‍ മുന്നില്‍ ഇടതുപക്ഷം തന്നെ. (ഇതു പറയുന്നതും കോണ്‍ഗ്രസ്സ് ചാരനായതിനാലാണെന്ന് അവര്‍ പറയും)
തങ്ങള്‍ക്കു മാത്രമേ ചിന്താശേഷിയുള്ളു, ഏതൊരു കാര്യത്തെ കുറിച്ചും അഭിപ്രായം പറയാനുള്ള കഴിവുള്ളു എന്ന നേതാക്കളുടെ അഹന്തയാണ് ഇതിനുള്ള കാരണം. തങ്ങള്‍ നാടു നന്നാക്കാനും വിപ്ലവം നടത്താനുമായി ജനിച്ച ഉന്നതകുല ജാതരാണെന്ന് അവര്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നു. മറ്റുള്ളവരെല്ലാം ഇവര്‍ക്കു കുഞ്ഞാടുകളാണ്. അതിനാലാണ് മറ്റുള്ളവരുടെ ചിന്താശേഷിയെ അംഗീകരിക്കാന്‍ ഇവര്‍ക്കാവാത്തത്. ഒരു വിഷയത്തോട് എത്രോ വ്യത്യസ്ഥ നിലപാടുകള്‍ സാധ്യമാണെന്നും ഒരു പൂന്തോട്ടത്തില്‍ ഒരു തരത്തിലുള്ള പൂ മാത്രമായാല്‍ എത്രയോ അസുന്ദരമാണെന്നും ബ്ലാക് ആന്റ് വൈറ്റ് ലോകമല്ല, കളര്‍ ഫുള്‍ ആയ ലോകമാണ് നമുക്കാവശ്യമെന്നുമിവര്‍ മറക്കുന്നു. അടിസ്ഥാനപരമായി ജനാധിപത്യവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നു എന്നു പറയുമ്പോഴും ഇവര്‍ നിഷേധിക്കുന്നത് ജനാധിപത്യത്തെ തന്നെയാണ്.
ജനങ്ങളോടുമാത്രമല്ല, സ്വന്തം പ്രസ്ഥാനങ്ങള്‍ക്കുള്ളിലും നമ്മുടെ നേതാക്കള്‍ ജനാധിപത്യം പ്രകടമാക്കുന്നില്ല എന്നതാണ് തമാശ. അമ്പതും അറുപതും വര്‍ഷമായി വിഎസും ഉമ്മന്‍ ചാണ്ടിയും മാണിയുമൊക്കെ എംഎല്‍എയും മന്ത്രിയുമാണ് എന്നൊക്കെ അഭിമാനപൂര്‍വ്വം പറയുന്നത് സത്യത്തില്‍ കേരളത്തിനു മാത്രമല്ല, ആ പാര്‍ട്ടികള്‍ക്കും എത്രയോ അപമാനകരമാണ്. പതിറ്റാണ്ടുകളായി കഴിവുള്ളവരാരും ഈ പാര്‍ട്ടികളില്‍ ഉയര്‍ന്നു വരുന്നില്ലേ? രാഷ്ട്രീയമെന്താ കുറെ പേര്‍ക്ക് കുലത്തൊഴിലാണോ? ഇതും രാജഭരണവും തമ്മില്‍ കാര്യമായ അന്തരമുണ്ടോ? ജനാധിപത്യത്തിന്റെ അന്തസത്തയാണിവിടെ തകരുന്നത്. 12 തവണയൊക്കെ ഒരാള്‍ ബജറ്റവതരിപ്പി്്ച്ചാല്‍ അഴിമതിക്കാരനാകാതിരിക്കുമോ? മറ്റെല്ലാ മേഖലകളിലും പ്രായാധിക്യം തടസ്സമാകുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട രാഷ്ടീയത്തിന് തടസ്സമല്ലേ?
രാഷ്ട്രീയം തൊഴിലാകുന്നിടത്തുനിന്നാണ് സത്യത്തില്‍ പ്രശ്‌നങ്ങളുടെ ഉത്ഭവം. കുറച്ചുപേരെ സമൂഹത്തെ നയിക്കാനുള്ള മുഴുവന്‍ സമയ പ്രവര്‍ത്തകരാക്കുന്നിടത്താണ് അപകടം. അപ്പോളവര്‍ ആകാശത്തിനു കീഴിലെ എല്ലാ വിഷയങ്ങളുടേയും ആധികാരിക വക്താക്കള്‍ ആകാതിരിക്കുമോ? അവരുടെ ശരീരഭാഷ പോലും നോക്കുക. തങ്ങളെ സംരക്ഷിക്കുവാന്‍ സമൂഹം ബാധ്യസ്ഥമാണെന്നാണല്ലോ അവരുടെ ധാരണ. അതുവഴി ബഹുഭൂരിപക്ഷവും രാഷ്ട്രീയക്കാരല്ലാതാകുന്നു. രാഷ്ട്രീയത്തെ പറ്റി പറയാനുള്ള അവകാശം നേതാക്കള്‍ക്കു കൊടുത്ത് വ്യത്യസ്ഥ അഭിപ്രായം പറയുന്നവരെയൊക്കെ ശത്രുക്കളാക്കി വ്യാഖ്യാനിക്കുന്നു. മുഴുവന്‍ സമയക്കാര്‍ അഴിമതിക്കാരാകാതിരിക്കുന്നതെങ്ങിനെ?
രാഷ്ട്രീയം കുറച്ചുപേരുടെ തൊഴിലാകാതിരിക്കുകയും എല്ലാവരും രാഷ്ട്രീയക്കാരാകുകയുമാണ് വേണ്ടത്. ജീവിക്കാന്‍ എല്ലാവരും വേറെ തൊഴില്‍ ചെയ്യണം. വിപ്ലവഘട്ടതിലാണ് മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ അനിവാര്യമെന്ന് ലെനിന്‍ പറഞ്ഞത്. വിപ്ലവത്തിന്റെ ദത്തുപുത്രന്മാര്‍ എന്ന സങ്കല്‍പ്പമൊക്കെ അങ്ങനെയാണ് വന്നത്. ഇത് ജനാധിപത്യമാണ്. എല്ലാ ജനങ്ങളേയും അധാകാരവ്യവസ്ഥയില്‍ പങ്കാളികളാക്കുകയാണ് വേണ്ടത്. അതിനാല്‍ തന്നെ പാര്‍ട്ടികള്‍ക്കകത്തും അതുപോലെ അധികാര കേന്ദ്രങ്ങളിലും ജനപ്രതിനിധികളായും ഒരാള്‍ക്ക് ഒറ്റത്തവണ എന്ന് പരിമിതപ്പെടുത്തണം. അതിനുശേഷം പുതിയ ആളുകള്‍ക്കായി അവരൊഴിഞ്ഞുകൊടുക്കണം. അവയെല്ലാം സുതാര്യമാകണം. വിവരാവകാശത്തിനു കീഴിലാകണം. ഇത്തരമൊരു മാറ്റത്തെ കുറിച്ചാണ് ഇനി നാം ചിന്തിക്കേണ്ടത്. അപ്പോള്‍ രാഷ്ട്രീയം ബ്ലാക് ആന്റ് വൈറ്റില്‍ നിന്ന് വിബ്ജിയോര്‍ ആയി മാറും.
ഇതാകട്ടെ കേവലം വ്യക്തികളുടെ പ്രശ്‌നവുമല്ല. കേരള ചരിത്രത്തില്‍ എത്രയോ മാറ്റങ്ങള്‍ക്കു കാരണമായ പ്രസ്ഥാനങ്ങളെപോലും ബ്ലാക് ആന്റ് വൈറ്റ് രാഷ്ട്രീയത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നു. എല്ലാവര്‍ക്കുമതില്‍ പങ്കുണ്ടെങ്കിലും ഇവിടത്തെ പ്രത്യേക സാഹചര്യത്തില്‍ ഇടതുപക്ഷം തന്നെ മുന്നില്‍. ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണങ്ങള്‍ തന്നെ നോക്കുക. നാരായണഗുരുവിനേയും അയ്യങ്കാളിയേയും മാത്രമല്ല മന്നത്ത പത്മനാഭനെപോലും തങ്ങളുടെതാക്കാന്‍ പാര്‍ട്ടി ശ്രമിക്കുകയുണ്ടായി. ഇവര്‍ മൂന്നുപേരും കമ്യൂണിസ്റ്റ് ആശയങ്ങള്‍ അംഗീകരിക്കാത്തവരാണ്. അംബേദ്കറെപോലെ അയ്യങ്കാളിയെ കമ്യൂണിസ്റ്റുകാര്‍ എന്നും അവഗണിച്ചിട്ടേയുള്ളു. മന്നത്തു പത്മനാഭനാകട്ടെ വിമോചനസമരത്തിനു നേതൃത്വം കൊടുത്ത വ്യക്തിയാണ്. ഗുരുവിനെ തങ്ങളുടേതാക്കാന്‍ മുമ്പും പാര്‍്ട്ടി ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച വിപ്ലവങ്ങള്‍ തങ്ങളുടെ അക്കൗണ്ടിലാക്കാനാണ് പാര്‍ട്ടി ശ്രമം. അടുത്ത കാലത്ത് കേരളത്തിലുണ്ടായ ആദിവാസി – ദളിത് പോരാട്ടങ്ങളേയും ധൃതരാഷ്ട്രാലിംഗനം ചെയ്യാനുള്ള ശ്രമവും ശക്തമാണ്. എകെഎസും പികെഎസുമൊക്കെ ഉണ്ടാകുന്നത് അങ്ങനെയാണല്ലോ.
വൈവിധ്യമാര്‍ന്ന ചിന്തകളും പ്രസ്ഥനങ്ങളും ഉയര്‍ന്നു വരുന്നതിനെ ജനാധിപത്യപരമായി അംഗീകരിക്കുകയും ആശയസമരം നടത്തുകയും ചെയ്യുന്നതിനുപകരമാണ് എല്ലാറ്റിനേയും തങ്ങളുടെ എക്കൗണ്ടിലാക്കാന്‍ കേരളത്തിലെ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം ശരി, തെറ്റ് എന്ന ഒബ്ജക്ടീവ് ടൈപ്പിലേക്ക് മാറുന്നതും വ്യത്യസ്ഥ ഉത്തരങ്ങളുള്ളവര്‍ ചാരന്മാരായി മാറുന്നതും അതിന്റെ തുടര്‍ച്ചതന്നെ. ഈ ഫാസിസ്റ്റ് പ്രവണതക്ക് അറുതി വരുത്താതെ കേരളരാഷ്ട്രീയം മുന്നോട്ടുപോകുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in