ഇത് വിനാശമാണ്,വികസനമല്ല… പയ്യന്നൂര്‍ ഒരുങ്ങിക്കഴിഞ്ഞു
ഹരി ആശ ചക്കരക്കല്‍ വലിയൊരു പാരിസ്ഥിതിക സമരത്തിന് അണിയറ ഒരുങ്ങിക്കഴിഞ്ഞു . നാളത്തെ തലമുറക്കായി ഈ മണ്ണിനെ കാത്തു രക്ഷിക്കാന്‍ , കണ്ണൂരിന്റെ സ്‌നേഹമനസ്സ് ഒറ്റക്കെട്ടായി , കൈമെയ് മറന്നു പോരാടാന്‍ തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളെ സത്യം അറിയിക്കാതെ , പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്ത പുഞ്ചക്കാട് എന്ന സ്ഥലത്ത് , നെല്‍വയലും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും നശിപ്പിച്ചുകൊണ്ട് മുപ്പത്തിഒമ്പത് കോടി ലിറ്റര്‍ സംഭരണശേഷി ഉള്ള ഒരു എണ്ണ സംഭരണ ശാല വരാന്‍ പോകുന്നു .. ‘നിങ്ങള്‍ക്ക് വണ്ടി ഓടിക്കണ്ടേ […]
വലിയൊരു പാരിസ്ഥിതിക സമരത്തിന് അണിയറ ഒരുങ്ങിക്കഴിഞ്ഞു . നാളത്തെ തലമുറക്കായി ഈ മണ്ണിനെ കാത്തു രക്ഷിക്കാന്‍ , കണ്ണൂരിന്റെ സ്‌നേഹമനസ്സ് ഒറ്റക്കെട്ടായി , കൈമെയ് മറന്നു പോരാടാന്‍ തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളെ സത്യം അറിയിക്കാതെ , പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്ത പുഞ്ചക്കാട് എന്ന സ്ഥലത്ത് , നെല്‍വയലും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും നശിപ്പിച്ചുകൊണ്ട് മുപ്പത്തിഒമ്പത് കോടി ലിറ്റര്‍ സംഭരണശേഷി ഉള്ള ഒരു എണ്ണ സംഭരണ ശാല വരാന്‍ പോകുന്നു .. ‘നിങ്ങള്‍ക്ക് വണ്ടി ഓടിക്കണ്ടേ ,അതിനു പെട്രോള്‍ വേണ്ടേ ‘എന്ന ചോദ്യത്താല്‍ പദ്ധതിയെ എതിര്‍ക്കുന്നവരെ നിശബ്ടരാക്കിക്കൊണ്ട് നടപ്പിലാക്കാന്‍ ഒരുങ്ങുന്ന ഒരു വന്‍ വിനാശപദ്ധതി ആണ്. ഇത് കേവലം പുഞ്ചക്കാട് എന്ന ഒരുള്‍നാടിനെ മാത്രം ബാധിക്കുന്ന , അവിടത്തെ കുറച്ചു വീട്ടുകരെ മാത്രം ബാധിക്കുന്ന അല്ലെങ്കില്‍ ദിവസവും നൂറോളം ടാങ്കര്‍ ലോറികള്‍ വരാനും പോകാനുമായി നിര്‍മ്മിക്കുന്ന വീതിയേറിയ റോഡുകള്‍ മൂലം പിന്നെയും ടിയൊഴിപ്പിക്കപ്പെടുന്ന കണ്ടങ്കാളിയിലെ കുറേ വീട്ടുകാരെ മാത്രം ബാധിക്കുന്ന , അല്ലെങ്കില്‍ പദ്ധതിയ്ക്ക് 500 മീറ്റര്‍ പരിധിക്കുള്ളില്‍ നിന്നും പിന്നെയും കുടിയൊഴിപ്പിക്കപ്പെടുന്ന കുറേക്കൂടി ആള്‍ക്കാരുടെ …. ഇവരുടെയൊക്കെമാത്രം പ്രശ്‌നം മാത്രമല്ല ഇത് .
പുഞ്ചക്കാട്ടെ പതിനാല് വീടുകളില്‍ പത്തുപേരും പണം വാങ്ങി നഗരങ്ങളില്‍ ചേക്കേറാന്‍ ആഗ്രഹിച്ചാലും അവിടെ നിന്നും അവര്‍ കുടിയൊഴിയേണ്ടി വരില്ല എന്ന കള്ളം പറഞ്ഞു കൊണ്ട് , 500 മീറ്റര്‍ പരിധിയില്‍ മനുഷ്യവാസം അസാധ്യം ആണ് എന്നിരിക്കെ , അത്യപകടം നിറഞ്ഞ ഒരു പദ്ധതി കൊണ്ടുവരാന്‍ കള്ളങ്ങളെ അടിസ്ഥാനശില ആക്കിക്കൊണ്ട് , നിരവധി നിഗൂഢതകള്‍ ഉള്ള ഒരു പദ്ധതി കൊണ്ടുവരാന്‍ ആണ് തീരുമാനം എടുത്തിരിക്കുന്നത് .. ഒരു ജനാധിപത്യ സമ്പ്രദായത്തില്‍ നടക്കേണ്ട ക്രമങ്ങള്‍ ഒന്നും ഇല്ലാതെ കാര്യം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്ര വലിയ പദ്ധതി കൊണ്ട് വരുമ്പോള്‍ നടത്തേണ്ട EIA പഠനം വരെ നടത്തിയിട്ടില്ല . അഥവാ ആരെക്കൊണ്ടെങ്കിലും പേരിനു അങ്ങനെ നടത്തിയിട്ടുണ്ടെങ്കില്‍ ആരാണ് നടത്തിയത് എന്നും എന്താണവര്‍ നടത്തിയത് എന്നും അറിയാനുള്ള അവകാശം നാട്ടിലെ ജനങ്ങള്‍ക്ക് ഉണ്ട് .
എന്താണ് നിര്‍ദ്ദിഷ്ട എണ്ണ സംഭരണ പദ്ധതി പുഞ്ചക്കാടില്‍ സ്ഥാപിച്ചാല്‍ സംഭവിക്കുക എന്ന് പഠിച്ചവര്‍ പറയും , ഒരിക്കലും അങ്ങനെ ഒരുകാര്യം അവിടെ അരുത് എന്ന് …. കാരണം അത് അത്രമാത്രം പരിസ്ഥിതി ദുര്‍ബല മേഖല ആണ് . കണ്ടല്‍ക്കാടുകളും വെള്ളം കെട്ടിനില്‍ക്കുന്ന നെല്‍വയലുകളും ആണ് അവിടെ ഉള്ളത്. വരണ്ട തരിശു നിലങ്ങള്‍ എന്ന കള്ളം പറഞ്ഞാണ് ഈ സ്ഥലം ഏറ്റെടുക്കാന്‍ പ്ലാനിട്ടിരിക്കുന്നത് . ഇപ്പോഴും 90 % സ്ഥലത്തും ഒന്നാംതരം നെല്‍ കൃഷി ഉണ്ടവിടെ . പദ്ധതി വേണം എന്ന് പറയുന്ന ആളുകള്‍ അവ്ടം സന്ദര്‍ശിക്കുക . അതിനു ശേഷം അഭിപ്രായം പറയുക . തരിശു നിലങ്ങള്‍ ഏറ്റെടുത്ത് നെല്‍കൃഷി നടത്താന്‍ അത്യുല്‍സാഹവും ഒപ്പം നാടന്‍ വിത്തുകള്‍ വരെ സംരക്ഷിച്ചു എല്ലാവര്ക്കും ലഭ്യമാക്കണമെന്ന ആഗ്രഹവും ഒക്കെ ഉള്ള നമ്മുടെ ബഹുമാന്യനായ കൃഷി വകുപ്പു മന്ത്രി ആദ്യം ഈ സ്ഥലം സന്ദര്‍ശിക്കുക . എന്നിട്ടും കഞ്ഞിയില്‍ മണ്ണിട്ട് കൊണ്ട് ആ പദ്ധതി നടത്തിക്കോട്ടെ എന്നാണദ്ദേഹം തീരുമാനിക്കുന്നതെങ്കില്‍ അദ്ദേഹം ചെയ്യുന്നതത്രയും വെറും പ്രഹസനങ്ങള്‍ മാത്രം എന്ന് പറയേണ്ടിവരും . ഹരിത കേരളത്തിന്‌കൊടി പിടിക്കുന്ന നമ്മുടെ ബഹു മുഖ്യമന്ത്രി ,ധനമന്ത്രി തുടങ്ങിയവരും ആ സ്ഥലം സന്ദര്‍ശിക്കുക … ചോറ് തിന്നുന്ന ആള്‍ ആണെങ്കില്‍ ആരും പിന്നെ, ആ സ്ഥലം നശിപ്പിക്കാന്‍ മുതിരില്ല .
ഇത്രയും വയലുകള്‍ നികത്താന്‍ ആവശ്യമായ കുന്നുകള്‍ …. രണ്ടു മീറ്ററോളം മണ്ണിട്ട് നികത്തി വേണം അവിടെ പദ്ധതി വരാന്‍ . ഇടിച്ചു തീര്‍ ത്ത കുന്നുകള്‍ തന്നെ കണ്ണൂരില്‍ കുടിവെള്ള ദൌര്‍ലഭ്യത ഉണ്ടാക്കിക്കഴിഞ്ഞു എന്നിരിക്കെ ,ഇനി അവശേഷിച്ചവ കൂടി മുടിച്ചുകൊണ്ട് കേരളത്തെ ഒരു മരുഭൂമി ആക്കിക്കൊണ്ട് വേണോ പെട്രോള്‍ സംഭരണം ? പയ്യന്നുരിലും പരിസര ഗ്രാമങ്ങളിലും കുടിവെള്ളം എത്തിക്കുന്ന വലിയ ഒരു ജലസംഭരണി ആണ് ഈ പ്രദേശം . അത് നികത്തിയാല്‍ വളരെ ദൂരവ്യാപകമായ ഫലങ്ങള്‍ ആണ് ഉണ്ടാവുക . ജലസംഭരണി നശിപ്പിച്ചാണോ എണ്ണ സംഭരിക്കേണ്ടത് .?. പെട്രോള്‍ കുടിച്ചു ദാഹം തീര്‍്ക്കാന്‍ പറ്റുമോ ? ഒപ്പം വെള്ളം ഒഴിഞ്ഞു പോകാതെ ചുറ്റിനും ഉള്ള പല സ്ഥലങ്ങളും വെള്ളം കയറി നശിക്കും . 350 ല്‍ അധികം ഏക്കര്‍ വിസ്തൃതമായ ഒരു വയലില്‍ ,130 ഏക്കറോളം എടുത്ത് ,ഇങ്ങനെ നികത്തിയാല്‍ ബാക്കി സ്ഥലം കൃഷിക്ക് അനുയോജ്യം അല്ലാതായി മാറും . മണ്ണിന്റെ ഘടന അപ്പാടെ മാറിയും വെള്ളം കയറിയും ഒപ്പം എണ്ണപ്പാട കയറിയും ഭക്ഷ്യസുരക്ഷയ്ക്ക് അത്യാവശ്യമായ വയല്‍ പൂര്‍ണ്ണമയും നശിക്കും .
മറ്റൊരു കാര്യം കൂടിയുണ്ട് പറയാന്‍. പദ്ധതിയുടെ കാര്യം എങ്ങനെയോ മണത്തറിഞ്ഞ ഭൂമാഫിയകള്‍ സ്ഥലം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്.
ജില്ലയ്ക്ക് പുറത്തു നിന്നും വരെ പലരും അഡ്വാന്‍സ് കൊടുത്ത് ഏക്കര്‍ കണക്കിന് ഭൂമി രജിസ്‌ട്രെഷനുവേണ്ടി കാത്തു നില്‍ക്കുന്നുണ്ട് . സെന്റിന് രണ്ടായിരം പോലും കിട്ടാതിരുന്ന സ്ഥലം നാല്‍പ്പത്തിനാലായിരം ഒക്കെ കൊടുത്താണ് വാങ്ങാന്‍ തയ്യാറാവുന്നത് . പദ്ധതി വന്നാല്‍ അതിലും എത്രയോ ഇരട്ടി ലാഭം ഉണ്ടാകും എന്നതിനാല്‍ ആണ് അവര്‍ അതിനു മുതിരുന്നത് .
ഇവിടെയുള്ള കണ്ടല്‍ക്കാടുകള്‍ മതില്‍ കെട്ടി സംരക്ഷിക്കുമത്രേ.!!! കണ്ടല്‍ എന്നാല്‍ കേവലം കുറച്ചു സസ്യങ്ങള്‍ എന്നാണ് അവരുടെ പാരിസ്ഥിതിക അവബോധം . വേലിയേറ്റ വേലിയിറക്കങ്ങള്‍ ഇല്ലാത്തിടത്ത് കണ്ടല്‍ അവശേഷിക്കില്ല. മാത്രമല്ല അവിടേയ്ക്ക് ഏതുവഴിയാണ് പ്രജനനം നടത്താന്‍ ചെമ്മീനും ഞണ്ടുകളും മറ്റു ജീവികളും ഒക്കെ വരിക..? ഒരു വ്യാവസായിക മേഖലയ്ക്കകത്ത് അനേകയിനം പക്ഷികള്‍ക്കും മറ്റ് ജീവികള്‍ക്കും ജീവിക്കാന്‍ സാധിക്കുമോ ? ദിവസവും നൂറോളം ടാങ്കറുകള്‍ വരികയും എണ്ണ ഇറക്കുകയും ചെയ്യുമ്പോള്‍ വെള്ളത്തില്‍ എണ്ണ കലരാതിരിക്കില്ല, മാത്രമല്ല വായു, മണ്ണ് ഇവയും ഇത് മലിനമാക്കും . അതിനു എണ്ണ ചോരേണ്ട അവശ്യം പോലും വരികയില്ല
ഇവിടെയാണ് നമ്മള്‍ ശരിക്കും തിരിച്ചറിയേണ്ട മറ്റൊരു അപകടം ഉള്ളത് . രാംസര്‍ സൈറ്റില്‍ ഉള്‍പെടുത്താന്‍ ആവശ്യം ഉന്നയിക്കപെട്ട കവ്വായിക്കായലും അതില്‍ ചേരുന്ന അഞ്ചോളം പുഴകളും ഇങ്ങനെ മലിനമാവുകയും അവയില്‍ നിന്നും ശുദ്ധജലം എടുക്കുന്ന എല്ലാവരെയും അത് ബാധിക്കുകയും ചെയ്യും . കടലാമകള്‍ മുട്ടയിടാന്‍ വരുന്ന തീരങ്ങളില്‍ എണ്ണ പടര്‍ന്നാല്‍ അവ വരാതാകും . മാത്രമല്ല ഇവിടെ ത്ത മത്സ്യ സമ്പത്ത് നശിക്കുകയും ചെയ്യും . ഇത്, ജൈവവൈവിധ്യ നാശം ,ഭക്ഷ്യസുരക്ഷ എന്നിവയെ ബാധിക്കുന്നതിന് ഒപ്പം മത്സ്യ ബന്ധനം ചെയ്തു ജീ വിക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളെയും ബാധിക്കും . വേലിയേറ്റ വേലിയിറക്കങ്ങള്‍ അനുഭവപ്പെടുന്ന ഒരു സ്ഥലം ആണത് , അതായത് തീരദേശനിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലം .. ഒരുതരത്തിലും ഉള്ള നിര്‍മ്മാണങ്ങള്‍ അരുതാത്ത അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശം. ഇവിടെയാണ് യാതൊരു പഠനവും നടത്താതെ ഒരു മാരക പദ്ധതി കൊണ്ടുവരാന്‍ പോകുന്നത് . ഇതിനെ എതിര്‍ത്ത് തോല്‍പ്പിക്കുക എന്നത് നന്മ മനസ്സില്‍ അവശേഷിച്ചിട്ടുള്ള ഓരോ മനുഷ്യന്റെയും ധര്‍മ്മമാണ് . കണ്ണൂര്‍കാര്‍ മാത്രമല്ല, എല്ലാ കേരളിയരും ഇതില്‍ ഭാഗഭാക്കാവുക . ഇത് വിജയിക്കേണ്ട ഒരു സമരമാണ് .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in