അഴിക്കോടന്‍ വധം : ദുരൂഹത തുടരുന്നു

ഇ പി കാര്‍ത്തികേയന്‍ സി.പി.എം. നേതാവ് അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷിത്വത്തിനു നാലര പതിറ്റാണ്ട് തികയുമ്പോഴും യഥാര്‍ഥ കൊലയാളിയെ സംബന്ധിച്ച ദുരൂഹത തുടരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുമായിരുന്നുവെന്നു കരുതുന്ന അഴീക്കോടന്റെ പക്കലുണ്ടായിരുന്ന ബാഗും കണ്ടെത്താനായില്ല. 1972 സെപ്റ്റംബര്‍ 23നാണ് അഴീക്കോടന്‍ രാഘവനെ ഒരു സംഘം കൊലപ്പെടുത്തിയത്. രാത്രി 9.15നാണ് അഴീക്കോടന്‍ തൃശൂര്‍ നഗരത്തിലെ ചെട്ടിയങ്ങാടിയില്‍വച്ച് കൊല്ലപ്പെട്ടത്. കേരളത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ കുറ്റം ആരോപിക്കപ്പെട്ടത് സി.പി.എം. നേതൃത്വത്തിനു തലവേദനയായിരുന്ന കമ്യൂണിസ്റ്റ് യൂണിറ്റി സെന്ററിന്റെ എട്ട് പ്രവര്‍ത്തകരായിരുന്നു. […]

Azhikodanഇ പി കാര്‍ത്തികേയന്‍

സി.പി.എം. നേതാവ് അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷിത്വത്തിനു നാലര പതിറ്റാണ്ട് തികയുമ്പോഴും യഥാര്‍ഥ കൊലയാളിയെ സംബന്ധിച്ച ദുരൂഹത തുടരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുമായിരുന്നുവെന്നു കരുതുന്ന അഴീക്കോടന്റെ പക്കലുണ്ടായിരുന്ന ബാഗും കണ്ടെത്താനായില്ല. 1972 സെപ്റ്റംബര്‍ 23നാണ് അഴീക്കോടന്‍ രാഘവനെ ഒരു സംഘം കൊലപ്പെടുത്തിയത്. രാത്രി 9.15നാണ് അഴീക്കോടന്‍ തൃശൂര്‍ നഗരത്തിലെ ചെട്ടിയങ്ങാടിയില്‍വച്ച് കൊല്ലപ്പെട്ടത്. കേരളത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ കുറ്റം ആരോപിക്കപ്പെട്ടത് സി.പി.എം. നേതൃത്വത്തിനു തലവേദനയായിരുന്ന കമ്യൂണിസ്റ്റ് യൂണിറ്റി സെന്ററിന്റെ എട്ട് പ്രവര്‍ത്തകരായിരുന്നു. അതില്‍ പ്രധാന മുന്‍ എം.എല്‍.എ. കൂടിയായ എ.വി. ആര്യനുമായിരുന്നു. എഫ്.ഐ.ആര്‍. തിരുത്തിയതും സംഭവസമയത്ത് ആര്യന്‍ പാലക്കാട് വടക്കുഞ്ചേരി പോലീസ് കസ്റ്റഡിയിലായതിനാലും അദ്ദേഹത്തെ കോടതി വെറുതെ വിടുകയായിരുന്നു. എട്ടാം പ്രതിയായ ആര്യനു കേസില്‍ ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ തെളിവുകളുടെ അഭാവമുണ്ടായിരുന്നു. എന്നാല്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് ഒന്നരവര്‍ഷവും ആറുമാസവും കഠിനതടവും ഒരുമാസം വെറും തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. എല്ലാവരും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വിധിച്ചു. ഇതില്‍ ആറാം പ്രതിയായ തൃപ്പുണിത്തുറ പമ്പയില്‍ നന്ദകുമാറിന് ജീവപര്യന്തം തടവുശിക്ഷയും ലഭിച്ചു. അഴീക്കോടനെ കുത്തിയത് നന്ദകുമാറാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സി.പി. ദാമോദരന്റെ വിധി. ആറാം പ്രതിയുടെ കൈയില്‍ കഠാരയുള്ളതായി മറ്റു ആറു പ്രതികള്‍ അറിഞ്ഞിരിക്കാനിടയില്ലെന്നും അതുകൊണ്ട് അഴീക്കോടനെ ദേഹോപദ്രവമേല്‍പ്പിക്കണമെന്നല്ലാതെ കൊലപ്പെടുത്തണമെന്ന പൊതുലക്ഷ്യത്തോടെ അവര്‍ സംഘം ചേര്‍ന്നതായി തെളിഞ്ഞിട്ടില്ലെന്നുമാണ് എസ്.സി/8/73 നമ്പര്‍ കേസില്‍ കോടതി കണ്ടെത്തിയത്.
സെപ്റ്റംബര്‍ 23ന് രാത്രി എറണാകുളത്തുനിന്നും കെ.എസ്.ആര്‍.ടി.സി. ബസിലെത്തിയ അഴീക്കോടന്‍ രാഘവന്‍ ലോഡ്ജിലേക്ക് നടന്നുപോകുമ്പോള്‍ ചെട്ടിയങ്ങാടിയില്‍വച്ച് ഏതാനും പേര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്. അക്കാലത്ത് സി.പി.എമ്മില്‍നിന്നും വിട്ടു പുതിയ പ്രസ്ഥാനവുമായി എ.വി. ആര്യനും സംഘവും ശക്തമായി രംഗത്തുണ്ടായിരുന്നു. സി.പി.എമ്മിനു തലവേദനയായിരുന്ന ആര്യനെയും കൂട്ടരെയും ഒതുക്കുന്നതിനാണ് കൊലപാതകക്കേസ് ഉപയോഗപ്പെടുത്തിയതെന്ന് നേരത്തെ തന്നെ ആരോപണുമുണ്ടായിരുന്നു. സാമൂഹികപ്രവര്‍ത്തകനായ വിന്‍സെന്റ് പുത്തൂരിന്റെ ഉടനെ പുറത്തിറങ്ങുന്ന പുസ്തകത്തിലെ അഴീക്കോടന്‍ രാഘവനെ കൊന്നതാര്? എന്ന ലേഖനത്തില്‍ ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അഴീക്കോടന്‍ ആക്രമിക്കപ്പെട്ട ഘട്ടത്തില്‍ മരിച്ചിരുന്നില്ല. മണിക്കൂറുകളോളം കിടന്ന് ചോര വാര്‍ന്നാണ് മരണമുണ്ടായത്, സംഭവം അറിയിച്ചപ്പോള്‍ സ്ഥലത്തെത്തിയ അന്നത്തെ എസ്.പിയോ പോലീസോ പാര്‍ട്ടിപ്രവര്‍ത്തകരോ അപകടം പറ്റി കിടന്നയാളെ ഉടനെ ആശുപത്രിയിലെത്തിച്ചില്ല തുടങ്ങിയ കാര്യങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണത്തിനു നിദാനമായി പറഞ്ഞിരുന്നത്. മാത്രമല്ല, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വലതു ചെവിയുടെ ഭാഗത്ത് കഠാര കൊണ്ടുള്ള കുത്തേറ്റിട്ടുണ്ട് എന്നു വ്യക്തമാക്കിയിരുന്നു. പ്രഫഷണല്‍ കൊലയാളിക്കല്ലാതെ ഈവിധം കുത്തിമുറിവേല്‍പ്പിക്കാനാവില്ലെന്നാണ് സംശയം ഉയര്‍ന്നിരുന്നത്. മാത്രമല്ല, വധശിക്ഷ വരെ ലഭിക്കുമായിരുന്ന പ്രമാദമായ കേസില്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ തുടര്‍നടപടികളുണ്ടായില്ല എന്നതും സംശയാസ്പദമാണ്. ആര്യനോടുള്ള രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ നിരപരാധികള്‍ പ്രതി ചേര്‍ക്കപ്പെടുകയായിരുന്നുവെന്നാണ് പലരും കരുതുന്നത്. അതിനു പോലീസിന്റെ ഭാഗത്തുനിന്നും ചില സഹായവും ഉണ്ടായിരുന്നതായും സംശയമുണ്ടായിരുന്നു.
ഇതിനു പുറമേ കേരളരാഷ്ട്രീയത്തില്‍ നിര്‍ണായകമാകുമായിരുന്ന തട്ടില്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട രേഖയടങ്ങുന്ന അഴീക്കോടന്റെ പക്കലുണ്ടായിരുന്ന ബാഗ് ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. മണ്ണുത്തിയിലെ തട്ടില്‍ എസ്റ്റേറ്റ് കാര്‍ഷികസര്‍വകലാശാലയ്ക്കുവേണ്ടി അക്വയര്‍ ചെയ്ത വിഷയത്തില്‍ ഉണ്ടായ അഴിമതി ആരോപണത്തിന്റെ തെളിവായ രേഖയാണ് ബാഗിലുണ്ടായിരുന്നതെന്നു പറയുന്നു. സ്ഥലം അക്വയര്‍ ചെയ്തതിനു പാരിതോഷികമായി 15,000 രൂപ അന്നത്തെ ഡി.സി.സി. പ്രസിഡന്റിനു നല്‍കണമെന്നുള്ള കരുണാകരന്റെ പി.എയുടെ കത്തിന്റെ ഫോട്ടോസ്റ്റാറ്റ് നവാബ് രാജേന്ദ്രന്റെ നവാബ് പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. കത്തിന്റെ ഒറിജിനല്‍ സംഘടനാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.വി.കെ. പണിക്കര്‍ക്ക് നല്‍കിയതായി നവാബ് പറഞ്ഞിരുന്നു. താനത് അഴീക്കോടന്‍ രാഘവന് നല്‍കിയെന്നു പണിക്കരും പറഞ്ഞു. ഈ കത്തും കത്തിനാധാരമായ അഴിമതിയും കൂടി ചര്‍ച്ച ചെയ്യുന്നതിനുള്ള ഇടതുമുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് അഴീക്കോടന്‍ തൃശൂരിലെത്തിയത്. 24ന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും പ്രതിപക്ഷം നിയമസഭയില്‍ വിഷയം ഉന്നയിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അത് നടന്നിരുന്നെങ്കില്‍ കരുണാകരന്റെ രാഷ്ട്രീയഭാവി തന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നു. എന്നാല്‍ ആ ബാഗ് അന്വേഷണസംഘത്തിനു കണ്ടെത്താനായില്ല. അഴീക്കോടന്റെ പക്കലുണ്ടായിരുന്ന ബാഗ് കാണാതായതും കൊലപാതകവും തമ്മില്‍ ചില ബന്ധങ്ങളുണ്ടോയെന്ന സംശയവും ഇതോടെ ശക്തമായിരുന്നു. മാത്രമല്ല, പ്രതിപക്ഷ നേതാവായിരുന്ന ഇ.എം.എസ്. അടക്കമുള്ളവര്‍ കൊലയെക്കുറിച്ച് നിയമസഭയ്ക്കത്തും പുറത്തും വന്‍ പ്രക്ഷോഭങ്ങള്‍ക്ക് മുതിര്‍ന്നതുമില്ല. തട്ടില്‍ എസ്റ്റേറ്റ് കേസിന്റെ കാര്യത്തിലും ഇടതുപക്ഷം തണുപ്പന്‍രീതിയാണ് പുലര്‍ത്തിയതെന്നതും ചില സംശയങ്ങള്‍ ബാക്കിവയ്ക്കുന്നുണ്ട്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply