അലോപ്പതി മികവുറ്റ ശാസ്ത്രം തന്നെ – പക്ഷെ

വി പി റജീന ആധുനിക വൈദ്യശാസ്ത്രം ലോകത്തിന് സംഭാവന ചെയ്ത നേട്ടങ്ങളുടെ പ്രഭ കെടുത്തിക്കളയുന്ന തരത്തില്‍ മരുന്നു കമ്പനികളുടെ പരീക്ഷണങ്ങളും വ്യാപാരകൊള്ളയും അടക്കമുള്ള അധാര്‍മിക പ്രവണതകള്‍ക്കും ഇവയെ ഒക്കെ ന്യായീകരിക്കുന്ന മെഡിക്കല്‍ ഫാഷിസത്തിനുമെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രതിഷേധവും ഇടപെടലും ശക്തിപ്പെട്ടുവരികയാണ്. (ഒരു ജേക്കബ് വടക്കുംചേരിയോ മോഹനന്‍ വൈദ്യരോ അല്ല) ഈ സയമത്താണ് കേരളം എന്ന, പല കാര്യങ്ങളാലും ലോക ഭൂപടത്തില്‍ തന്നെ പ്രത്യേകമായി അടയാളപ്പെടാന്‍ അര്‍ഹതയുള്ള ഒരു സാക്ഷരദേശം ഈ ജാഗ്രതയോട് […]

mmmവി പി റജീന

ആധുനിക വൈദ്യശാസ്ത്രം ലോകത്തിന് സംഭാവന ചെയ്ത നേട്ടങ്ങളുടെ പ്രഭ കെടുത്തിക്കളയുന്ന തരത്തില്‍ മരുന്നു കമ്പനികളുടെ പരീക്ഷണങ്ങളും വ്യാപാരകൊള്ളയും അടക്കമുള്ള അധാര്‍മിക പ്രവണതകള്‍ക്കും ഇവയെ ഒക്കെ ന്യായീകരിക്കുന്ന മെഡിക്കല്‍ ഫാഷിസത്തിനുമെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രതിഷേധവും ഇടപെടലും ശക്തിപ്പെട്ടുവരികയാണ്. (ഒരു ജേക്കബ് വടക്കുംചേരിയോ മോഹനന്‍ വൈദ്യരോ അല്ല) ഈ സയമത്താണ് കേരളം എന്ന, പല കാര്യങ്ങളാലും ലോക ഭൂപടത്തില്‍ തന്നെ പ്രത്യേകമായി അടയാളപ്പെടാന്‍ അര്‍ഹതയുള്ള ഒരു സാക്ഷരദേശം ഈ ജാഗ്രതയോട് മുഖം തിരിച്ചു നില്‍ക്കുന്നതെന്ന് ഇനിയും പറയാതെ വയ്യ.
അലോപ്പതി മികവുറ്റ ശാസ്ത്രം തന്നെയാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. അത് മാനവരാശിയുടെ ആരോഗ്യത്തില്‍ ഉണ്ടാക്കിയ ഭൂതകാല സ്വാധീനത്തെ ആര്‍ക്കും നിഷേധിക്കാനുമാവില്ല. പക്ഷെ, മാനവരാശിയുടെ ആയുരാരോഗ്യ സൗഖ്യം മുഖ്യ അജണ്ടയായ ആ ശാസ്ത്രത്തി?ലൂന്നിയ ചികില്‍സാപരിസരവും അതിന്റെ നല്‌ളൊരു ശതമാനം വക്താക്കളും ഇന്ന് മരുന്നു കമ്പനികള്‍ വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്ന ലാഭ സാമ്രാജ്യത്തിന്റെ വലയത്തിലേക്ക് അറിഞ്ഞും അറിയാതെയും വിധേയപ്പെട്ടുകൊണ്ടിരിക്കുന്ന ഭയജനകമായ കാഴ്ച നിഷേധിക്കാനാവുമോ? ഇത് ആരെങ്കിലും പ്രചരിപ്പിക്കാതെ തന്നെ നമ്മുടെ നിത്യേനയെന്നോണമുള്ള അനുഭവ പരിസരങ്ങളില്‍ പച്ചയായി തുറന്നുവെക്കപ്പെടുന്ന യാഥാര്‍ഥ്യമാണ്.
രോഗശാന്തിയും ശമനവും നല്‍കുന്നതോടൊപ്പം രോഗങ്ങള്‍ സമ്മാനിക്കുന്നവ കൂടിയായി നമ്മുടെ ആതുരാലയങ്ങള്‍ മാറാന്‍ തുടങ്ങിയത് എപ്പോള്‍ മുതലാണെന്ന് ചിന്തിച്ചു നോക്കുക. (വൈദ്യശാസ്ത്ര നൈതികത മുറുകെ പിടിച്ച് സ്വജീവിതം പോലും ആസ്വദിക്കാനാവാതെ രോഗികള്‍ക്കിടയില്‍ മാത്രം ജീവിച്ച് എത്രയോ മഹത്തുക്കളായ ഭിഷഗ്വരന്‍മാര്‍ നടന്നുമറഞ്ഞിരിക്കുന്നു. അവരെയോ അവരുടെ എണ്ണംപറഞ്ഞ ബാക്കി പരമ്പരളെയോ വിസ്മരിക്കുന്നില്ല. മറിച്ച് അങ്ങേയറ്റം ആദരവര്‍ഹിക്കുന്നവരാണ് അവരൊക്കെയും.)
ലോകത്ത് ഏറ്റവും അധികം ആളുകള്‍ ആശ്രയിക്കുന്നതും വിശ്വാസമര്‍പിച്ചിരിക്കുന്നതുമായ ഒരു ചികില്‍സാ രീതിയെന്ന നിലയില്‍ ആധുനിക വൈദ്യ ശാസ്ത്ര മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിലോമ പ്രവണതകളുടെ നേരിയ അംശം പോലും മറ്റേത് ചികില്‍സാ രീതിയും ഏല്‍പിക്കുന്നതിനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ആയിരിക്കും മാനവരാശിക്ക് സമ്മാനിക്കുക.
മുതലാളിത്ത ലാഭ വ്യവസ്ഥയിലെ ഏറ്റവും വില്‍പന സാധ്യതയുളള പ്രൊഡക്റ്റുകളായി മരുന്നുകളും ആശുപത്രികളും കടന്നുവരുന്നതോടെയാണ് ആതുരായലങ്ങളുടെ മാനവിക മുഖങ്ങള്‍ക്കുമേല്‍ പുഴുക്കുത്തുകള്‍ വീണു തുടങ്ങിയത്. എന്നാല്‍, ഇക്കാര്യങ്ങളില്‍ അടക്കം ക്രിയാത്മകമായ വിമര്‍ശനവും ചൂണ്ടിക്കാട്ടലും നടത്തുന്നവരെ പോലും ഒട്ടും ജനാധിപത്യപരമല്ലാത്ത രീതിയില്‍ ആക്രമിക്കുന്ന തരം പ്രവണതകള്‍ നമ്മുടെ ആരോഗ്യ സംവാദ മേഖലക്ക് കടുത്ത ഭീഷണിയായി മാറുമെന്നതില്‍ സംശയമില്ല.
വ്യാജന്‍മാര്‍ ഏതുമേഖലയില്‍ ആയാലും തുറന്നുകാണിക്കപ്പെടുക തന്നെവേണം. ചികില്‍സ വ്യാജമാണെന്ന് ബോധ്യപ്പെട്ടാല്‍ അവയെ എത്രയും വേഗം പൂട്ടിക്കെട്ടുകയും വേണം. എന്നാല്‍, വളരെ ജനാധിപത്യ രീതിയില്‍ സംവദിക്കുന്ന ആരോഗ്യാവകാശ- മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും മേല്‍പറഞ്ഞ വിഷയങ്ങളില്‍ മിണ്ടാന്‍ പാടില്ലെന്നായിരിക്കുന്നു.
ഏതു മേഖലയിലും അതിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ അതിനകത്തുനിന്നുതന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നത്. മതത്തില്‍, രാഷ്ട്രീയത്തില്‍, ജുഡീഷ്യറിയില്‍, വിദ്യാഭ്യാസ- മാധ്യമ മേഖലയില്‍ എന്നുവേണ്ട സകലതിലും അകംപുറം വിമര്‍ശനത്തിന്റെയും അതില്‍ നിന്നുള്ള തിരുത്തലുകളുടെയും സാധ്യതകള്‍ ഏറി വരുന്ന കാലമാണിത്?. അതിന്റെയൊക്കെ പിന്നിലുള്ള രാഷ്ട്രീയം ഈ സ്ഥാപനങ്ങളുടെ പ്രാധാന്യം കുറച്ചു കാണണമെന്നോ ഇവയൊക്കെ തന്നെ ഇല്ലാതാക്കണമെന്നോ അല്ലല്ലോ? അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് ആധുനിക വൈദ്യ ശാസ്ത്ര ചികില്‍സാ മേഖലയില്‍ ദൃശ്യമാവുന്ന പ്രതിലോമത പ്രവണതകളെ മാത്രം അതില്‍ നിന്നൊഴിവാക്കണം എന്ന യുക്തി കടന്നുവരുന്നത്? അത് സത്യത്തില്‍ ആരുടെ അജണ്ടയാണ്? ഒരു കാര്യം കേട്ടാല്‍ അതിന്റെ പല വശങ്ങളും ഇഴകീറി പരിശോധിച്ച് ജാഗ്രതയോടെ പ്രതികരിക്കുന്നവര്‍ പോലും ഇക്കാര്യത്തില്‍ കാണിക്കുന്ന അലംഭാവം ഭാവിയില്‍ ഉണ്ടാക്കാന്‍ പോവുന്ന ദുരന്തം അത്ര ചെറുതായിരിക്കില്ല. ഒരര്‍ഥത്തില്‍ ഇപ്പോള്‍ തന്നെ അതിന്റെ പ്രതിഫലനങ്ങള്‍ നമ്മുടെ ആരോഗ്യരംഗത്ത് ദൃശ്യമായിക്കൊണ്ടിരിക്കന്നു.
‘ശാസ്ത്ര വിരുദ്ധത’ എന്നും ‘അന്ധവിശ്വാസത്തിന്റെ വക്താക്കള്‍’ എന്നുമൊക്കെ കാരണങ്ങള്‍ പറഞ്ഞ് ഇക്കാര്യങ്ങളിലുള്ള സാധാരണ മനുഷ്യരുടെ കടുത്ത ആശങ്കകളെയും അനുഭവങ്ങളെയും ഒക്കെ പരിഹാസത്തിന്റെയും കടന്നാക്രമണത്തിന്റെയും കുടക്കീഴിലേക്ക് കൊണ്ടുവരാതെ മാനവരാശിക്കു തന്നെ ഭീഷണിയുയര്‍ത്തുന്ന ലക്കുകെട്ട മരുന്നുകൊള്ളക്കും പരീക്ഷണങ്ങള്‍ക്കും ആശുപത്രി ചൂഷണങ്ങള്‍ക്കുമെതിരെ ആധുനിക വൈദ്യശാസ്ത്ര മേഖലക്കകത്തു നിന്നു തന്നെ ശബ്ദവും ഇടപെടലും ഉയര്‍ന്നു വരാത്തിടത്തോളം കാലം വ്യാജന്‍മാരുടെയും നിര്‍വ്യാജന്‍മാരുടെയും മാത്രം തൊണ്ടക്കുപിടിച്ച് ആരോഗ്യമേഖലയെ ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply